Image

അടുത്തവര്‍ഷവും ഞാന്‍ അമേരിക്കയില്‍ വരും: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2012
അടുത്തവര്‍ഷവും ഞാന്‍ അമേരിക്കയില്‍ വരും: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
ന്യൂയോര്‍ക്ക്‌: `മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന മതസൗഹാര്‍ദ്ദ സമ്മേളനം അടുത്തവര്‍ഷവും നടക്കുകയാണെങ്കില്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ടായിരിക്കും' കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടശേഷം അമേരിക്കയിലെത്തിയ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രസ്‌താവിച്ചു. എസ്‌.ബി അസംപ്‌ഷന്‍ അലുംമ്‌നിയുടെ നേതൃത്വത്തില്‍ 30-ഓളം സംഘടനകളെ അണിനിരത്തി നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മാര്‍ ആലഞ്ചേരി.

അമേരിക്കയിലെ എല്ലാ സാംസ്‌കാരിക സംഘടനകളും മതവിഭാഗങ്ങളും ഒരുമിച്ച്‌ മനുഷ്യ സൗഹാര്‍ദ്ദം പങ്കിടുമ്പോള്‍ സമൂഹത്തിന്‌ നല്‍കുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും. സാമൂഹ്യ സംഘടനകളുടെ പങ്ക്‌ സമൂഹത്തോടായിരിക്കണം. അങ്ങനെ അല്ലാതാകുമ്പോള്‍ അവ തകരുന്നു- ലോകമെമ്പാടുമുള്ള 40 ലക്ഷത്തോളം സീറോ മലബാര്‍ വിശ്വാസികളുടെ പിതാവ്‌ മാര്‍ ആലഞ്ചേരി തന്റെ പ്രസംഗത്തില്‍ ഉപദേശിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ മെട്രോപ്പോളിറ്റന്‍ ബിഷപ്പ്‌ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ സഭയുടെ അമേരിക്കന്‍ ഭദ്രാസന ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ തുടങ്ങി ഒട്ടേറെ സഭാ നേതാക്കള്‍, വൈദീകര്‍, സാംസ്‌കാരിക നായകര്‍, രാഷ്‌ട്രീയ നേതാക്കന്മാര്‍, വിവിധ മതസംഘടനാ നേതാക്കള്‍, അമേരിക്കയിലെ സാമൂഹ്യ സംഘടനയുടെ സാരഥികള്‍ തുടങ്ങി അഞ്ഞൂറില്‍പ്പരം ആളുകളാണ്‌ കര്‍ദ്ദിനാളിനെ സ്വീകരിക്കാന്‍ പിസ്‌കാറ്റ്‌ വേയിലെ ദീവാന്‍ ഹോട്ടലില്‍ എത്തിയത്‌. മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച ആലഞ്ചേരി പിതാവിനേയും മറ്റ്‌ സഭാ നേതാക്കളേയും ഹര്‍ഷാരവത്തോടെ ജനം സ്വീകരിച്ചു. തുടര്‍ന്ന്‌ സ്വീകരണ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ വിശിഷ്‌ടാതിഥികളെ സ്റ്റേജിലേക്ക്‌ ആനയിച്ചു. റവ.ഫാ. കെ.കെ. കുര്യാക്കോസ്‌ അച്ചന്റെ പ്രാര്‍ത്ഥനയും എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിലെ ഗായകരുടെ ക്രിസ്‌തീയ ഗാനാലാപനവും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.

പ്രോഗ്രാം കണ്‍വീനറും എസ്‌.ബി അസംപ്‌ഷന്‍ അലുംമ്‌നിയുടെ പ്രസിഡന്റുമായ ജയിന്‍ ജേക്കബ്‌ സ്വാഗതം ആശംസിച്ചു. പ്രശസ്‌ത കോറിയോഗ്രാഫറായ ബീനാ മേനോന്റെ കലാശ്രീ സ്‌കൂളിലെ കുട്ടികളുടെ മോഹിനിയാട്ടവും കുച്ചിപ്പുടിയും ഭരതനാട്യവും എല്ലാവരുടേയും പ്രശംസ നേടിയെടുത്തു. തുടര്‍ന്ന്‌ സഭാ പിതാക്കന്മാരും, ന്യൂയോര്‍ക്ക്‌ അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ഫോമാ, ഫൊക്കാന, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ്‌ ക്ലബ്‌, ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍, നാമം, എന്‍.ബി.എ, ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍, എസ്‌.എം.സി.സി, ഐ.കെ.സി.സി, കെ.എ.എന്‍.ജി, കെ.സി.എഫ്‌, എച്ച്‌.വി.എം.എ, മാര്‍ക്ക്‌, കല, സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍, നാട്ടുക്കൂട്ടം തുടങ്ങി ഒട്ടറെ സംഘടനകളുടെ നേതാക്കന്മാര്‍ അലഞ്ചേരി പിതാവിന്‌ ആശംസകള്‍ നേര്‍ന്നു. മഞ്‌ജു തോമസിന്റെ നേതൃത്വത്തില്‍ ജീവന്‍ധാരാ സ്‌കൂളിന്റെ പേരില്‍ ജീവന്‍ തോമസും, ജ്യോതി തോമസും നടത്തിയ `ആത്മസമര്‍പ്പണം' എന്ന ക്ലാസിക്കല്‍ ഡാന്‍സ്‌ ആലഞ്ചേരി പിതാവിനേയും മറ്റ്‌ വിശിഷ്‌ടാതിഥികളേയും വളരെ ആസ്വദിച്ചു.

തുടര്‍ന്ന്‌ എസ്‌ബി അസംപ്‌ഷന്‍ അലുംമ്‌നി അമേരിക്കയില്‍ ബിസിനസ്‌ രംഗത്തും ശാസ്‌ത്ര സാങ്കേതിക രംഗത്തും മെഡിക്കല്‍ രംഗത്തും ഉന്നതമായ സ്ഥാനങ്ങള്‍ നേടിയെടുത്ത ഡോ. വിന്‍സെന്റ്‌ കുട്ടമ്പേരൂരിനേയും ഡോ. ടോജോ തച്ചങ്കരിയേയും, ഡോ. തോമസ്‌ ചക്കുപുരയ്‌ക്കലിനേയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

വിഭവസമൃദ്ധമായ ഡിന്നറിനുശേഷം പ്രശസ്‌ത ഗായകരായ ജെ.എം. രാജുവും, ലതയും ക്രിസ്‌തീയ ഗാനങ്ങളിലൂടെ സദസിനെ പുളമകണിയിച്ചു. ആനി കോശിയുടെ നന്ദി പ്രസംഗത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.
അടുത്തവര്‍ഷവും ഞാന്‍ അമേരിക്കയില്‍ വരും: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക