Image

പ്രേഷിത സംഗമവും കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണവും നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2012
പ്രേഷിത സംഗമവും കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണവും നടന്നു
ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച്‌ പ്രേഷിത സംഗമവും, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണവും ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള ഔവര്‍ ലേഡി ഓഫ്‌ പീസ്‌ ദേവാലയത്തില്‍ ജൂലൈ 21-ന്‌ ശനിയാഴ്‌ച വൈകുന്നേരം നടന്നു.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, കണക്‌ടിക്കട്ട്‌, പെന്‍സില്‍വേനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന്‌ അമേരിക്കയില്‍ സുവിശേഷവത്‌കരണത്തിനായി പ്രവര്‍ത്തിക്കുന്ന വൈദീകരും സന്യസ്‌തരും അത്മായരും ഉള്‍പ്പെട്ട പ്രേഷിതരെ ആദരിക്കാനും, സഭാ തലവനായി തെരഞ്ഞെടുക്കപ്പെട്ടശേഷം അജപാലന സന്ദര്‍ശനത്തിനായി അമേരിക്കിയിലെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ സ്വീകരിക്കാനുമായി നടന്ന ചടങ്ങുകള്‍ക്ക്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയം ആതിഥേയത്വമരുളി.

വൈകിട്ട്‌ 6.30-ന്‌ തുടങ്ങിയ സ്വീകരണ ചടങ്ങുകളില്‍ അമ്പതില്‍പ്പരം വൈദീകരും, ഇരുപത്തിയഞ്ചിലേറെ കന്യാസ്‌ത്രീകളുമടക്കം ആയിരത്തി അഞ്ഞൂറില്‍പ്പരം പേര്‍ പങ്കെടുത്തു.

ദേവാലയത്തിലേക്ക്‌ ചുവന്ന പരവതാനിയിലൂടെ നടന്നുനീങ്ങിയ അഭിവന്ദ്യ പിതാവ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ നടത്തിയ സ്വീകരണത്തിന്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ ദേവാലയം, ഗാര്‍ഫീല്‍ഡ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്‍, ഹെംസ്റ്റഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയം, ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ എന്നീ ദേവാലയങ്ങളില്‍ നിന്നുള്ള ഇടവകാംഗങ്ങള്‍ നേതൃത്വം നല്‍കി. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സീറോ മലങ്കര കത്തോലിക്കാസഭാ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌, മെട്ടച്ചന്‍ ഡയോസിസ്‌ ഡീന്‍ റവ. മോണ്‍സിഞ്ഞോര്‍ ചാള്‍സ്‌ സെറാര്‍ലെ, റവ. മോണ്‍. ജോണ്‍ ചാക്കോ, സീറോ മലങ്കര കത്തോലിക്കാ വികാരി ജനറാള്‍ ഫാ. പീറ്റര്‍ കോച്ചേരി, റവ.ഫാ. ആന്റണി കൊള്ളന്നൂര്‍, ഷിക്കാഗോ രൂപതാ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്‌, വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍, റവ.ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, മറ്റ്‌ ദേവാലയങ്ങളില്‍ നിന്നും എത്തിയ വൈദീകര്‍, കന്യാസ്‌ത്രീകള്‍, പ്രേഷിത പ്രവര്‍ത്തകര്‍ എന്നിവര്‍ അനുഗമിച്ചു.

ഔവര്‍ ലേഡി ഓഫ്‌ പീസ്‌ ദേവാലയത്തിലെ നൈറ്റ്‌ ഓഫ്‌ കൊളംബസിന്റെ സാന്നിധ്യം സ്വീകരണ ചടങ്ങുകള്‍ക്ക്‌ രാജകീയ പ്രൗഢി നല്‍കി.

ദൈവവിളിയുടെ വിളനിലമായ രൂപതയ്‌ക്കാകെ പുത്തന്‍ ചൈതന്യം സമ്മാനിച്ച്‌ നടത്തിയ വിപുലമായ ചടങ്ങുകള്‍ക്ക്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി നേതൃത്വം നല്‍കി. രൂപതാ തലത്തില്‍ ഷിക്കാഗോ രൂപതയുടെ വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ മേല്‍നോട്ടം വഹിച്ചു.

വൈകുന്നേരം 7 മണിക്ക്‌ നടന്ന പൊതുസമ്മേളനത്തില്‍ വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ നേതൃത്വം നല്‍കി. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അഭി. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയേയും മറ്റ്‌ മിഷണറിമാരേയും സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ സീറോ മലങ്കര കത്തോലിക്കാ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ കര്‍ദിനാളിനെ അനുമോദിച്ച്‌ ആശംസാ സന്ദേശം നല്‍കി. സ്വീകരണ ചടങ്ങില്‍ റവ.ഫാ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ രചിച്ച്‌ സംവിധാനം ചെയ്‌ത മംഗളഗാനം അദ്ദേഹത്തോടൊപ്പം ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ഗായകസംഘം ആലപിച്ചു.

തുടര്‍ന്ന്‌ ഔവര്‍ ലേഡി ഓഫ്‌ പീസ്‌ ദേവാലയത്തിലെ അസി. പാസ്റ്റര്‍ ഫാ. പോളി തെക്കന്‍, മോണ്‍. ചാള്‍സ്‌ സെസാര്‍ലെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മിഷണറിമാര്‍ക്ക്‌ സന്ദേശം നല്‍കി പ്രാര്‍ത്ഥിച്ചു. നാമെല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്നും ക്രിസ്‌ത്യാനികള്‍ ദൈവത്തിന്റെ സമ്മാനമാണെന്നും തന്റെ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ മാതാപിതാക്കള്‍ നമ്മളെ ദൈവത്തിന്‌ പ്രിയപ്പെട്ടവരായി വളര്‍ത്തിയതുപോലെ നമ്മുടെ കുഞ്ഞുങ്ങളെ ദൈവപരിപാലനയില്‍ വളര്‍ത്തേണ്ടത്‌ നമ്മുടെ കടമയാണെന്ന്‌ കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. ലോകത്തിന്റെ സാഹചര്യങ്ങള്‍ കര്‍ത്താവിന്റെ സുവിശേഷത്തിന്റേതായ ഉത്തരവാദിത്തങ്ങളില്‍ നിന്നും അകറ്റിയിട്ടുണ്ടെങ്കില്‍ തിരിച്ചുവരുവാന്‍ കഴിയണമെന്നും, സുവിശേഷവത്‌കരണത്തിന്‌ സഭ നിയോഗിക്കപ്പെട്ട സഭാ ശുശ്രൂഷകരായ വൈദീകരും, സമര്‍പ്പിതരും മാത്രമല്ല അത്മായരും മുന്നില്‍ നില്‍ക്കണമെന്ന്‌ ഓര്‍മ്മിപ്പിച്ചു.

കര്‍ദ്ദിനാളിന്റെ സ്വീകരണ ചടങ്ങിലും സംഗമത്തിലും പങ്കെടുത്തവര്‍ക്ക്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റ്റോം പെരുമ്പായില്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ മാര്‍ ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ പരിശുദ്ധ ദിവ്യബലി നടന്നു. ദിവ്യബലിയില്‍ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ ദേവാലയത്തിലെ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

ദിവ്യബലിയെ തുടര്‍ന്ന്‌ ഈസ്റ്റ്‌ മില്‍സ്റ്റോണില്‍ പുതുതായി പണിയുന്ന ദേവാലയത്തിന്റെ കോര്‍ണര്‍ സ്റ്റോണ്‍ മാര്‍ ആലഞ്ചേരി വെഞ്ചരിച്ചു. മിഷന്‍ സംഗമത്തില്‍ എത്തിയ എല്ലാ മിഷണറിമാര്‍ക്കും കര്‍ദ്ദിനാള്‍ സ്‌നേഹസമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
പ്രേഷിത സംഗമവും കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണവും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക