Image

ഉരുള്‍പൊട്ടല്‍: നഷ്‌ടപരിഹാരം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി

Published on 07 August, 2012
ഉരുള്‍പൊട്ടല്‍: നഷ്‌ടപരിഹാരം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഇരിട്ടി പുല്ലൂരാന്‍പാറയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ ആശ്രതിതര്‍ക്കുള്ള നഷ്‌ടപരിഹാരം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ ധനസഹായം വിതരണം ചെയ്യുന്നതിന്‌ ജില്ലാ കലക്‌ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ അറിയിച്ചു.

കണ്ണൂരിലെ പ്രത്യേക സഹാചര്യം കേന്ദ്രമന്ത്രി എ.കെ ആന്റണിയുമായി ചര്‍ച്ച ചെയ്‌തു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ ആര്‍ക്കോണത്തുനിന്നുള്ള 30 അംഗ ദുരന്തനിവാരണസേനയ്‌ക്കു പുറമേ ഒരു ഹെലികോപ്‌ടര്‍ കൂടി അയക്കാന്‍ പ്രതിരോധമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ആദ്യസംഘം മൈസൂര്‍ -വയനാട്‌ വഴിയായിരിക്കും എത്തുക. നേവിയുടെ ആറംഗ മുങ്ങല്‍ വിദഗ്‌ധരും വൈകാതെ സ്‌ഥലത്തെത്തും.

ദുരന്തത്തില്‍പെട്ട്‌ ഒറ്റപ്പെട്ട്‌ കഴിയുന്നവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റുന്നതിനാണ്‌ ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നത്‌. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതാക്കാന്‍ ആഭ്യന്തരമന്ത്രിയായും കണ്ണൂര്‍, കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍മാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പത്തിന്‌ സ്‌ഥലം സന്ദര്‍ശിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

നാളെ ചേരുന്ന പതിവ്‌ മന്ത്രിസഭാ യോഗത്തിന്‌ പുറമേ വരള്‍ച്ച, വൈദ്യുതി പ്രതിസന്ധി, കുടിവെള്ള പ്രശ്‌നം തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്‌ചയും മന്ത്രിസഭ യോഗം ചേരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക