Image

ഹജ്ജ്: 500ലേറെ സീറ്റുകള്‍ വര്‍ധിക്കാന്‍ സാധ്യത;റിസര്‍വ് കാറ്റഗറിക്കാര്‍ക്ക് പ്രതീക്ഷ

Published on 25 July, 2012
ഹജ്ജ്: 500ലേറെ സീറ്റുകള്‍ വര്‍ധിക്കാന്‍ സാധ്യത;റിസര്‍വ് കാറ്റഗറിക്കാര്‍ക്ക് പ്രതീക്ഷ
കൊണ്ടോട്ടി: കേന്ദ്രസര്‍ക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും ക്വാട്ട സുപ്രീംകോടതി വെട്ടിക്കുറച്ചതോടെ കേരളത്തിന് 500ലേറെ ഹജ്ജ് സീറ്റുകള്‍കൂടി ലഭിച്ചേക്കും. ഇരു ക്വാട്ടകളിലുമായി ഉണ്ടായിരുന്ന 5050 സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അധികം ലഭിക്കുക.

സംസ്ഥാനത്തിന് കൂടുതല്‍ സീറ്റുകള്‍ ഉറപ്പായതോടെ കാത്തിരിപ്പ് പട്ടികയിലെ റിസര്‍വ് കാറ്റഗറിക്കാരുടെ പ്രതീക്ഷയേറി. റിസര്‍വ് കാറ്റഗറിയില്‍ 588 പേരാണ് തുടരുന്നത്. തുടര്‍ച്ചയായി നാലാംവര്‍ഷം അപേക്ഷിച്ചവരാണിവര്‍.

സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വിവേചന ക്വാട്ടയില്‍ നിന്ന് 4750 സീറ്റുകള്‍ വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് ലഭിക്കും. 300 സീറ്റുകള്‍ കേന്ദ്രസര്‍ക്കാരിന് നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ ക്വാട്ട 500ല്‍ നിന്ന് 200 ആക്കി. ഈവര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കേരളത്തില്‍ നിന്നാണ്. എങ്കിലും 7518 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. കഴിഞ്ഞവര്‍ഷം 9000 പേര്‍ക്ക് അവസരം ലഭിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവുള്ള സീറ്റുകള്‍ വീതിക്കുമ്പോള്‍ കേരളത്തിന് സീറ്റുകള്‍ വര്‍ധിക്കും. പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒഴിവുള്ള സീറ്റുകളാകും കേരളമടക്കം കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക. ഇതുവഴി കേരളത്തിലെ പൊതുപട്ടികയിലെ കുറച്ചുപേര്‍ക്കുകൂടി ഈവര്‍ഷം ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് സൂചന.നിലവില്‍ അവസരം ലഭിച്ചവര്‍ക്ക് രണ്ടാംഗഡു പണമടയ്ക്കാനുള്ള സമയം 31 ന് അവസാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള സീറ്റുകള്‍ സംബന്ധിച്ച് 31 ന് ശേഷമേ വ്യക്തമായ കണക്ക് ലഭിക്കുകയുള്ളൂ.

ഹജ്ജ്: 500ലേറെ സീറ്റുകള്‍ വര്‍ധിക്കാന്‍ സാധ്യത;റിസര്‍വ് കാറ്റഗറിക്കാര്‍ക്ക് പ്രതീക്ഷ
ഹജ്ജ്: 500ലേറെ സീറ്റുകള്‍ വര്‍ധിക്കാന്‍ സാധ്യത;റിസര്‍വ് കാറ്റഗറിക്കാര്‍ക്ക് പ്രതീക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക