Image

മഹാരാഷ്ട്രക്കാരനായ അന്താരാഷ്ട്ര കുറ്റവാളിയെ ചാവക്കാട് പോലീസ് അറസ്റ് ചെയ്തു

Published on 28 July, 2012
മഹാരാഷ്ട്രക്കാരനായ അന്താരാഷ്ട്ര കുറ്റവാളിയെ ചാവക്കാട് പോലീസ് അറസ്റ് ചെയ്തു
ചാവക്കാട്: മഹാരാഷ്ട്രക്കാരനായ അന്താരാഷ്ട്ര കുറ്റവാളിയെ ചാവക്കാട് പോലീസ് പൂണയില്‍നിന്നും അറസ്റ് ചെയ്തു. പൂണ വിമാന്‍നഗര്‍ സ്വദേശിയും കോള്‍ സെന്റര്‍ ഉടമയുമായ നൈജല്‍ ബൊറാഡോയെയാണ് (38) ചാവക്കാട് സിഐ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ സാഹസികമായി അറസ്റ്റ് ചെയ്തത്. വിദേശ വ്യാപാരിയും ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയുമായ കെ.കെ. ഇംബിച്ചിക്കോയത്തങ്ങളുടെ (ഹൈദര്‍ തങ്ങള്‍- 50) പരാതിയിലാണ് പോലീസ് നടപടി. ഹോങ്കോങ്ങില്‍ ജി ഫോറസ് എന്ന വെയര്‍ ഹൌസില്‍ സൂക്ഷിച്ചിരിക്കുന്ന കോടികള്‍ വിലമതിക്കുന്ന കോപ്പര്‍ ഐ സോട്ടം എന്ന അപൂര്‍വ ലോഹം വിലയ്ക്കു നല്കാമെന്നു വാഗ്ദാനം നല്കി ഹൈദര്‍ തങ്ങളില്‍നിന്നും പത്തു ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്നാണ് പരാതി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചാവക്കാട് ശാഖവഴിയാണ് നൈജലിന് പത്തുലക്ഷം രൂപ നല്കിയത്. ഹോങ്കോങ്ങിലുള്ള ലോഹം അവിടെവച്ചു നല്കാമെന്നാണ് പറഞ്ഞിരുന്നത്. അങ്ങോട്ടുപോകാന്‍ തങ്ങള്‍ ഉള്‍പ്പെട നാലുപേര്‍ മുംബയില്‍നിന്ന് ടിക്കറ്റും എടുത്തിരുന്നു. ലോഹത്തിന്റെ ഉടമകളായ ലണ്ടന്‍ സ്വദേശിയും നൈജലും മുംബയില്‍ എത്താമെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി ബോംബെയില്‍ കാത്തിരുന്നെങ്കിലും നൈജല്‍ എത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. പൂണെ പോലീസില്‍ പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ല. നാട്ടില്‍ എത്തിയ തങ്ങള്‍ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്കി. മജിസ്ട്രേറ്റ് ആര്‍.എല്‍. ബൈജു കേസെടുത്തു അന്വേഷിക്കാന്‍ ചാവക്കാട് പോലീസിന് നിര്‍ദേശം നല്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നൈജല്‍ അന്താരാഷ്ട്ര കുറ്റവാളിയാണെന്ന് അറിഞ്ഞത്. മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രതി പൂണയില്‍ ഉണ്െടന്ന് അറിഞ്ഞത്. സിഐ കെ. സുദര്‍ശന്‍, എഎസ്ഐ സുരേന്ദ്രന്‍ മുല്ലശേരി, സിപിഒമാരായ ശ്രീകൃഷ്ണന്‍, സുദേവ്, ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസം പൂണയില്‍ എത്തി വിമാന്‍നഗര്‍ ഇന്‍സ്പെക്ടര്‍ പ്രകാശ് ഷായുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടെയാണ് നൈജലിനെ പിടികൂടിയത്. അവിടെ കോടതിയില്‍ ഹാജരാക്കിയശേഷം ചാവക്കാട്ടേക്കു കൊണ്ടുവന്നു. ഐഎസ്ആര്‍ഒ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ സാങ്കേതികാവശ്യങ്ങള്‍ക്കാണ് കോപ്പര്‍ ഐ സോട്ടം ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണിന്റെ ചിപ്പിനും കാന്‍സര്‍ ഗവേഷണങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു ഗ്രാമിന് 3500ഓളം ഡോളര്‍ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ 300 കിലോയാണ് ഹോങ്കോങ്ങിലെ വെയര്‍ ഹൌസില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ചിട്ടുള്ളത്. തിരുവനന്തപുരം സ്വദേശി ബിജു ഫ്രാന്‍സിസാണ് നൈജലിന്റെ കേരളത്തിലെ ഏജന്റ്. ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ മാത്രമാണ് ഇയാള്‍ക്കറിയുക. ആയുധധാരികളായ കമാന്‍ഡോകളുമായാണ് പോലീസ് നൈജലിനെ കീഴ്പ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക