Image

ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്ക്

Published on 22 July, 2012
ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്ക്
ലണ്ടന്‍: ബഹുരാഷ്ട്ര വ്യവസായ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ 1500 കോടി ഡോളര്‍ (82,832 കോടി രൂപ) നിക്ഷേപമിറക്കുന്നു. ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ഹിന്ദുജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ, പ്രകൃതിവാതകം, ഓട്ടോമോട്ടീവ്, ഐ.ടി, ബാങ്കിങ്, ഊര്‍ജ മേഖലയില്‍ അന്താരാഷ്ട്രതലത്തില്‍ ഇവര്‍ ഇതിനകം സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സാമ്പത്തികരംഗം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ശക്തി പ്രതീക്ഷ നല്‍കുന്നതാണെന്ന് ഹിന്ദുജ അഭിപ്രായപ്പെട്ടു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ നഗരങ്ങളില്‍ ഹിന്ദുജ ഗ്രൂപ്പ് ഇതിനകം 3500 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ടൗണ്‍ഷിപ്പുകളും പ്രത്യേക സാമ്പത്തിക മേഖലകളും ആരോഗ്യമേഖലകളിലെ സംരംഭങ്ങളുമടക്കമുള്ള പദ്ധതികളാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികള്‍ക്കായി 1500 കോടിയോളം രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷ. 

10,000 മെഗാവാട്ടിന്റെ ഊര്‍ജപദ്ധതിക്കും ഹിന്ദുജ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. 1000 മെഗാവാട്ടിന്റെ മറ്റൊരു പദ്ധതി പൂര്‍ത്തിയായി വരുന്നു. 1914ല്‍ മുംബൈ ആസ്ഥാനമായി പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജ ആരംഭിച്ച കമ്പനി പിന്നീട് ലണ്ടന്‍ ആസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക