Image

പോലീസില്‍ ഇനി 'ഓണ്‍ലൈനി'ല്‍ പരാതി നല്‍കാം

Published on 24 July, 2012
പോലീസില്‍ ഇനി 'ഓണ്‍ലൈനി'ല്‍ പരാതി നല്‍കാം
കണ്ണൂര്‍:വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസുകളിലും 'സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്' ഓണ്‍ലൈന്‍ സംവിധാനം യാഥാര്‍ഥ്യമാകുന്നു. പോലീസ് ഓഫീസുകളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഏത് പോലീസ് സ്‌റ്റേഷനിലേക്കുള്ള പരാതിയും സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനിലും സമര്‍പ്പിക്കാം. പരാതികള്‍ക്ക് രസീത് നല്‍കുന്നതും പരാതി മറ്റ് ഓഫീസുകളിലേക്ക് അയക്കുന്നതും 'സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്' വഴി ഓണ്‍ലൈനായി ചെയ്യും.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 434 പോലീസ് സ്‌റ്റേഷനുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നല്‍കി. ശേഷിക്കുന്ന സ്‌റ്റേഷനുകള്‍ക്ക് ഇവ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പോലീസ്‌സ്‌റ്റേഷനുകള്‍ക്കുപുറമെ പൊതുജനങ്ങള്‍ക്ക് വിവരം അറിയുന്നതിന് ഓരോ ജില്ലയിലും വിവിധ കേന്ദ്രങ്ങളില്‍ 'ടച്ച് സ്‌ക്രീന്‍ കിയോസ്‌ക്' സ്ഥാപിക്കും. നല്‍കുന്ന പരാതിയുടെ അന്വേഷണപുരോഗതി രസീതിലെ നമ്പര്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പോലീസ്‌സ്‌റ്റേഷനില്‍ നിന്നോ കിയോസ്‌കുകള്‍ വഴിയോ അറിയാം. പോലീസ്‌സ്‌റ്റേഷനുകളില്‍നിന്നും സര്‍ക്കിള്‍, സബ് ഡിവിഷന്‍, ജില്ലാ പോലീസ് ഓഫീസുകളുള്‍പ്പെടെ മറ്റ് ഓഫീസുകളിലേക്കുള്ള കത്തുകളും രേഖകളും ഓണ്‍ലൈനായി അയക്കാം. പോലീസ് സേനാംഗങ്ങള്‍ക്ക് ജില്ലാ പോലീസ് ഓഫീസിലേക്കോ മറ്റ് ഉയര്‍ന്ന ഓഫീസുകളിലേക്കോ അപേക്ഷകള്‍ നല്‍കുന്നതിനും ഇത് ഉപയോഗിക്കാം. 

പോലീസ് ഓഫീസിലെ കമ്പ്യൂട്ടറില്‍ 'സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്' തിരഞ്ഞെടുത്ത് യൂസര്‍ ഐ.ഡി.യും പാസ് വേഡും നല്‍കിവേണം ഇതിലേക്ക് പ്രവേശിക്കാന്‍. തുടര്‍ന്ന് പെറ്റീഷന്‍ പ്രോസസിങ്ങില്‍ പോയി രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക്‌ചെയ്ത് അവശ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരാതി രജിസ്റ്റര്‍ ചെയ്യാം. അപ്പോള്‍ പരാതിക്ക് നമ്പര്‍ ലഭിക്കും. അതേസ്‌റ്റേഷനിലെ പരാതിയാണെങ്കില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കൈമാറി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കാം. മറ്റ് സ്‌റ്റേഷനിലേക്കുള്ളതാണെങ്കില്‍ ഓണ്‍ ലൈനായി അവിടേക്കയക്കാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ഓരോ ദിവസത്തെയും അന്വേഷണറിപ്പോര്‍ട്ട് ഇതില്‍ നല്‍കണം. പരാതി സ്വീകരിക്കുന്നതുമുതല്‍ തീര്‍പ്പാക്കുന്നതുവരെ ഓണ്‍ലൈനായി ചെയ്യാനാവുമെന്നതാണ് നേട്ടം.

പോലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളും ജീവനക്കാരുടെ അപേക്ഷകളും കമ്പ്യൂട്ടര്‍വത്കരിക്കുന്നതുവഴി ഇവയുടെ വ്യക്തമായ ചിത്രം ഉന്നത പോലീസ് ഓഫീസുകളില്‍ ലഭിക്കും. പരാതികള്‍ മുക്കാനാവില്ലെന്ന് മാത്രമല്ല ഇവയില്‍ സ്വീകരിച്ച നടപടികളും മേലുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും വിലയിരുത്താം. പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകുമെന്നതാണ് ഇതിന്റെ മെച്ചം. കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പും എളുപ്പമാവും. ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജി. എസ്.ആനന്തകൃഷ്ണനാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍. സംസ്ഥാന ഐ.ടി. മിഷനാണ് 'സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌കി'നുള്ളസോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക