Image

പാസ്‌പോര്‍ട്ടിലെ വ്യത്യാസം; മലയാളിയെ എയര്‍പോര്‍ട്ടില്‍നിന്ന്‌ തിരിച്ചയച്ചു

Published on 25 July, 2012
പാസ്‌പോര്‍ട്ടിലെ വ്യത്യാസം; മലയാളിയെ എയര്‍പോര്‍ട്ടില്‍നിന്ന്‌ തിരിച്ചയച്ചു
മനാമ: പുതിയ പാസ്‌പോര്‍ട്ടില്‍ വയസും വിലാസവും മാറിയതിന്‍െറ പേരില്‍ മലയാളിക്ക്‌ എയര്‍പോര്‍ട്ടില്‍നിന്ന്‌ പുറത്തു വരാനായില്ല. മലപ്പുറം തവനൂര്‍ സ്വദേശി നാസര്‍ ബാവ ഹാജിക്കാണ്‌ ബഹ്‌റൈന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന്‌ തിരിച്ചുപോകേണ്ടിവന്നത്‌. കരിപ്പൂരില്‍ ഇറങ്ങിയ ഇയാളുടെ പാസ്‌പോര്‍ട്ട്‌ അവിടെയും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചു. തിരിച്ചുവന്ന ഖത്തര്‍ എയര്‍വേഴ്‌സ്‌ വിമാന ടിക്കറ്റ്‌ ചാര്‍ജായ 32000 രൂപ അടച്ചാല്‍ മാത്രമേ പാസ്‌പോര്‍ട്ട്‌ തിരിച്ചു നല്‍കുകയുള്ളൂവെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. പാസ്‌പോര്‍ട്ടിലെ പിഴവ്‌ എത്രയും വേഗം തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇസാടൗണിലെ കമ്പനിയില്‍ രണ്ട്‌ വര്‍ഷം ടാങ്കര്‍ െ്രെഡവറായി പ്രവര്‍ത്തിച്ച ഇയാള്‍ വിസ പുതുക്കാന്‍ വൈകിയതിനാലാണ്‌ നാട്ടില്‍ പോയത്‌. ഇതിനിടയില്‍ പാസ്‌പോര്‍ട്ടിന്‍െറ കാലാവധി കഴിഞ്ഞിരുന്നു. നേരത്തെ മുംബൈയില്‍നിന്ന്‌ എടുത്ത പാസ്‌പോര്‍ട്ടായിരുന്നു നാസര്‍ ബാവ ഉപയോഗിച്ചിരുന്നത്‌. ഇത്‌ പിന്നീട്‌ സൗദിയില്‍നിന്ന്‌ പുതുക്കി. മൂന്നാമത്തെ തവണ മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പുതുക്കാന്‍ കൊടുത്ത പാസ്‌പോര്‍ട്ടില്‍ പുതിയ മേല്‍വിലാസമായിരുന്നു കൊടുത്തിരുന്നത്‌. വയസ്‌ തെളിയിക്കുന്ന രേഖ വേണമെന്ന്‌ പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലെ ജനന തീയതിയാണ്‌ പുതിയ പാസ്‌പോര്‍ട്ടില്‍ ചേര്‍ത്തിരുന്നത്‌. പഴയ പാസ്‌പോര്‍ട്ടിലെ വയസുമായി ഇതിന്‌ ഏഴ്‌ വര്‍ഷത്തെ വ്യത്യാസമുണ്ടായിരുന്നു. പുതിയ പാസ്‌പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വിസ പുതുക്കിയ നാസര്‍ ബാവ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ എയര്‍പോര്‍ട്ടില്‍ എത്തിയത്‌. എമിഗ്രേഷനില്‍ പാസ്‌പോര്‍ട്ട്‌ കാണിച്ചപ്പോഴാണ്‌ ഉദ്യോഗസ്ഥര്‍ രേഖകളില്‍ വ്യത്യാസം കണ്ടതും ഇയാളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതും. സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായി മുഖേന ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും പാസ്‌പോര്‍ട്ടില്‍ വ്യത്യാസമുണ്ടെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്ന്‌ അറിയിക്കുകയായിരുന്നു. പാസ്‌പോര്‍ട്ടില്‍ തിരുത്തലും മറ്റ്‌ പ്രശ്‌നങ്ങളുമുള്ളവര്‍ നാട്ടില്‍നിന്നുതന്നെ അത്‌ തീര്‍ത്ത ശേഷമേ ഇവിടേക്ക്‌ വരാന്‍ പാടുള്ളൂവെന്ന്‌ നിരവധി തവണ എംബസി അധികൃതര്‍ ഉണര്‍ത്തിയതുമാണ്‌.

സ്‌പോണ്‍സര്‍ മുഖേന എല്‍.എം.ആര്‍.എയില്‍ ബന്ധപ്പെട്ടപ്പോള്‍ അവിടെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പുതിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ വെച്ചാണ്‌ വിസ അടിച്ചിരുന്നത്‌. പക്ഷേ, എമിഗ്രേഷനിലെ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കണമെന്നാണ്‌ എല്‍.എം.ആര്‍.എ അധികൃതര്‍ അറിയിച്ചത്‌. എന്നാല്‍, നേരത്തെ എമിഗ്രേഷനിലുള്ള നാസര്‍ ബാവയുടെ വിവരങ്ങളും ഇപ്പോഴത്തെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും തീര്‍ത്തും വ്യത്യസ്‌തമായതിനാല്‍ ഉദ്യേഗസ്ഥര്‍ ഇയാളെ പുറത്തു വിട്ടില്ല. പിന്നീട്‌ ഞായറാഴച രാത്രിയുള്ള വിമാനത്തില്‍ ഇയാളെ കോഴിക്കോട്ടേക്ക്‌ കയറ്റിവിടുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക