Image

കരിപ്പൂരില്‍ ബാഗേജ് മോഷണം തുടര്‍ക്കഥ

Published on 27 July, 2012
കരിപ്പൂരില്‍ ബാഗേജ് മോഷണം തുടര്‍ക്കഥ
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജില്‍നിന്ന് വിലപിടിച്ച സാധനങ്ങള്‍ മോഷണംപോകുന്നത് വര്‍ഷങ്ങളായുള്ള രീതി.

2005 മുതലാണ് ഇവിടെ ബാഗേജ് മോഷണം പതിവായത്. യാത്രക്കാരുടെ ബാഗേജുകള്‍ നഷ്ടപ്പെടുകയും പിന്നീട് വിലപിടിച്ച സാധനങ്ങള്‍ എടുത്തശേഷം ബാക്കി ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തുകയുമായിരുന്നു. 2010 ആഗസ്ത്‌വരെ പലപ്പോഴായി ഇത് ആവര്‍ത്തിച്ചു. എയര്‍ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ വിദേശങ്ങളിലെ എയര്‍ ഇന്ത്യയുടെ കൗണ്ടര്‍ ജോലിക്കാരും കോഴിക്കോട് വിമാനത്താവളത്തിലെ ജീവനക്കാരും അടങ്ങിയ സംഘമാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു.

വിദേശങ്ങളിലെ എക്‌സ്‌റേ പരിശോധനയ്ക്കിടെ വിലയേറിയ സാധനങ്ങള്‍ അടങ്ങിയ ബാഗേജ് പ്രത്യേകമായി മാര്‍ക്കുചെയ്ത് കോഴിക്കോട്ടേക്കയക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ മാര്‍ക്ക്‌ചെയ്ത ബാഗേജ് വിമാനത്താവളത്തില്‍ കണ്‍വെയര്‍ ബെല്‍റ്റിലേക്ക് ലോഡുചെയ്യുന്ന സമയത്ത് മാറ്റപ്പെടും. ബാഗേജ് ലഭിക്കാതെ യാത്രക്കാരന്‍ പരാതിനല്കി സ്ഥലംവിടും. പിന്നീട് ബാഗേജ് കീറി വിലപിടിച്ച സാധനങ്ങള്‍ പുറത്തെടുത്തശേഷം എവിടെയെങ്കിലും ഉപേക്ഷിക്കും.

ബാഗേജില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നതെന്ന് യാത്രക്കാരന്‍ നേരത്തെ ഡിക്ലറേഷന്‍ നല്‍കാത്തതിനാല്‍ നാമമാത്രമായ നഷ്ടപരിഹാരം മാത്രമാവും എയര്‍ ഇന്ത്യയില്‍നിന്ന് യാത്രക്കാരന് ലഭിക്കുക. എയര്‍ ഇന്ത്യ അധികൃതര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ഏതാനും ജീവനക്കാരെ സ്ഥലംമാറ്റുകയും വിമാനത്തില്‍നിന്ന് സാധനങ്ങള്‍ ഇറക്കി കണ്‍വെയര്‍ ബല്‍ട്ടില്‍ ഇടുന്ന സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇതിന് പരിഹാരമായത്. എന്നാല്‍ 2011 മധ്യത്തോടെയും 2012 ആദ്യത്തിലും ഇത്തരത്തിലുള്ള മോഷണം ആവര്‍ത്തിക്കപ്പെട്ടു. ഈ പരമ്പരയിലെ അവസാനത്തെ സംഭവമാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്നത്. ഇതിന് രണ്ടുദിവസംമുമ്പ് ഇതേ രീതിയില്‍ ഒരു യാത്രക്കാരന്റെ വിലപിടിച്ച വസ്തുക്കള്‍ നഷ്ടമായിരുന്നു. എന്നാല്‍ പരാതിനല്‍കാന്‍ യാത്രക്കാരന്‍ തയ്യാറാവാതിരുന്നതിനാല്‍ അന്വേഷണം നടന്നില്ല. പല സംഭവങ്ങളിലും കുറ്റവാളികള്‍ക്ക് തുണയായത് യാത്രക്കാര്‍ പരാതി നല്‍കാന്‍ തയ്യാറാവാത്തതാണ്.വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗേജ് ഇന്‍ഷുര്‍ ചെയ്ത് കൊണ്ടുവരുന്നതാണ് സുരക്ഷിതമെന്ന് അധികൃതര്‍ പറയുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക