Image

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്നു വേട്ട

Published on 25 July, 2012
ആലപ്പുഴയില്‍ വന്‍ മയക്കുമരുന്നു വേട്ട
ചേര്‍ത്തല: അലോപ്പതി ഡോക്ടറടക്കം മയക്കുമരുന്ന് വില്പനയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നുപേര്‍ എക്‌സൈസ് പിടിയിലായി. 291 ആംപ്യൂളുകള്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. ചേര്‍ത്തല, ആലപ്പുഴ, കുത്തിയതോട് റേഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

അരൂരില്‍ 'ദേവ്‌സ്' ക്ലിനിക് നടത്തുന്ന നാലാംവാര്‍ഡ് ദീപാവില്ലയില്‍ ഡോ. സോണി ഡാനിയല്‍ (44), ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ് കൊമ്പാടി അച്ചുതറ എറിക്‌സണ്‍ ജോസഫ് (അലക്‌സ്38), പള്ളൂരുത്തി കൈതക്കുഴി പ്രദീപ് (34)എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പന വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ഏറെനാളായി ഡോ. സേണി ഡാനിയല്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളെ കൂടെക്കൂട്ടി ചൊവ്വാഴ്ച രാത്രി എക്‌സൈസ് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് ഡോക്ടര്‍ കുടുങ്ങിയത്. 53 ആംപ്യൂളുകള്‍ ഡോക്ടറുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. ഡോക്ടറെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വില്പന സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന എറിക്‌സണ്‍ ജോസഫിനെ ആലപ്പുഴയില്‍നിന്ന് പിടികൂടിയത്. 230 ആംപ്യൂളുകളാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. മറ്റൊരു വില്പനക്കാരനായ പ്രദീപിനെ അരൂര്‍ ക്ഷേത്രം കവലയില്‍ നിന്നുമാണ് പിടികൂടിയത്. എട്ട് ആംപ്യൂളുകള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എയ്ഡ്‌സ് രോഗിയായ പ്രദീപ് മയക്കുമരുന്ന് കുത്തിവെക്കുന്നതിനായി ഉപയോഗിച്ച സിറിഞ്ചുകള്‍ മറ്റുപലര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ആരോഗ്യവകുപ്പുമായി ആലോചിച്ച് ഇയാളുമായി ബന്ധമുള്ള മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍. അനില്‍കുമാറിന്റെ നിരീക്ഷണത്തില്‍ ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബാബുവാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. റേഞ്ച് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. രാജേഷ്, കെ.സി. സുജിത്ത്, സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബിനീഷ്, ദിലീപ്, രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്നു വേട്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക