Image

അറ്റ്‌ലാന്റ വിശ്വാസപ്രഭയില്‍ ; ആറാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ 26 മുതല്‍ 29 വരെ,

ഫ്രാന്‍സിസ് തടത്തില്‍ Published on 18 July, 2012
 അറ്റ്‌ലാന്റ വിശ്വാസപ്രഭയില്‍ ; ആറാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ 26 മുതല്‍ 29 വരെ,
അറ്റ്‌ലാന്റാ: അണമുറിയാത്ത വിശ്വാസ പ്രവാഹത്തിന്റെ പ്രതീകമായ സീറോ മലബാര്‍ നോര്‍ത്ത് അമേരിക്കന്‍ കണ്‍വന്‍ഷന് അറ്റ്‌ലാന്റയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും കണ്‍വന്‍ഷന്റെ മുഖ്യ രക്ഷാധികാരിയുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ വിശ്വാസ കൂട്ടായ്മയായ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ തിരിതെളിയിക്കുന്നത്. ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് പരിപാടികള്‍ നടക്കുന്നത്. കേരളസഭയുടെ മുഴുവന്‍ അഭിമാനമായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമധേയത്തിലായിരിക്കും കണ്‍വന്‍ഷന്‍ സെന്റര്‍ അറിയപ്പെടുക. വിശുദ്ധ അല്‍ഫോണ്‍സാ നഗറില്‍ കണ്‍വന്‍ഷന്റെ നാല് ഇരവുപകലുകള്‍ മലയാളി വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനാ മഞ്ജരിയാല്‍ മുഖരിതമാകും.

മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നു പകര്‍ന്നുനല്‍കിയ വിശ്വാസത്തിന്റെ ദീപം ലോകം മുഴുവനുമെത്തിച്ച സീറോ മലബാര്‍ സഭയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ഏകരൂപതയായ ഷിക്കാഗോ രൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത് അറ്റ്‌ലാന്റയിലെ സെന്റ് അല്‍ഫോണ്‍സാ ഇടവകയാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍നിന്നും കാനഡയില്‍നിന്നുമായി ആയിരത്തോളം കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ടസസെന്റ് അല്‍ഫോണ്‍സാ പള്ളി വികാരി ഫാ. ജോണി പുതിയാപറമ്പില്‍(കോ-കണ്‍വീനര്‍), ചെയര്‍മാന്‍ ഏബ്രഹാം ആഗസ്തി, പ്രസിഡന്റ് മാത്യൂ ജേക്കബ് തോട്ടുമാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 151 അംഗ കമ്മറ്റിയാണ് കണ്‍വന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും കേരളത്തനിമയും സമന്വയിപ്പിച്ച് വിപുലമായ രീതിയിലാണ് അല്‍ഫോണ്‍സാ നഗരിയിലെ ഒരുക്കങ്ങള്‍. ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, തൃശൂര്‍ ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അറ്റ്‌ലാന്റാ ബിഷപ് ഡോ. ലൂയിസ് റാഫേല്‍ സറാമ്മ, മറ്റു രൂപതാദ്ധ്യക്ഷന്‍ന്മാര്‍, വൈദിക ശ്രേഷ്ഠര്‍ തുടങ്ങിയവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

കേന്ദ്രമന്ത്രി വയലാര്‍ രവി, ജോര്‍ജിയ ഗവര്‍ണ്ണര്‍ നേഥന്‍ ഡീല്‍, ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചര്‍ ആനി പോള്‍ തുടങ്ങിയ നിരവധി പ്രമുഖരും കണ്‍വന്‍ഷന് എത്തിച്ചേരും.

ആത്മീതയ്ക്ക് ഏറ്റവുമേറെ പ്രാമുഖ്യം നല്‍കുന്ന ഈ മഹാസംഗമത്തില്‍ ദിവസവും ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. ആധ്യാത്മിക പ്രഭാഷണങ്ങളും വചന പ്രഘോഷണങ്ങളും മുഖരിതമാക്കുന്ന കണ്‍വന്‍ഷന്‍ വേദികള്‍ അനുഗ്രഹപ്പൂമഴയ്ക്ക് സാക്ഷിയാകും. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യൂ എലവുങ്കല്‍, ഫാ. ഏബ്രഹാം വെട്ടുവയലില്‍ തുടങ്ങിയ നിരവധി വൈദികരാണ് വചന പ്രഘോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുവജനങ്ങള്‍ക്കായി പ്രശസ്ത അമേരിക്കന്‍ വാഗ്മികളായ ക്രിസ്റ്റഫര്‍ വെസ്റ്റ്, മാരിയോ എന്നിവര്‍ പ്രഭാഷണം നടത്തും. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ഗ്രൂപ്പുകളായി സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഒട്ടേറെ കലാപരിപാടികളും കണ്‍വന്‍ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മലയാള സിനിമാ പിന്നണിഗാന രംഗത്തെ മുന്‍നിരക്കാരിയും സ്റ്റേജ് ഷോകളില്‍ പകരംവയ്ക്കാന്‍ മറ്റാരുമില്ലാത്തവിധം പ്രശസ്തയുമായ റിമി ടോമി നയിക്കുന്ന ഗാനമേളയാണ് ഒരു പ്രധാന ആകര്‍ഷണം. പിന്നണി ഗായകനും ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനുമായ വിവേകാനന്ദന്‍, പിന്നണിഗായകന്‍ പ്രദീപ് ബാബു എന്നിവരും റിമിക്കൊപ്പം സംഗീതസന്ധ്യയില്‍ പങ്കുചേരും.

കര്‍ണ്ണാടക സംഗീതത്തിലൂടെ ക്രിസ്തീയ ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ആലപിച്ച് വിസ്മയം തീര്‍ക്കുന്ന പാടുംപാതിരി എന്നറിയപ്പെടുന്ന ഫാ. ഡോ. പോള്‍ പൂവ്വത്തിങ്കലിന്റെ സംഗീതക്കച്ചേരിയും കണ്‍വന്‍ഷന്‍ സന്ധ്യകള്‍ക്ക് മാറ്റുകൂട്ടും. പ്രമുഖ അമേരിക്കന്‍ ക്രിസ്ത്യന്‍ പോപ്പ് ഗായകന്‍ മാററ്‌മോറിന്റെ സംഗീതപരിപാടിയും ഫാ. മാര്‍ട്ടിന്‍ വരിക്കാനില്‍ സംവിധാനം ചെയ്യുന്ന പ്രത്യേക ദൃശ്യ-സംഗീതാവിഷ്‌കാരവും കണ്‍വന്‍ഷനില്‍ എത്തുന്നവരുടെ കാതിനും മനസ്സിനും വിരുന്നാകും. പോള്‍ വെള്ളരിങ്ങാട്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെണ്ടമേളം ഘോഷയാത്രയ്ക്ക് കൊഴുപ്പേകും.
നിരവധി കോണ്‍ഫറന്‍സ് ഹാളുകളിലായി ഒരേസമയം ഒട്ടനവധി പരിപാടികളാണ് അരങ്ങേറുക. വിവിധ ആത്മീയ സംഘടനകളുടെ ഒത്തുചേരല്‍, മീഡിയാ സെമിനാര്‍, നഴ്‌സസ് ഫോറം, ഡോക്‌ടേഴ്‌സ് ഫോറം, വിമന്‍സ് ഫോറം, യൂത്ത് തുടങ്ങിയവരുടെ സെമിനാറുകളും പല ഘട്ടങ്ങളിലായി നടക്കും.

കണ്‍വന്‍ഷന്‍ സെന്ററിലേക്ക് എത്തിച്ചേരാന്‍ പ്രത്യേക യാത്രാ സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും വൈദ്യസഹായം എത്തിക്കുന്നതിനായി മെഡിക്കല്‍ സംഘവും കണ്‍വന്‍ഷന്‍ ഹാളിലുണ്ടാകും.

26-ന് രാവിലെ 10 മുതല്‍ രണ്ടുവരെ രജിസ്‌ട്രേഷന്‍. ഉച്ചകഴിഞ്ഞ് മൂന്നിന് ബോര്‍ഡ് റൂമില്‍ ആരംഭിക്കുന്ന ഉദ്ഘാടക സമ്മേളന പരിപാടികള്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കും. മൂന്നു മുതല്‍ നാലുവരെ ഘോഷയാത്ര, നാലു മുതല്‍ ആറുവരെ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് എട്ടുവരെ അത്താഴവിരുന്ന് എന്നിവ നടക്കും. എട്ടുമുതല്‍ പത്തുവരെയാണ് ആമുഖ സമ്മേളനവും കലാപരിപാടികളും നടക്കുന്നത്. ആ സമയം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വെവ്വേറെ പരിപാടികളും നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 11 വരെ വിവിധ സ്റ്റേജുകളില്‍ പരിപാടികളുണ്ടാകും. ഞായറാഴ്ച രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 12.30ന് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

കണ്‍വന്‍ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

www.smcatl2012.org


 അറ്റ്‌ലാന്റ വിശ്വാസപ്രഭയില്‍ ; ആറാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ 26 മുതല്‍ 29 വരെ,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക