Image

ക്യാപ്റ്റന്‍ ലക്ഷ്മി മലയാളിയായിട്ടും സര്‍ക്കാറിന്റെ പ്രതിനിധികളെത്തിയില്ല

Published on 24 July, 2012
ക്യാപ്റ്റന്‍ ലക്ഷ്മി മലയാളിയായിട്ടും സര്‍ക്കാറിന്റെ പ്രതിനിധികളെത്തിയില്ല
കാണ്‍പൂര്‍: ദേശീയ പ്രസ്ഥാനത്തിന് തിളക്കമേറിയ സംഭാവനകള്‍ നല്‍കിയ ആനക്കര വടക്കത്ത് തറവാട്ടംഗവും രാജ്യംമുഴുവന്‍ ആദരിക്കുന്ന മലയാളിയുമായിട്ടും ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹത്തെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികളെത്തിയില്ല. മദ്രാസില്‍ ജനിച്ചുവളര്‍ന്ന് കേരളത്തിനുപുറത്ത് പൊതുജീവിതം നയിച്ച ക്യാപ്റ്റന്‍ ലക്ഷ്മി, മലയാളിയായതില്‍ ഏറെ അഭിമാനം പുലര്‍ത്തിയിരുന്നു. നല്ല മലയാളത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. 

നാലഞ്ചുവര്‍ഷംമുമ്പുള്ള ശസ്ത്രക്രിയയ്ക്കുശേഷം മാത്രമാണ് സ്ഥിരമായുള്ള കേരളസന്ദര്‍ശനം ക്യാപ്റ്റന്‍ മുടക്കിയത്. അതിനുശേഷം കേരളത്തെക്കുറിച്ചുള്ള ഗൃഹാതുരതകള്‍ പ്രിയപ്പെട്ടവരോടെല്ലാം പങ്കുവെക്കുന്നതും പതിവായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളെത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍ സുഭാഷിണി അലി പറഞ്ഞു. 

അതില്‍ വിഷമമുണ്ടെങ്കിലും പരാതികളൊന്നുമില്ല. കേന്ദ്രസര്‍ക്കാരിന്റെ വക പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അനുശോചനസന്ദേശം എത്തിയിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവി വ്യക്തിപരമായ സന്ദര്‍ശനവും നടത്തി  സുഭാഷിണി പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാറിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയായ അസംഖാന്‍ നേരിട്ടെത്തി ക്യാപ്റ്റന്‍ ലക്ഷ്മിക്ക് അന്തിമാദരം അര്‍പ്പിച്ചു.

ക്യാപ്റ്റന്‍ ലക്ഷ്മി മലയാളിയായിട്ടും സര്‍ക്കാറിന്റെ പ്രതിനിധികളെത്തിയില്ല
സുഭാഷിണി അലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക