Image

ഇത് വി.എസ്സിനുള്ള അവസാന താക്കീതെന്ന് സി.പി.എം. റിപ്പോര്‍ട്ടിങ്

Published on 27 July, 2012
ഇത് വി.എസ്സിനുള്ള അവസാന താക്കീതെന്ന് സി.പി.എം. റിപ്പോര്‍ട്ടിങ്
കണ്ണൂര്‍: കേന്ദ്ര കമ്മിറ്റി പരസ്യ ശാസന നല്‍കാന്‍ തീരുമാനിച്ച വി.എസ്.അച്യുതാനന്ദന്റെ നിലപാട് പാര്‍ട്ടിയെ വളര്‍ത്താനല്ല, തളര്‍ത്താനാണെന്ന് സി.പി.എം. മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ വിശദീകരണം. 

സഖാവെന്ന സ്വഭാവിക വിശേഷണം ഒഴിവാക്കി 'അയാളെ'ന്നാണ് പലപ്പോഴും ജയരാജന്‍ വി.എസ്സിനെ വിശേഷിപ്പിച്ചത്. പ്രായവും പ്രവര്‍ത്തന പാരമ്പര്യവും പരിഗണിച്ചാണ് താരതമ്യേന കുറഞ്ഞ ശിക്ഷ വി.എസ്സിന് നല്‍കിയത്. ഇത് 'അയാള്‍'ക്കുള്ള അവസാന താക്കീതാണെന്നും ജയരാജന്‍ പറഞ്ഞു. എടക്കാട്, കണ്ണൂര്‍, മയ്യില്‍, അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലുള്ള ബ്രാഞ്ച് സെക്രട്ടറിമുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍വരെയുള്ളവരാണ് വെള്ളിയാഴ്ചത്തെ റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തത്. 

മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി വി.എസ്സിനേയും പിണറായിയേയും പൊളിറ്റ് ബ്യൂറോയില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്തിരുന്നു. പിന്നെ ഇരുവരെയും തിരിച്ചെടുത്തു. എന്നാല്‍ വി.എസ്സിനെ വീണ്ടും താഴ്ത്തി. വി.എസ്. പാര്‍ട്ടിയെക്കുറിച്ച് പറയുന്നത് പാര്‍ട്ടിയെ നന്നാക്കാനല്ലെന്ന് വ്യക്തമാണല്ലോ. കേന്ദ്ര കമ്മിറ്റിയില്‍ വി.എസ്. നടത്തിയ പ്രസംഗം എന്ന പേരില്‍ 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത് ശുദ്ധ കളവാണ്. വ്യാജമായി തയ്യാറാക്കിയതാണിത് ജയരാജന്‍ പറഞ്ഞു. 

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി ഇനി പാര്‍ട്ടി വിശദീകരണമില്ല. അക്കാര്യം കഴിഞ്ഞതാണ്. ഇനി ശക്തമായ സമരപരിപാടികളിലേക്കാണ് പോകുന്നത്. ആഗസ്ത് 22ന് സംസ്ഥാനത്തെ മുഴുവന്‍ കളക്ടറേറ്റും ഉപരോധിക്കും. കണ്ണൂര്‍ കളക്ടറേറ്റ് രാവിലെ ആറുമണിക്കുതന്നെ വളയുമെന്നും ജയരാജന്‍ വിശദീകരിച്ചു. 

കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ടിങ്. അച്ചടക്ക നടപടിയുടെ കാര്യത്തിലും ടി.പി. വധത്തിന്റെ കാര്യത്തിലും ചില വിശദീകരണങ്ങള്‍ നല്‍കുക മാത്രമാണ് നേതാക്കള്‍ അധികമായി ചെയ്യുന്നത്. 

പതിനൊന്ന് ചോദ്യങ്ങള്‍ അടങ്ങിയ ഒരു ചോദ്യാവലിയും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് വിതരണംചെയ്യുന്നുണ്ട്. ടി.പി. വധത്തിന്റെ പശ്ചാത്തലത്തില്‍ ഒരോ വീട്ടിലും കയറി പാര്‍ട്ടി അംഗങ്ങള്‍ ലഘുലേഖ വിതരണവും വിശദീകരണവും നടത്തിയിരുന്നു. ഇതിനോടുള്ള പൊതുജനങ്ങളുടെ പ്രതികരണം അറിയാന്‍ ഉദ്ദേശിച്ചുള്ളതാണ് ചോദ്യാവലി. വീടുകളില്‍ വിശദീകരണം നല്‍കിയപ്പോള്‍ അവര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. ചോദ്യാവലിക്കുള്ള മറുപടി തയ്യാറാക്കി ബ്രാഞ്ച് സെക്രട്ടറിമാര്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക