Image

തൊഴിലാളികള്‍ക്ക് ദുബൈ മുനിസിപ്പാലിറ്റി സൗജന്യ വൈദ്യ പരിശോധന ഒരുക്കുന്നു

Published on 28 July, 2012
തൊഴിലാളികള്‍ക്ക് ദുബൈ മുനിസിപ്പാലിറ്റി സൗജന്യ വൈദ്യ പരിശോധന ഒരുക്കുന്നു
ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. റമദാന്‍ പരിപാടികളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി ക്‌ളിനിക്കിന്റെയും മെഡിക്കല്‍ സര്‍വീസ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ വൈദ്യ പരിശോധനാ സൗകര്യം ഒരുക്കുന്നത്. പതിനൊന്നാമത് റമദാന്‍ ഫോറത്തിന്റെ ഭാഗമായി അല്‍ തവാര്‍ ടെന്റില്‍ ചൊവ്വാഴ്ച തുടക്കമിട്ട ക്യാമ്പ് ആഗസ്റ്റ് നാല് വരെ നീളും.
ആരോഗ്യകരമായ ജീവിത രീതി സംബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. 

സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 200 പ്രമേഹ പരിശോധനാ ഉപകരണം വിതരണം ചെയ്യുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്യും. ആരോഗ്യ സുപ്രീം കൗണ്‍സിലിന്റെയും ഗള്‍ഹൂദ് ഹോസ്പിറ്റലിന്റെയും മറ്റും സഹകരണത്തോടെ സ്തനാര്‍ബുദ നിര്‍ണയ പരിശോധനയും സംഘടിപ്പിക്കും. ഇതിന് പുറമെ ഖുര്‍ആനിലെ വൈദ്യ അദ്ഭുതങ്ങള്‍, വ്രതത്തിന്റെ ആരോഗ്യ നേട്ടം, രക്തദാനം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം റമദാനില്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. മുനീര്‍ ഹമദ്, ഡോ. ബസ്സാം മസ്രി, ഡോ. അമീന്‍ അല്‍ അമീരി, ഡോ. മസ്സാം മഹ്ബൂബ്, അബ്ദുറസാഖ് അല്‍ മദനി എന്നിവര്‍ സംസാരിക്കും. 

ഇതിന് പുറമെ അഹ്മദ് ഉസ്മാന്റെ മത പഠന ക്‌ളാസുമുണ്ടാകും. വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയത്തിന്‍െയും ആഗസ്റ്റ് നാലിന് ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി ക്‌ളിനിക്കിലെ സീനിയര്‍ ഡോക്ടര്‍ ഡോ. മുനീര്‍ ഹമദ് പറഞ്ഞു. ഇതിന് പുറമെ യുവാക്കളില്‍ പുകവലിക്കെതിരെ ബോധവത്കരണ കാമ്പയിനും നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക