Image

സോണിയയെ സ്വകാര്യ മുറിയിലേക്ക്‌ മാറ്റി; ആരോഗ്യനില തൃപ്‌തികരം

Published on 07 August, 2011
സോണിയയെ സ്വകാര്യ മുറിയിലേക്ക്‌ മാറ്റി; ആരോഗ്യനില തൃപ്‌തികരം

ന്യൂഡല്‍ഹി: ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിലെ സ്വകാര്യ മുറിയിലേക്കു മാറ്റി.ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്ററിംഗ്‌ കാന്‍സര്‍ സെന്ററില്‍ ഉദര ശസ്‌ത്രക്രിയയ്‌ക്കു ശേഷം സോണിയ സുഖംപ്രാപിച്ചുവരുന്നതായി ഡോക്‌ടര്‍മാരുടെ സംഘം വിലയിരുത്തി.

ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്ററിംഗ്‌ കാന്‍സര്‍ സെന്ററില്‍ രണ്‌ടാഴ്‌ചത്തെ തുടര്‍ചികിത്സയ്‌ക്കുശേഷം മിക്കവാറും ഈ മാസംതന്നെ സോണിയയ്‌ക്കു ഡല്‍ഹിയില്‍ മടങ്ങിയെത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പറഞ്ഞു. ഒരു മാസത്തോളം വിശ്രമം വേണ്‌ടിവരും. ഒക്‌ടോബറോടെ സോണിയയ്‌ക്കു പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ ഇപ്പോഴത്തെ സൂചന.

കാന്‍സര്‍ രോഗവിദഗധന്‍ ഡോ. ദത്താത്രേയ നോറിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ സോണിയയെ ചികിത്സിക്കുന്നത്‌. രോഗം ഭേദമായി ഉടന്‍ ആശുപത്രിവിടാനാകുമെന്ന്‌ സംഘം പ്രത്യാശ പ്രകടിപ്പിച്ചു.
മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മരുമകന്‍ റോബര്‍ട്ട്‌ വധേര എന്നിവര്‍ സോണിയയ്‌ക്കൊപ്പമുണ്ട്‌. രാഹുല്‍ രണ്ടുദിവസത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണു സൂചന. സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസിന്റെ ചുമതല രാഹുലിനെ ഏല്‍പ്പിച്ചിട്ടുള്ളതിനാലും പാര്‍ലമെന്റ്‌ സമ്മേളനം നടക്കുന്നതിനാലും അടുത്തയാഴ്‌ച ഇന്ത്യയിലേക്ക്‌ മടങ്ങിയേക്കും.

ഇതിനിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസുകാരും സ്‌ലോവാന്‍ കെറ്ററിംഗില്‍ ഇന്നലെയും എത്തിയെങ്കിലും സോണിയയെയോ കുടുംബാംഗങ്ങളെയോ കാണാനായില്ല. ആശുപത്രി രേഖകളില്‍ പോലും സോണിയ എന്ന പേരില്ല. ഡോ. നോറിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട്‌ അദ്ദേഹം ചികിത്സകാര്യം ശരിവയ്‌ക്കുകയോ നിഷേധിക്കുയോ ചെയ്‌തില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക