Image

ഉരുള്‍പൊട്ടല്‍; മരണം ആറായി

Published on 07 August, 2012
 ഉരുള്‍പൊട്ടല്‍; മരണം ആറായി
കോഴിക്കോട്‌/കണ്ണൂര്‍: കോഴിക്കോട്‌ പുല്ലൂരാന്‍പാറയില്‍ ഉരുള്‍പൊട്ടലില്ലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ആറായി. കോടഞ്ചേരി സ്വദേശി പാലത്തൊടി പാലത്തൊടി ഗോപാലന്‍, ആനക്കാംപൊയില്‍ ചെറുശേരിയില്‍ തുണ്ടത്തില്‍ ജോസഫ്, മരുമകള്‍ ലിസി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന്‌ കണ്ടെത്തിയത്. പുത്തന്‍പുരയില്‍ വര്‍ക്കി, തുണ്ടത്തില്‍ ബിജുവിന്റെ മൂന്നര വയസുകാരനായ മകന്‍ അമല്‍ എന്നിവരുടെ മരണം നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. അതിനിടെ ഇരിട്ടിയില്‍ വെള്ളപ്പൊക്കല്‍ ഒരു കുട്ടി മരിച്ചു. വള്ളിത്തോട് ബാബുവിന്റെ മകന്‍ അക്ഷയ് (9) ആണ് മരിച്ചത്. മൂന്നു പേരെ കാണാതായിട്ടുണ്ട്‌. ഇതില്‍ രണ്ടു പേര്‍ ജോസഫി​​ന്റെ കുടുംബാംഗങ്ങളാണ്. ജോസഫിന്റെ ഭാര്യ ഏലിയാമ്മ, ലിസിയുടെ മകന്‍, സമീപവാസിയായ ജ്യോത്സന (7) എന്നിവരെയാണ് കാണാതായിരിക്കുന്നത്.

ഇന്നലെ മുതല്‍ തുടരുന്ന നത്തമഴയിലും ഉരുള്‍പൊട്ടലിലും ഇരിട്ടി ടൗണ്‍ വെളളത്തിലായി. 150 കടകള്‍ വെളളത്തിലാണ്‌. പുതിയ ബസ്‌റ്റാന്റിനടുത്തുളള വീടുകളും വെളളത്തിലായി. കനത്ത മഴ തുടരുന്നതിനാല്‍ സമീപപ്രദേശത്തു നിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നു. ശ്രീകണ്‌ഠപുരം ടൗണും വെളളത്തിലാണ്‌.

പഴശി ഡാം കരകവിഞ്ഞൊഴുകാന്‍ കാരണം ജലസേചന വകുപ്പിന്റെ അനാസ്‌ഥയാണെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചു. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ്‌ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാഞ്ഞതും ഡാം കരകവിഞ്ഞൊഴുകാന്‍ കാരണമായതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.കോഴിക്കോട്‌ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ സ്‌കൂളുകള്‍ക്ക്‌ ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതിനിടെ ഇന്നലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഇരിട്ടിയ്ക്കു സമീപം ഇന്നു രണ്ടു തവണ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ട്. വാണിയപ്പാറ ആനപ്പന്തിയിലും ആറളം ഫാമിനുള്ളിലുമാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. ഉളിക്കല്‍ കാഞ്ഞിരകെട്ടിയിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പുല്ലൂരാന്‍പാറയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇരിട്ടി പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപവാസികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ചെറുശേരിമലയില്‍ വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക