Image

കുഴല്‍ക്കിണര്‍ കുഴിക്കുന്നവര്‍ 15 ദിവസം മുമ്പ് അനുമതി വാങ്ങണം

Published on 20 July, 2012
കുഴല്‍ക്കിണര്‍ കുഴിക്കുന്നവര്‍ 15 ദിവസം മുമ്പ് അനുമതി വാങ്ങണം
തിരുവനന്തപുരം: കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് 15 ദിവസം മുമ്പ് മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങിയിരിക്കണമെന്നതടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി.

കുഴല്‍ക്കിണറുകളിലും ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറുകളിലും വീണ് കുട്ടികള്‍ക്ക് അപായം സംഭവിക്കുന്നതുകാരണമാണ് ഈ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. 

രജിസ്‌ട്രേഷന്‍ ഉള്ള ഏജന്‍സി ആയിരിക്കണം കിണര്‍ കുഴിക്കേണ്ടത്. കിണര്‍ കുഴിക്കുന്നതിന് സമീപം സ്ഥലമുടമയുടെയും നിര്‍മിക്കുന്ന ഏജന്‍സിയുടെയും പൂര്‍ണമായ മേല്‍വിലാസം പ്രദര്‍ശിപ്പിക്കണം. നിര്‍മാണം നടക്കുമ്പോള്‍ ചുറ്റും സുരക്ഷാവേലിയുണ്ടായിരിക്കണം. കിണറിന് ചുറ്റും സിമന്റ് പ്ലാറ്റ്‌ഫോം നിര്‍മിക്കണം. കുഴലിന്റെ മുകള്‍ഭാഗം ഉരുക്കുപ്ലേറ്റോ സമാന വസ്തുക്കളോ ഉപയോഗിച്ച് അടയ്ക്കണം. പമ്പ് അറ്റകുറ്റപ്പണി നടത്തുമ്പോള്‍ കിണര്‍ സുരക്ഷിതമായി മൂടിയ നിലയിലായിരിക്കണം. ഏതെങ്കിലും കുഴല്‍കിണറുകള്‍ ഉപയോഗം നിര്‍ത്തുകയാണെങ്കില്‍ ശരിയായ രീതിയില്‍ അവ നികത്തിയശേഷം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റും വാങ്ങണം. 

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി പുറപ്പെടുവിക്കുന്ന മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളോടും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക