Image

പരിപാലനം; പേടിയകന്നവരുടെ സേവനപാത

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി Published on 01 August, 2012
പരിപാലനം; പേടിയകന്നവരുടെ സേവനപാത
എപ്പോള്‍ വേണമെങ്കിലും പിടികൂടാവുന്ന ഒരു ഭയങ്കര വിപത്ത് മനുഷ്യനോടൊപ്പമുണ്ട്; അതത്രേ മരണം മരുന്നുകൊണ്ടോ മന്ത്രം കൊണ്ടോ പണം കൊണ്ടോ അധികാരം കൊണ്ടോ ആള്‍ബലം കൊണ്ടോ മറികടക്കാനാകാത്ത മാരകയാഥാര്‍ത്ഥ്യമാണ് മരണം. അതു വന്നെത്തിയാല്‍ അതിനു വശപ്പെടുകയല്ലാതെ മറ്റു വഴികളൊന്നും മനുഷ്യനു മുമ്പിലില്ല. അതിനാല്‍ മനുഷ്യന്‍ ജീവിതസ്‌നേഹം അഥവാ ജീവനില്‍ കൊതി എന്ന നിലയില്‍ പറയുന്ന കാര്യങ്ങള്‍ പോലും ആഴത്തില്‍ അപഗ്രഥിച്ചാല്‍ മരണം സംഭവിക്കരുതേ എന്ന ഉള്ളകത്തെ നിലവിളിയുടെ ആവിഷ്ക്കാരമാണെന്നു തിരിച്ചറിയാനാകും! ഇടിവാളു തുപ്പി മേഘഗര്‍ജ്ജനം മുഴങ്ങുന്ന കൊടും മഴയത്ത് നാം പുറത്തിറങ്ങാതിരിക്കുന്നത് ജീവനില്‍ കൊതിയുള്ളതുകൊണ്ടെന്നതിനൊപ്പം മരണം സംഭവിക്കരുതെന്ന ആഗ്രഹം കൊണ്ടുകൂടിയല്ലെന്ന് ആര്‍ക്കു പറയാനാകും? അതിനാല്‍ മരണഭയമുള്ളവനായതുകൊണ്ടാണ് മനുഷ്യന്‍ ജീവിതസുരക്ഷ ആഗ്രഹിക്കുന്നതെന്നു പറയാം. മരണഭയമില്ലാത്ത മനുഷ്യരാകട്ടെ ലക്ഷത്തില്‍ ഒരാളോ മറ്റോ ഒരു പക്ഷേ കണ്ടേയ്ക്കാം എന്നു പറയേണ്ടുന്ന വിധം എക്കാലത്തും കമ്മിയായിരിക്കും! ഇവ്വിധം മനുഷ്യരില്‍ ബഹുഭൂരിപക്ഷവും മരണഭയത്തോടുകൂടിയവരല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ രക്ഷാവരത്തിന്റെ മതങ്ങളൊന്നും ഭൂമുഖത്ത് സംഭവിക്കില്ലായിരുന്നു. എനിക്ക് ജീവിതമുണ്ട് എന്നതുകൊണ്ടെന്നതിനേക്കാള്‍ എനിക്ക് മരണമുണ്ട് എന്ന തീര്‍ച്ചയി!േലാണ് ദൈവത്തിന്റെ സിംഹാസനം മനുഷ്യന്‍ പണി തീര്‍ത്തിരിക്കുന്നത്. അതിനാല്‍ ഏതു നിലയ്ക്കും മരണഭയത്തോടുകൂടിയ ബഹുഭൂരിപക്ഷം മനുഷ്യരുടെ ജീവിതസുരക്ഷ (ഹശളല രമൃല) എന്നതു അത്യന്തം ജനകീയമായൊരു പ്രമേയമാണ്. എന്നെന്നും എവിടേയും എല്ലായ്‌പ്പോഴും അതങ്ങിനെയാണ്!

സുരക്ഷയുള്ളിടത്ത് ഭയമില്ല; ഭയമുള്ളിടത്ത് സുരക്ഷയും ഇല്ല! അതിനാല്‍ ബാലസംരക്ഷണമായാലും വൃദ്ധസംരക്ഷണമായാലും സ്ത്രീസംരക്ഷണമായാലും നടപ്പാക്കുവാന്‍ ശ്രമിക്കുന്നവര്‍ ആര്‍ക്കും ഭയം ജനിപ്പിക്കാത്തവരാകണം; ഒപ്പം ആരാലും ഭയപ്പെടാത്തവനും(ളും) ആയിരിക്കണം. കുഷ്ടരോഗത്തെ ഭയന്നിരുന്നെങ്കില്‍ കുഷ്ടരോഗികള്‍ക്ക് സുരക്ഷയും സമാധാനവും നല്കുവാന്‍ ഫാദര്‍ ഡാമിയനോ മദര്‍ തേരേസയ്‌ക്കോ കഴിയുമായിരുന്നില്ല. ഇതുപോലെ മുതലാളിമാരേയും അവരുടെ ഭരണകൂടസന്നാഹങ്ങളേയും ഭയന്നിരുന്നെങ്കില്‍ മര്‍ദ്ദിതവര്‍ഗ്ഗങ്ങള്‍ക്ക് സുരക്ഷയും സമാധാനവും പ്രത്യാശയും പകരുവാനോ അവരില്‍ ചൂഷണത്തിനെതിരായ പോരാട്ടവീര്യം വളര്‍ത്താനോ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ കഴിയുമായിരുന്നില്ല. എന്തിനധികം പറയുന്നു, നായകളോട് പേടിയുള്ളൊരാള്‍ക്ക് നായകളെ പരിപാലിക്കുവാന്‍ കഴിയില്ലല്ലൊ. ഇതുകൊണ്ടൊക്കെ തന്നെ സുരക്ഷാ പ്രവര്‍ത്തനത്തിനു ഒരു നയപ്രഖ്യാപനരേഖ (manifesto) പുറപ്പെടുകയാണെങ്കില്‍ അതില്‍ എഴുതപ്പെടേണ്ട ആദ്യത്തെ വാചകം പേടിക്കരുത്; പേടിപ്പെടുത്തരുത് എന്നതായിരിക്കണം എന്നു ഒട്ടും പേടിയില്ലാതെ പറയാം!ണ്‍ണ്‍ണ്‍

ഈശ്വരവിശ്വാസം (Faith in God) വല്ലാത്തൊരു സുരക്ഷാബോധം മനുഷ്യനു പകരുന്നുണ്ട്! എന്തുകൊണ്ടിതു സംഭവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ഉപനിഷത്തുക്കള്‍ നല്കിയിട്ടുള്ള ഈശ്വരനിര്‍വചനത്തില്‍ ഉണ്ട്! ഈശ്വരന്‍ അഭയമാണെന്നാണ് ഉപനിഷത്തുക്കള്‍ പ്രഘോഷിക്കുന്നത് അഭയം വൈ ബ്രഹ്മ! അഭീതി വരദനാണു പരമേശ്വരന്‍ എന്നര്‍ത്ഥം! യേശുക്രിസ്തുവില്‍ നിന്ന് പുറപ്പെട്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ വചനം ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട് എന്നതാണല്ലോ. ഇതൊക്കെ മുന്‍നിര്‍ത്തിക്കൊണ്ടു പറയട്ടെ, പട്ടാള മേധാവിയെപോലെ ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്ന ഒരീശ്വരന്‍ ജനങ്ങള്‍ക്കൊരിക്കലും സുരക്ഷാബോധം നല്കില്ല. ദൈവം ഭയമുണര്‍ത്തുന്ന ഭയങ്കരസ്വത്വമല്ല മറിച്ച് ഭയം നീക്കുന്ന പരമദയാലുവായ സര്‍വ്വശക്തനാണ് എന്നതിനാലാണ് അല്ലാഹു നാമസ്മരണയാല്‍ ഹൃദയങ്ങള്‍ പ്രശാന്തി നേടുന്നു എന്നു വിശുദ്ധഖുറാനും പ്രഖ്യാപനം ചെയ്തിരിക്കുന്നത്! അതിനാല്‍ പരിപാലനത്തിന്റെ വഴിയില്‍ (In the way of curing) പേടിയ്ക്ക് ഇടമില്ല! പേടിയുള്ളിടത്ത് അച്ചടക്കം ഉണ്ടായേക്കാം; ഏതു പട്ടാളഭരണപ്രദേശത്തും കാണുന്നതുപോലുള്ള ആശങ്കാജനകമായ നിശബ്ദത കണ്ടേയ്ക്കാം. പക്ഷേ അവിടെ സുരക്ഷയും സമാധാനവും ഉണ്ടായിരിക്കില്ല. അതുകൊണ്ടു പേടിയൊഴിഞ്ഞവരുടെ സേവനപാതയാണു പരിപാലനം. ആരേയും പേടിക്കാത്തവരുടേയും ആരേയും പേടിപ്പിക്കാത്തവരുടേയും വഴിയാണത്.

ഇത്തരമൊരു വഴി അനുദിനം അടഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് ആധുനിക സമൂഹത്തിന്റെ അഭിശപ്തമായ പ്രത്യേകത. സീത വാല്മീകിയുടെ ആശ്രമത്തില്‍ കഴിഞ്ഞതുപോലെ സുരക്ഷിതത്വത്തോടും സമാധാനത്തോടും കൂടെ സ്ത്രീകള്‍ക്ക് കഴിഞ്ഞു കൂടാവുന്ന ആശ്രമങ്ങള്‍ ഇന്നിപ്പോള്‍ നന്നേ ദുര്‍ലഭമായിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ എല്ലാവരും എല്ലാവരേയും പേടിക്കുന്നു. ഹോട്ടലുകളിലെ മൂത്രപ്പുരകളില്‍ കയറി സ്വസ്ഥമായൊന്നു മൂത്രമൊഴിക്കാനുള്ള ധൈര്യംപോലും പെണ്ണുങ്ങള്‍ക്ക് ഇല്ലാതാവുന്ന വിധത്തില്‍ ഒളിക്യാമറകളുടെ അശ്‌ളീലദൃഷ്ടി സ്ത്രീയെ എവിടേയും വേട്ടയാടുന്നു ക്യാമറയോടുകൂടിയ മൊബൈല്‍ ഫോണുള്ള മകന്‍ വീട്ടിലുണ്ടെങ്കില്‍ കുളിപ്പുരയില്‍ കയറി കുളിക്കാന്‍പോലും പേടിയ്ക്കുന്ന അവസ്ഥയിലേക്ക് അമ്മമാര്‍പോലും എത്തിപ്പെട്ടിരിക്കുന്നു. തീവണ്ടിയാത്രക്കിടയില്‍ സ്‌നേഹത്തോടെ സഹയാത്രികര്‍ നീട്ടുന്ന ബിസ്ക്കറ്റ്‌പോലും വാങ്ങി കഴിക്കാന്‍ പേടി തോന്നാവുന്ന വിധത്തിലേക്ക് നമ്മള്‍ മാറിയിരിക്കുന്നു. ബിസ്ക്കറ്റില്‍ മയക്കുമരുന്നുണ്ടെങ്കിലോ എന്ന ചിന്തയില്‍ നിന്ന് നമ്മള്‍ക്ക് അകന്നു മാറാനാകുന്നില്ല.

ചുരുക്കത്തില്‍ മകള്‍ക്ക് അച്ഛനെ പേടിയാണ്, അമ്മയ്ക്ക് മകനെ പേടിയാണ്, സഹോദരിക്ക് സഹോദരനെ പേടിയാണ്, രോഗിക്ക് ഡോക്ടറെ പേടിയാണ്, വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകനെയും അദ്ധ്യാപകനു വിദ്യാര്‍ത്ഥിയേയും പേടിയാണ്, കൂലിത്തല്ലുകാര്‍ക്ക് പോലീസിനെ പേടിയാണ്, പോലീസിനു കൂലിത്തല്ലുകാരേയും പേടിയാണ്, യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷക്കാരെ പേടിയാണ് പേടിക്കാത്തവരായി ആരുമില്ല, പേടി ജനിപ്പിക്കാത്തവരായും ആരും ഇല്ല. ഇതാണ് ഇന്നത്തെ അവസ്ഥ. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ എന്താണു ചെയ്യേണ്ടത്? നമ്മുടെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ അഥവാ പരിപാലന വ്യവസ്ഥകള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാനപരമായൊരു പ്രശ്‌നമാണിത്.

ഇതിനു പരിഹാരം കണ്ടെത്താതെ ഒരുവിധത്തില്‍പ്പെട്ട പരിപാലന പ്രവര്‍ത്തനവും പരിപൂര്‍ത്തിയടയുകയില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ചകളെ പച്ചവെള്ളത്തിലേക്കുപോലും അടുപ്പിക്കാനാവുകയില്ല എന്നതുപോലെ പേടി നിറഞ്ഞ മനുഷ്യരെ പരിപാലന ശുശ്രൂഷയിലേക്കും അടുപ്പിക്കാനാവില്ല. അവര്‍ പേടിച്ചകലും.

പീഡിപ്പിക്കപ്പെടുമോ എന്ന പേടിയോടുകൂടിയല്ലാതെ ഒരു പെണ്ണിനും ഒരാണിനോടും എപ്പോഴാണ് ഞാനൊരു പീഡകനാകാന്‍ പോകുന്നതെന്ന പേടിയോടുകൂടിയല്ലാതെ ഒരാണിനും ഒരു പെണ്ണിനോടു ഇടപഴകുവാന്‍ പറ്റാത്ത ഇന്നത്തെ സാഹചര്യം അങ്ങേയറ്റം ഞരമ്പുദീന ഭരിതമാണ്.

ഞാന്‍ സുരക്ഷിതനാണ്/സുരക്ഷിതയാണ് എന്ന ദൃഢബോധ്യം നമ്മോട് ഇടപഴകുന്നവര്‍ക്ക് ഉണ്ടാക്കി കൊടുക്കാവുന്ന വിധം ഓരോ വ്യക്തിയും അവനവനെ തന്നെ ഉടച്ചുവാര്‍ക്കുവാന്‍ സന്നദ്ധരാകാതെ മേല്പറഞ്ഞ ഞരമ്പുദീനത്തില്‍ നിന്നു യാതൊരാളും മോചിതരാവുകയില്ല. അത്തരമൊരു മോചനം സാദ്ധ്യമാവാതെ മനസ്സില്‍ ആനന്ദം നിറയ്ക്കുന്ന സ്‌നേഹം സ്വാനുഭവമാകാന്‍ മനുഷ്യനു കഴിയുകയും ഇല്ല.

സുരക്ഷയുടെ മണ്ണില്‍ മാത്രം തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സര്‍ഗ്ഗാത്മകതയുടെ കല്പവൃക്ഷമാണ് സ്‌നേഹം. സുരക്ഷയാകട്ടെ ഭയമുള്ളിടത്ത് സംഭവിയ്ക്കുകയും ഇല്ല. അതിനാല്‍ സ്ത്രീകളെ കുഞ്ഞുങ്ങളെ വൃദ്ധരെ സ്‌നേഹത്തണലില്‍ പരിപാലിക്കണമെന്ന സേവനവ്രതം നോല്‍ക്കുന്നവര്‍ അവര്‍ക്ക് പേടിയില്ലായ്മയും സുരക്ഷാബോധവും പകരുവാനാകും വിധം സ്വയം നവീകരിക്കപ്പെടണം. എന്തെന്നാല്‍ സുരക്ഷ പകരാനും സ്‌നേഹത്താല്‍ നിറയാനും കഴിയുന്നവരുടെ സാധനാപഥമാണ് പരിപാലന ശുശ്രൂഷാ പ്രവര്‍ത്തനം. ഭയപ്പെടേണ്ട നിന്നോടുകൂടെ ഞാനുണ്ട് എന്നതു നമ്മോടു ബന്ധപ്പെടുന്നവര്‍ക്കെല്ലാം അനുഭവമാക്കിക്കൊടുക്കാന്‍ കഴിയുമ്പോഴേ മേല്പറഞ്ഞ സാധനാപഥം തുറന്നുകിട്ടൂ.

മനുഷ്യന്റെ ഹൃദയം ക്രിസ്തുവിന്റേതാകുമ്പോള്‍ മനുഷ്യന്റെ കണ്ണുകള്‍ ക്രിസ്തുവിന്റേതാകുമ്പോള്‍ മനുഷ്യന്റെ കരചരണങ്ങള്‍ ക്രിസ്തുവിന്റേതാകുമ്പോള്‍ തെളിഞ്ഞു കാണുന്നതും തെളിയിച്ചു കാണിയ്ക്കാവുന്നതുമായ സാധനാപഥമാണ് പരിപാലന ശുശ്രൂഷാരംഗം. മനുഷ്യന്‍ ക്രിസ്ത്യാനിയാകുമ്പോഴല്ല ക്രിസ്തുവാകുമ്പോള്‍ സംഭവിക്കുന്നതാണത്. നമ്മുടെ പ്രശ്‌നം നമ്മള്‍ക്ക് ക്രിസ്ത്യാനിയാകാനേ കഴിയുന്നുളളൂ, ക്രിസ്തുവാകാന്‍ കഴിയുന്നില്ല എന്നതുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക