Image

നിയമസഭാ സമ്മേളനം കഴിഞ്ഞ് എം.എല്‍.എമാര്‍ മടങ്ങുന്നത് സമ്മാനങ്ങളുമായി

Published on 24 July, 2012
 നിയമസഭാ സമ്മേളനം കഴിഞ്ഞ് എം.എല്‍.എമാര്‍ മടങ്ങുന്നത് സമ്മാനങ്ങളുമായി
തിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിഞ്ഞ് ബുധനാഴ്ച എം.എല്‍.എമാര്‍ വീടുകളിലേക്ക് മടങ്ങുന്നത് പെട്ടിയും അതില്‍ നിറയെ സമ്മാനങ്ങളുമായി.

മന്ത്രിമാരുടെ വകയാണ് ഈ സമ്മാനങ്ങളെല്ലാം. കാമറ, ഗാലക്‌സി മൊബൈല്‍ ഫോണ്‍, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങി മത്സ്യവിഭവങ്ങള്‍വരെ സമ്മാനമായി കൊടുത്തിട്ടുണ്ട്. ഇവയൊക്കെ കൊണ്ടുപോകുന്നതിന് ബ്രീഫ് കെയ്‌സും.
ധനമന്ത്രി കെ.എം. മാണിയുടെ വകയാണ് ഗാലക്‌സി2. മന്ത്രി എം.കെ. മുനീര്‍ നല്‍കിയത് സ്‌കാനറും ഫാക്‌സും ഉള്‍പ്പെടുന്ന പ്രിന്റര്‍. കിട്ടുന്ന നിവേദനങ്ങള്‍ അപ്പോള്‍തന്നെ സ്‌കാന്‍ ചെയ്ത് അയക്കട്ടേയെന്നാകും മന്ത്രിയുടെ ആഗ്രഹം. കഴിഞ്ഞ സെഷനില്‍ ഐപാഡ് നല്‍കിയിരുന്നതിനാല്‍ ഇപ്പോള്‍തന്നെ ഹൈടെക് ആണ് എം.എല്‍.എമാര്‍.

തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ വകയാണ് കാമറ. കാനന്റെ പുതിയ മോഡല്‍ കാമറ കിറ്റാണ് നല്‍കിയത്. മന്ത്രി എ.പി. അനില്‍കുമാറിന്റെ വക സമ്മാനം വിലകൂടിയ ഡിന്നര്‍ സെറ്റുകളാണ്. കട്‌ലറ്റ്, അച്ചാര്‍ തുടങ്ങി 21ഇനം മത്സ്യവിഭവങ്ങളും എം.എല്‍.എമാരുടെ വീടുകളിലെത്തും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് എല്ലാവര്‍ക്കും ബ്രീഫ് കെയ്‌സ് സമ്മാനിച്ചത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചില എം.എല്‍.എമാര്‍ സമ്മാനം നിരസിച്ചെങ്കില്‍ ഇത്തവണ അങ്ങനെയാരുമില്ല. മുന്നണി വ്യത്യാസം കൂടാതെ എല്ലാവരും സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക