Image

മനോജിന്റെ മരണം: ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നു പോലീസ്

Published on 06 August, 2012
മനോജിന്റെ മരണം: ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നു പോലീസ്
കാസര്‍കോട്: സി.പി.എം. ഹര്‍ത്താലിനിടെ അമ്പങ്ങാട് കീക്കാനത്തെ ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് മനോജിന്റെ മരണം നടന്ന സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരില്‍നിന്ന് കാഞ്ഞങ്ങാട് എ.എസ്.പി. മഞ്ജുനാഥ് ഇതിനകം മൊഴിയെടുത്തു.

ഹര്‍ത്താലിന്റെ ഭാഗമായി നടന്ന പ്രകടനത്തിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. അതിനു ശേഷമാണ് അരവത്തുപീടിക വരാന്തയില്‍ പത്രം വായിച്ചിരിക്കുകയായിരുന്ന തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം.കരുണാകരനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മനോജടക്കമുള്ള ഏതാനും സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അവര്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചു. തച്ചങ്ങാട് പ്രിയദര്‍ശിനി കെട്ടിടത്തിന്റെ ഷട്ടര്‍ തുറന്ന് ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. ബെഞ്ചും ഡെസ്‌ക്കും തൊട്ടടുത്ത കിണറ്റില്‍ കൊണ്ടിടാന്‍ ശ്രമിക്കുന്നതിനിടെ മനോജ് തളര്‍ന്നുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

തളര്‍ന്നുവീണയുടന്‍ കുറച്ചുപേര്‍ മനോജിനെ ആസ്പത്രിയിലെത്തിക്കാന്‍ വാഹനമന്വേഷിച്ചു. അതിനിടയില്‍ മറ്റു ചിലര്‍ വെള്ളം നല്‍കി. വാഹനം കിട്ടാത്തതിനാല്‍ കുറച്ചുസമയം ബസ് സ്‌റ്റോപ്പില്‍ ഇരുത്തി. ഒടുവില്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് മനോജിനെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചതെന്നും പോലീസ് പറയുന്നു. 

ബൈക്കിലെത്തിയ സംഘമാണ് മനോജിനെ കമ്പികൊണ്ടടിച്ചും ചവിട്ടിയും കൊലചെയ്തതെന്നാണ് പ്രകടനത്തില്‍ കൂടെയുണ്ടായിരുന്നവര്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് പോലീസ് പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, മനോജിനെ ആക്രമിച്ചെന്നു പറയുന്ന സമയത്ത് ഇവര്‍ എവിടെയായിരുന്നെന്ന് മൊബൈല്‍ ടവര്‍ സിഗ്‌നല്‍ സംവിധാനമുപയോഗിച്ച് തെളിയിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക