Image

അമേരിക്കയും-കുവൈറ്റും തമ്മില്‍ 4.2 ബല്യന്‍ ഡോളറിന്‍െറ ആയുധ ഇറക്കുമതി കരാര്‍

Published on 28 July, 2012
അമേരിക്കയും-കുവൈറ്റും തമ്മില്‍ 4.2 ബല്യന്‍ ഡോളറിന്‍െറ ആയുധ ഇറക്കുമതി കരാര്‍
കുവൈത്ത്‌ സിറ്റി: അമേരിക്കയും കുവൈത്തും തമ്മില്‍ 4.2 ബല്യന്‍ ഡോളറിന്‍െറ പുതിയ ആയുധ ഇറക്കുമതി കരാര്‍ നടപ്പാക്കുമെന്ന്‌ സൂചന. നവീകരിച്ച പാട്രിയറ്റ്‌ മിസൈലുകളുള്‍പ്പെടെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനാണ്‌ അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്‍റഗണുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

ഇതനുസരിച്ച്‌ പാട്രിയറ്റ്‌ മിസൈലിന്‍െറ പുതിയ രൂപമായ `ബാക്‌ 3' ഇനത്തില്‍പ്പെട്ട 60 മിസൈലുകള്‍, 20 വിക്ഷേപിണികള്‍, നാല്‌ റഡാറുകള്‍ എന്നിവക്ക്‌ പുറമെ വിവിധ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധാവശ്യത്തിനുള്ള സ്‌പെയര്‍ പാര്‍ട്‌സുകളും കുവൈത്തിന്‌ ലഭ്യമാക്കും.

ഈ ഇടപാട്‌ സംബന്ധിച്ച്‌ യു.എസ്‌. കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന്‌ വിദേശ രാജ്യങ്ങള്‍ക്ക്‌ ആയുധം വില്‍ക്കുന്നതിന്‍െറ ചുമതലയുള്ള പ്രതിരോധ സുരക്ഷാ ഏജന്‍സി വെളിപ്പെടുത്തി. യു.എസ്‌. കോണ്‍ഗ്രസ്‌ 30 ദിവസത്തനകം വിയോജിപ്പ്‌ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇടപാടിന്‌ സാധുത ലഭിച്ചതായി കണക്കാക്കും.

രാജ്യത്തിന്‍െറ പ്രതിരോധ ശക്തി വര്‍ധിപ്പിച്ച്‌ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീഷണികളെ ചെറുക്കാനുള്ള ശേഷി കൂട്ടുകയാണ്‌ ഇത്‌ വഴി കുവൈത്ത്‌ ലക്ഷ്യമാക്കുന്നത്‌.
നിലവില്‍ രാജ്യത്തിന്‍െറ കൈവശം 1992ല്‍ വാങ്ങിയ പഴയ ഇനത്തില്‍പ്പെട്ട 210 പാട്രിയറ്റ്‌ മിസൈലുകള്‍, 25 വിക്ഷേപിണികള്‍ എന്നിവയും 2007ല്‍ സ്വന്തമാക്കിയ 140 മിസൈലുകളുമുണ്ട്‌. ഇതിന്‌ പുറമെയാണ്‌ ഇപ്പോള്‍ അമേരിക്കയില്‍നിന്ന്‌ വീണ്ടും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ധാരണയായിരിക്കുന്നത്‌.

ആണവ വിഷയത്തില്‍ ഇറാനുമായി അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ ഇടഞ്ഞു നില്‍ക്കുകയും ഉപരോധം ശക്തിപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തില്‍, മേഖലയില്‍ സംഘര്‍ഷത്തിന്‍െറ സാധ്യത കൂടിയ സന്ദര്‍ഭത്തില്‍ നടക്കുന്ന ആയുധ ഉടമ്പടിക്ക്‌ നിരീക്ഷകര്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്‌.
അമേരിക്കയും-കുവൈറ്റും തമ്മില്‍ 4.2 ബല്യന്‍ ഡോളറിന്‍െറ ആയുധ ഇറക്കുമതി കരാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക