Image

ആസാമിന് 300 കോടി രൂപയുടെ ധനസഹായം

Published on 28 July, 2012
ആസാമിന് 300 കോടി രൂപയുടെ ധനസഹായം
ഗോഹട്ടി: കലാപം പടര്‍ന്നു പിടിച്ച ആസാമിന് 300 കോടി രൂപയുടെ അടിയന്തര ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സംഘര്‍ഷത്തിന് എത്രയും വേഗം അറുതി വരുത്തണമെന്നും കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനെത്തിയ പ്രധാനമന്ത്രി പറഞ്ഞു. കലാപത്തെത്തുടര്‍ന്ന് നാടുവിട്ടവരെ തിരികെയെത്തിക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

300 കോടി രൂപയില്‍ 100 കോടി രൂപ കലാപബാധിത മേഖലകള്‍ക്കുള്ള ദുരിതാശ്വാസ സഹായമായും 100 കോടി രൂപ കലാപബാധിത പ്രദേശങ്ങളുടെ വികസനത്തിനും 100 കോടി രൂപ ഇന്ദിരാ ആവാസ് യോജന പദ്ധതിയ്ക്കുമാണ് അനുവദിച്ചിരിക്കുന്നത്. കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും അടിയന്തര ധനസഹായം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് 30,000 രൂപയും അനുവദിച്ചിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 50ലധികം പേര്‍ മരിച്ചിരുന്നു. മൂന്നു ലക്ഷം പേര്‍ക്കു വീടു നഷ്ടപ്പെട്ടിട്ടുണ്ട്. ദുബ്രി ജില്ലയില്‍ 15,300 പേരെ പുനരധിവസിപ്പിച്ചു. കൊക്രാജര്‍, ദുബ്രി, ചിരാഗ്, ബക്‌സ ജില്ലകളിലാണു കലാപം പടര്‍ന്നുപിടിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക