Image

സിറിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു

Published on 27 July, 2012
സിറിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു
ഡമാസ്കസ്: സിറിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു. ബിലാല്‍ അല്‍ ലബാദിദിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൈന്യം ആക്രമണം ശക്തമാക്കിയതേത്തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം അയല്‍രാജ്യമായ ജോര്‍ദാനിലേയ്ക്കു പലായനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം. രാത്രിയുടെ മറവില്‍ ജോര്‍ദാനിലേയ്ക്കു പലായനം ചെയ്യുന്നതിനിടെ അതിര്‍ത്തിയ്ക്കു സമീപംവച്ച് സിറിയന്‍ സൈന്യം ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. അമ്മയോടൊപ്പമായിരുന്നു ബിലാല്‍. വെടിയൊച്ച കേട്ടതേത്തുടര്‍ന്ന് സംഘം ചിതറിയോടി. ഇതിനിടെ ബിലാല്‍ അമ്മയുടെ കൈയ്യില്‍ നിന്നു വിട്ടുപോയിരുന്നു. ഇരുട്ടില്‍ ജോര്‍ദാന്‍ മണ്ണിലേയ്ക്കു ഓടിക്കയറുന്നതിനിടെയാണ് ബിലാലിനു വെടിയേറ്റത്. അതിര്‍ത്തി കടന്നിരുന്നെങ്കിലും കഴുത്തില്‍ വെടിയേറ്റ ബിലാല്‍ മരണപ്പെട്ടു. ബിലാലിന്റെ അമ്മയും മറ്റു രണ്ടു മക്കളും ജോര്‍ദാനിലെ അഭയാര്‍ഥി ക്യാമ്പിലാണ്. അതേസമയം, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിലാലിന്റെ പിതാവിനു ജോര്‍ദാനിലേയ്ക്കു കടക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്ന ബാഷര്‍ അല്‍ അസാദ് ക്രിമിനലാണ്. അസാദിന്റെ ക്രൂരത ലോകം നോക്കിനില്‍ക്കുകയാണെന്നും ഇതിനെതിരെ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നും ബിലാലിന്റെ അമ്മ കുറ്റപ്പെടുത്തുന്നു. സിറിയയില്‍ നിന്നു അയല്‍രാജ്യത്തേയ്ക്കുള്ള പലായനം തടയുന്നതിനായി അതിര്‍ത്തിയില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ മറ്റൊരു സിറിയന്‍ പൌരനും പലായനശ്രമത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനോടകം ഒന്നരലക്ഷത്തോളം സിറിയന്‍ പൌരന്‍മാര്‍ ജോര്‍ദാനില്‍ അഭയംപ്രാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക