Image

എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 26 July, 2012
എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് വില്ലേജ് പി.എസ്. 23 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ് ഇന്‍ യു.എസ്.എ. ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായി.

ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6 മണിക്കായിരുന്നു കലാപരിപാടികള്‍ ആരംഭിച്ചത്. വോഡഫോണ്‍ കോമഡി സ്റ്റാഴ്‌സിലെ പ്രതിഭകളും, സിനിമാ താരങ്ങളായ കല്പന, ഇന്ദ്രന്‍സ് എന്നിവരും അവതരിപ്പിച്ച പരിപാടികള്‍ വമ്പിച്ച വിജയമായിരുന്നു എന്ന് സംഘാടകര്‍ വിലയിരുത്തി.

എന്‍.ബി.എ. ബില്‍ഡിംഗ് ഫണ്ട് സ്‌പോണ്‍സര്‍മാരും അഭ്യുദയകാംക്ഷികളുമായ ഡോ. നിഷാ & ഉണ്ണി പിള്ള, ശ്രീമതി ലീലാ & രാമചന്ദ്രന്‍ നായര്‍, ശ്രീമതി കുമാരി & മുരളീധരന്‍ നായര്‍, ശ്രീമതി ഭാനുമതി & അനന്തന്‍ നായര്‍, ഡോ. ഗീത & പത്മകുമാര്‍ നായര്‍, ശ്രീമതി രുഗ്മിണി & ബാലകൃഷ്ണന്‍ നായര്‍, ഡോ. ലതാ & പ്രേമചന്ദ്രന്‍, ബീന & ഡോ. അശോക് കുമാര്‍ എന്നിവര്‍ ഭദദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എന്‍.ബി.എ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാഗാനത്തിനു ശേഷം ജനറല്‍ സെക്രട്ടറി കുന്നപ്പള്ളില്‍ രാജഗോപാല്‍ പ്രസിഡന്റ് ജയപ്രകാശ് നായരെ സദസ്സിനു പരിചയപ്പെടുത്തി. ജയപ്രകാശ് നായര്‍ സദസ്സിന് സ്വാഗതമാശംസിക്കുകയും ഈ സംരംഭത്തെ വിജയിപ്പിക്കുവാന്‍ ഉദാരമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

ശ്രീ ജി.കെ. നായരുടെ നേതൃത്വത്തിലുള്ള ബില്‍ഡിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് അഭിനന്ദിച്ചു. 2010-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കമ്മിറ്റി ഓരോ വര്‍ഷവും മാറിവരുന്ന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെക്കൂടി ചേര്‍ത്ത് വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പരിമിതമായ ഇപ്പോഴത്തെ സൗകര്യങ്ങളില്‍ നിന്ന് കൂടുതല്‍ സൗകര്യമുള്ള വലിയ കെട്ടിടത്തിലേക്ക് ആസ്ഥാനം മാറുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍, ലഘു നാടകങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അവതരിപ്പിച്ച കലാപരിപാടികള്‍ അത്യന്തം ഹൃദ്യമായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജോബി ജോണും, അടിപൊളി ഗാനങ്ങള്‍ക്ക് പ്രസിദ്ധനായ ജഫ്‌റി ബ്ലാത്തുമായിരുന്നു ഗാനമേള നയിച്ചത്. ശ്രീമതി ബിന്ദിയാ പ്രസാദിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ നൃത്തങ്ങള്‍ പരിപാടികള്‍ക്ക് മിഴിവേകി.

ശ്രീ മുരളീധരന്‍ നായരുടേയും വിജയകുമാര്‍ നായരുടെയും നേതൃത്വത്തില്‍ നടത്തിയ എന്‍.ബി.എ. ഫുഡ് സ്റ്റാള്‍ വളരെ സജീവമായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീമതി വനജ നായര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മുരളീധരന്‍ നായരും ഡോ. മധു പിള്ളയും കോ-ഓര്‍ഡിനേറ്റര്‍മാര്‍ ആയിരുന്നു.
എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി
എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി
എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി
എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി
എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി
എന്‍.ബി.എ. സംഘടിപ്പിച്ച കോമഡി ഷോ വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക