Image

പോലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം രാഹുല്‍ ശര്‍മയ്‌ക്കെതിരെ നടപടിയെന്ന് ബിസിസിഐ

Published on 21 July, 2012
പോലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം രാഹുല്‍ ശര്‍മയ്‌ക്കെതിരെ നടപടിയെന്ന് ബിസിസിഐ
കൊളംബോ: ഐപിഎല്‍ ടൂര്‍ണമെന്റിനിടെ ആഡംബര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്‌ടെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മയ്‌ക്കെതിരെ പോലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ നടപടിയെടുക്കൂവെന്ന് ബിസിസിഐ. അച്ചടക്ക നടപടിയെടുക്കുന്നതിന് മുമ്പ് പോലീസ് റിപ്പോര്‍ട്ട് വിശദമായി പഠിക്കുമെന്നും ഇതിനുശേഷമെ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അംഗമായ രാഹുല്‍ ശര്‍മയെ തിരിച്ചുവിളിക്കുന്നകാര്യം ആലോചിക്കൂവെന്നും ബിസിസിഐ വൈസ്പ്രസിഡന്റും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല പറഞ്ഞു. 

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഐപിഎല്‍ സീസണിടെ ജുഹുവിലെ ആഡംബര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത രാഹുല്‍ ശര്‍മയും ദക്ഷിണാഫ്രിക്കന്‍ താരം വെയ്ന്‍ പാര്‍ണലും രക്തപരിശോധനയില്‍ പോസിറ്റീവ് ആണെന്നു കഴിഞ്ഞദിവസം കണ്‌ടെത്തിയിരുന്നു. ഐപിഎല്ലില്‍ പുന വാരിയേഴ്‌സ് താരങ്ങളായിരുന്ന ശര്‍മയെയും പാര്‍ണലിനെയും അടക്കം 90പേരെയാണു നിശാപാര്‍ട്ടിക്കിടെ പോലിസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.

ഇതില്‍ 44 പേരുടെ രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ രണ്ടു സ്ത്രീകളൊഴികെ ബാക്കിയെല്ലാവരും ലഹരി ഉപയോഗിച്ചിരുന്നതായി കണെ്ടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാഹുല്‍ ശര്‍മയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് സൂചിപ്പിച്ചിരുന്നു. ഇതിനിടെ രാഹുല്‍ ശര്‍മയ്ക്ക് പിന്തുണയുമായി പൂന വാരിയേഴ്‌സ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. രാഹുല്‍ അറിയാതെയാവും ലഹരി ഉപയോഗിച്ചതെന്ന് ഗാംഗുലി പറഞ്ഞു. തന്റെ രക്തസാംപിളില്‍ ലഹരി സാന്നിധ്യം കണ്‌ടെത്തുകയാണെങ്കില്‍ എന്നെന്നേക്കുമായി ക്രിക്കറ്റ് ഉപേക്ഷിക്കുമെന്നു നേരത്തെ രാഹുല്‍ ശര്‍മ പറഞ്ഞിരുന്നു.

 

പോലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം രാഹുല്‍ ശര്‍മയ്‌ക്കെതിരെ നടപടിയെന്ന് ബിസിസിഐ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക