Image

ഡെങ്കിപ്പനിക്കുള്ള വാക്‌സിന്‍ വിജയം

Published on 25 July, 2012
ഡെങ്കിപ്പനിക്കുള്ള വാക്‌സിന്‍ വിജയം
പാരീസ്: ഡെങ്കിപ്പനിക്കെതിരെ ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിയുന്നു. നിലവിലുള്ള നാല് ഡെങ്കി വൈറസുകളില്‍ മൂന്നിനെയും ചെറുക്കാന്‍ വാക്‌സിന് കഴിയുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വ്യക്തമായി. സനോഫി എന്ന ഫ്രഞ്ച്കമ്പനിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ലോകത്ത് പ്രതിവര്‍ഷം 10 കോടി പേരെ ബാധിക്കുന്ന ഡെങ്കിപ്പനി 10,000 മുതല്‍ 25,000 വരെ പേരുടെ മരണത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഡെങ്കിക്കെതിരായ പ്രതിരോധമരുന്നിനായി കഴിഞ്ഞ 70 വര്‍ഷമായി ലോകത്ത് ഗവേഷണങ്ങള്‍ നടന്നുവരുന്നു. വാക്‌സിന്‍ ഫലപ്രദവും അതേസമയം സുരക്ഷിതവുമാണെന്ന് സനോഫി വക്താവ് പറഞ്ഞു. 35 കോടി യൂറോയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ചെലവായത്. ഏയ്ഡീസ് കൊതുകുവഴി പരക്കുന്ന വൈറസ് രോഗമായ ഡെങ്കിപ്പനിക്ക് 'ബ്രെയ്ക്ക്‌ബോണ്‍ ഫീവര്‍' എന്നും പേരുണ്ട്. രോഗകാരണമായ വൈറസ് നാലുതരമുണ്ട്. ഒരിക്കല്‍ രോഗംവന്നാല്‍ അതേ ഇനത്തില്‍പ്പെട്ട വൈറസില്‍നിന്ന് ആജീവാനന്ത പ്രതിരോധം ലഭിക്കും. 

എന്നാല്‍ ഇതുവഴി മറ്റ് ഡെങ്കിവൈറസുകള്‍ക്കെതിരെ ഹ്രസ്വകാല പ്രതിരോധമേ ഉണ്ടാകൂ. ഇപ്പോള്‍ കണ്ടെത്തിയ പ്രതിരോധമരുന്ന് മൂന്നിനം വൈറസിനെ മാത്രമേ പ്രതിരോധിക്കൂ. നാലാമത്തെ ഇനത്തിന്റെ കാര്യത്തില്‍ ഫലപ്രദമാകാത്തത് എന്തുകൊണ്ടാണെന്നത് ഗവേഷകര്‍ പരിശോധിച്ചുവരികയാണ്. പുതിയ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഷ്യയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമായി നടക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക