Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഭദ്രാസന ആസ്ഥാനത്ത്

ജോര്‍ജ് തുമ്പയില്‍ Published on 25 July, 2012
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഭദ്രാസന ആസ്ഥാനത്ത്
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാസ്ഥാനം സന്ദര്‍ശിച്ചു. മാര്‍ ആലഞ്ചേരിയേയും ഒപ്പം ഉണ്ടായിരുന്ന ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിനും ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കളോവോസ് മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിലുള്ള സംഘം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത് . മുംബൈ ഭദ്രാസനാധിപന്‍ ഗിവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, സിറോ മലങ്കര കാത്തലിക് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് ബിഷപ് മോസ്റ്റ് റവ ഡോ തോമസ് മാര്‍ യൗസേബിയോസ്, സിറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന എക്യുമെനിക്കല്‍ ഡയറക്ടര്‍ ഫാ. പൗലോസ് ടി. പീറ്റര്‍, ഭദ്രാസന ചാന്‍സലര്‍ ഫാ. തോമസ് പോള്‍, ഫാ.കെ.കെ. കുറിയാക്കോസ്, സഭാ മാനേജിങ് കമ്മറ്റിയംഗം പോള്‍ കറുകപ്പിള്ളില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരില്‍ എന്നിവരും സ്വീകരണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

കര്‍ദ്ദിനാള്‍ പദവിയിലെത്തിയ പതിനൊന്നാമത്തെ ഇന്ത്യക്കാരനും, നാലാമത്തെ സീറോ മലബാര്‍ സഭാദ്ധ്യക്ഷനുമായ മാര്‍ ആലഞ്ചേരിയുടെ ബഹുമാനാര്‍ത്ഥം ഒരുക്കിയ സല്ക്കാരവിരുന്നിന് ശേഷം നടന്ന ഹൃസ്വമായ ചര്‍ച്ചാവേളക്കാമുഖമായി പ്രാര്‍ത്ഥനാനിര്‍ഭരമായ ഭദ്രാസന യുവജനങ്ങളുടെയും വൈദീകരുടെയും പേരിലുള്ള പ്രാര്‍ത്ഥനാനിര്‍ഭരമായ നന്ദിയും സ്‌നേഹവും മാര്‍ നിക്കളോവോസ് പ്രകടിപ്പിക്കുകയുണ്ടായി.

സഭകളുടെ കൂട്ടായ വര്‍ത്തിത്വം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഐക്യമെന്നത് ലയനമല്ല. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ വേര്‍പെട്ടുപോയവര്‍ ഒന്നിക്കുകയെന്നത് ക്ഷിപ്രസാധ്യമല്ലെങ്കിലും യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ പറ്റുന്ന മേഖലകളില്‍ ഐക്യത പ്രകടിപ്പിക്കുവാന്‍ സഭാനേതാക്കന്മാര്‍ താല്‍പര്യമെടുത്തത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ യാഥാസ്ഥിതികതയുടെ പേരില്‍ സ്‌നേഹത്തിന്റെ ക്രൈസ്തവസന്ദേശം ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത ചിലരെങ്കിലും എല്ലാ വിഭാഗങ്ങളിലും ഉണ്ടെന്നിരിക്കെ തന്നെ, വളരുന്ന തലമുറ ഐക്യത്തിന്റെ കാഹളം ഊതുന്നത് ശ്രവിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നുള്ള സത്യം അവര്‍ മനസിലാക്കി തുടങ്ങിയെന്നത് താന്‍ വിശ്വസിക്കുന്നുവെന്ന് മാര്‍ നിക്കളോവോസ് പറഞ്ഞു.

മറുപടി പ്രസംഗത്തില്‍ മാര്‍ ആലഞ്ചേരി
മനസ്സു തുറന്നു. ഇങ്ങനെയുള്ള കൂട്ടായ്മകള്‍ ഒരു സഭാ അനുഭവമായും അതേസമയം തന്നെ സൗഹൃദാനുഭവമായും താന്‍ കണക്കാക്കുന്നു. വലിയ എക്യുമെനിക്കല്‍ വീക്ഷണമുള്ള ആളാണ് മാര്‍പാപ്പ. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളോട് തുറന്ന മനോഭാവമാണ് ഇന്ന് കത്തോലിക്ക സഭയിലെ ഒട്ടുമിക്ക ബിഷപ്പുമാര്‍ക്കും ഉള്ളത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് പൊതുവെ സഭയ്ക്ക് ഗുണപരമാകും എന്നുള്ള ചിന്തയാണുള്ളത്. നമ്മുടെ വിശ്വാസ സംഹിതകള്‍ ഏകദേശം ഒരുപോലെയാണ്. നമുക്ക് കൂടുതലായി അടുത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയും. ഒരേ വിശ്വാസമുള്ള സഭകള്‍ സഹകരണത്തില്‍ ദൈര്‍ഘ്യം സൂക്ഷിക്കേണ്ട ആവശ്യമില്ല- പ്രത്യേകിച്ച് മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍. നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഏകദേശം ഒരുപോലെ തന്നെയാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ തന്നോടുള്ള സ്‌നേഹാദരങ്ങള്‍ ഐക്യസംഭാഷണങ്ങളില്‍ തനിക്ക് പ്രചോദനമാകുന്നുവെന്ന് അയര്‍ലന്‍ഡിലുണ്ടായ ഒരനുഭവം വിശദീകരിച്ചുകൊണ്ട് മാര്‍ ആലഞ്ചേരി പറഞ്ഞു. മലങ്കര സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനത്ത് തനിക്ക് നല്‍കിയ സ്വീകരണത്തിനും സല്‍ക്കാരത്തിനും മാര്‍ ആലഞ്ചേരി നന്ദി രേഖപ്പെടുത്തി.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഭദ്രാസന ആസ്ഥാനത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക