Image

മനോജിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സൂചന

Published on 03 August, 2012
മനോജിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സൂചന
കോഴിക്കോട്: കാസര്‍കോട് ഉദുമയില്‍ ഹര്‍ത്താല്‍ ദിനത്തിലുണ്ടായ സംഘര്‍ഷത്തിനിടെ മരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ടി. മനോജിന്റെ (24) മരണകാരണം ഹൃദയാഘാതമെന്ന് സൂചന. വീഴ്ചയുടെയും മറ്റും ഭാഗമായി സംഭവിക്കുന്ന സാധാരണ മുറിവുകള്‍ക്കപ്പുറം മരണകാരണമായേക്കാവുന്ന മുറിവുകളൊന്നും ശരീരത്തില്‍ കണ്ടില്ലെന്നും ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയതെന്നുമുള്ള നിഗമനമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പൊലീസിന് നല്‍കിയതെന്നറിയുന്നു. 

സംഘര്‍ഷ സാഹചര്യം ഹൃദയാഘാതത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.മനോജിന്റെ ആന്തരാവയവങ്ങള്‍ തുടര്‍ പരിശോധനക്കായി പത്തോളജി വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം കൂടി ലഭ്യമായാലേ മരണ കാരണമെന്തെന്ന് കൃത്യമായി പറയാന്‍ കഴിയൂ എന്നും ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസു പറഞ്ഞു.പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് ഉച്ചക്ക് 2.30ഓടെയാണ് മനോജിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചത്. 2.40ന് തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം അവസാനിക്കാന്‍ രണ്ടര മണിക്കൂര്‍ സമയമെടുത്തു. 

ഡോ. ഷെര്‍ളി വാസുവിന്റെ മേല്‍നോട്ടത്തില്‍ ഫോറന്‍സിക് വിഭാഗം അസോ. പ്രഫസര്‍ പി.വി. വിജയകുമാര്‍, അസി. പ്രഫസര്‍ സുജിത്ത് ശ്രീനിവാസ്, ലെക്ചറര്‍ ആര്‍. സോനു എന്നിവരടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അഞ്ചേമുക്കാലോടെ വിലാപയാത്രയായി മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുപോയി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക