Image

ലണ്ടന്‍ ഒളിമ്പിക്‌സ്: ഇന്ത്യന്‍ പതാക ഉയര്‍ന്നു

Published on 22 July, 2012
ലണ്ടന്‍ ഒളിമ്പിക്‌സ്: ഇന്ത്യന്‍ പതാക ഉയര്‍ന്നു
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സ് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു. വില്ലേജ് മേയര്‍ സര്‍ ചാള്‍സ് അലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. 35 അത്‌ലറ്റുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ഉപ സംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജയെ മേയര്‍ ഒളിമ്പിക് വില്ലേജിലേക്ക് ഔദ്യാഗികമായി സ്വാഗതം ചെയ്തു. ലണ്ടനിലെ യുവാക്കള്‍ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികള്‍ ചടങ്ങിന് മിഴിവേകി. ‘വീ ആര്‍ ദ ചാമ്പ്യന്‍സ്’ എന്ന പാട്ടിന് ചുവടുവെച്ച് അത്‌ലറ്റുകളെ നര്‍ത്തകര്‍ ആവേശം കൊള്ളിച്ചു.

ടെന്നിസ് താരം മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ, അമ്പെയ്ത്ത് താരം ദീപിക കുമാരി, ഹോക്കി ബോക്‌സിങ് ടീമുകളിലെ ചില താരങ്ങള്‍ എന്നിവര്‍ മാത്രമാണ് സ്വാഗതചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സംഘത്തിലെ പകുതിയില്‍ താഴെ താരങ്ങള്‍ മാത്രമാണ് ചടങ്ങിനെത്തിയത്. താരങ്ങളും ഒഫീഷ്യലുകളും എത്തിച്ചേരാത്തത് കാരണം ചടങ്ങ് മാറ്റിവെക്കണമെന്ന് ഇന്ത്യന്‍ സംഘം അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഒളിമ്പിക് സംഘാടക സമിതി നിരസിക്കുകയായിരുന്നു.
‘ചടങ്ങ് നീട്ടണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചതിന്റെ കാരണമറിയാം. കൂടുതല്‍ താരങ്ങളെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിച്ചിരുന്നു. ഇന്ത്യ മാത്രമല്ല നിരവധി രാജ്യങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ആരുടെയും അപേക്ഷ പരിഗണിച്ചിട്ടില്ല. ഔദ്യാഗിക സ്വീകരണ ചടങ്ങ് മാറ്റിയാല്‍ അത് മൊത്തം പരിപാടിയെ ബാധിക്കും.’ ഒളിമ്പിക് ഗെയിംസ് വില്ലേജ് മേയര്‍ സര്‍ ചാള്‍സ് അലന്‍ പറഞ്ഞു.

ഇന്ത്യയുടെ പതാക ഉയര്‍ത്തിയശേഷം അതേ വേദിയില്‍വെച്ച് തുര്‍ക്‌മെനിസ്താന്‍െയും വെനിസ്വേലയുടെയും പതാകകള്‍ ഉയര്‍ത്തി.

ലണ്ടന്‍ ഒളിമ്പിക്‌സ്: ഇന്ത്യന്‍ പതാക ഉയര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക