Image

പുനഃസ്ഥാപിക്കപ്പെട്ട കുവൈറ്റ്‌ പാര്‍ലമെന്റ്‌ സമ്മേളിക്കുന്നു

സലിം കോട്ടയില്‍ Published on 01 August, 2012
പുനഃസ്ഥാപിക്കപ്പെട്ട കുവൈറ്റ്‌ പാര്‍ലമെന്റ്‌ സമ്മേളിക്കുന്നു
കുവൈറ്റ്‌: കുവൈറ്റില്‍ കോടതി വിധിയാല്‍ പുനഃസ്ഥാപിക്കപ്പെട്ട പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാര്‍ തലത്തില്‍ തെരക്കിട്ട രാഷ്ട്രീയ കൂടിയാലോചനകള്‍ നടക്കുന്നു. പല എംപി മാരും രാജി ഭീഷണി മുഴുക്കിയിരിക്കേ പാര്‍ലമെന്റ്‌ സമ്മേളനം നടത്തുവാന്‍ ആവശ്യമായ ക്വാറം തികയുമെന്നു പ്രതീക്ഷയില്ലാത്ത സാഹചര്യത്തില്‍ നാളത്തെ പാര്‍ലമെന്റ്‌ സമ്മേളനം രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധയോടെ ഉറ്റു നോക്കുകയാണ്‌.

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട്‌ ഒരു സ്ഥാനാര്‍ഥി കോടതിയില്‍ നല്‍കിയ പരാതിയാണ്‌ കേട്ടുകേള്‍വിയില്ലാത്ത അസാധാരണമായ വിധിയിലേക്ക്‌ രാജ്യത്തെ നയിച്ചത്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിലനിന്നിരുന്നു രാഷ്ട്രീയ അനിശ്ചിതത്വം കോടതി വിധിയോട്‌ കൂടി കൂടുതല്‍ മോശമായി.

ജനാധിപത്യ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഇത്തരമൊരു വിധിയില്‍ പ്രതിഷേധിച്ചു പുനഃസ്ഥാപിക്കപ്പെട്ട പാര്‍ലമെന്റിലെ ഭൂരിഭാഗം എംപിമാരും രാജിവച്ചതോടെ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ചേരാന്‍ ആവശ്യമായ എംപിമാരുടെ ക്വാറം തികയാത്ത മറ്റൊരു പ്രതിസന്ധിയാണ്‌ ഉടലെടുത്തത്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ ഭരണഘടന കോടതിയുടെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌പീക്കര്‍ ജാസിം അല്‍ ഖരാഫി ബുധനാഴ്‌ച പുനസ്ഥാപിക്കപ്പെട്ട പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്‌. സമ്മേളനത്തിനുള്ള ക്വാറം തികയ്‌ക്കുന്നതിനുള്ള തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ്‌ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്‌. രാജി വച്ച അംഗങ്ങളെ അനുനയിപ്പിച്ചു തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളാണ്‌ പ്രധാനമായും നടക്കുന്നത്‌.

മണ്ഡല പുനര്‍ നിര്‍ണയം, വോട്ടിംഗ്‌ രീതിയിലുള്ള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ അന്തിമ തീരുമാനം ഭരണഘടന കോടതിക്ക്‌ വിടാനുള്ള പുതിയ ഒരു ഫോര്‍മുലയാണ്‌ സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്‌. ഇതു വഴി ഈ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. ഈ ഫോര്‍മുല അംഗീകരിച്ചുകൊണ്‌ട്‌ ചില പ്രതി പക്ഷ എംപിമാര്‍ നേരത്തെ സ്വീകരിച്ച നിലപാട്‌ മാറ്റിയത്‌ സര്‍ക്കാര്‍ തലത്തില്‍ ആത്മ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്‌ട്‌.

മണ്ഡല പുനര്‍നിര്‍ണയം, വോട്ടിംഗ്‌ രീതിയിലുള്ള പരിഷ്‌കരണം എന്നിവ ഗോത്രവര്‍ഗ മേഖലകളില്‍ പ്രധാന പ്രതി പക്ഷമായ ഇസ്‌ലാമിസ്റ്റുകള്‍ക്കുള്ള സ്വാധീനം ക്ഷയിപ്പിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നായിരുന്നു ഇസ്‌ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ മറ്റു പ്രതിപക്ഷ പാര്‍ടികള്‍ ഇസ്‌ലാമിസ്റ്റുകളുടെ ഈ ആരോപണം അംഗീകരിക്കുന്നില്ല. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുള്ള ഈ ഭിന്നിപ്പ്‌ നാളെ വിളിച്ചു ചേര്‍ക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിനു എത്രത്തോളം പ്രയോജനം ചെയ്യുമെന്നാണ്‌ രാജ്യത്തെ രാഷ്ട്രിയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക