Image

കെനിയയിലെ വെനസ്വേന്‍ സ്ഥാനപതി കൊല്ലപ്പെട്ടനിലയില്‍

Published on 27 July, 2012
കെനിയയിലെ വെനസ്വേന്‍ സ്ഥാനപതി കൊല്ലപ്പെട്ടനിലയില്‍
നെയ്റോബി: കെനിയയിലെ വെനസ്വേലന്‍ സ്ഥാനപതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ആക്ടിംഗ് അംബാസഡര്‍ ഓള്‍ഗ ഫോണ്‍സെകയെയാണ് നെയ്റോബിയിലെ ഔദ്യോഗിക വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് അവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ വെനസ്വേലന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചു. സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ഓള്‍ഗയുടേതെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. വെനസ്വേലന്‍ അംബാസഡര്‍ ജെറാര്‍ഡോ കരില്ലോ സില്‍വയ്ക്കു പകരം ജൂലൈ 15നാണ് ഓള്‍ഗ നെയ്റോബിയിലെ സ്ഥാനപതി കാര്യാലയത്തില്‍ അധികാരമേറ്റത്. നെയ്റോബി ആസ്ഥാനമാക്കിയുള്ള യുഎന്‍ ഏജന്‍സിയുടെ വെനസ്വേലന്‍ പ്രതിനിധി കൂടിയായിരുന്നു അവര്‍. അംബാസഡര്‍ വസതിയിലെ മൂന്നു ജീവനക്കാര്‍ സില്‍വയ്ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സില്‍വ നെയ്റോബി വിടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഓള്‍ഗ കെനിയയില്‍ എത്തിയത്. ഇവര്‍ ഇവിടെ അധികാരമേറ്റ ശേഷം ജീവനക്കാരോടു പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഓള്‍ഗയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റു ചെയ്തിട്ടില്ലെന്നും ചില സൂചനകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക