Image

ജോര്‍ജ്‌ നീട്ടിയെറിഞ്ഞത്‌ മന്ത്രിപദത്തിലേക്കോ ?

ജി.കെ. Published on 17 July, 2012
ജോര്‍ജ്‌ നീട്ടിയെറിഞ്ഞത്‌ മന്ത്രിപദത്തിലേക്കോ ?
നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുമെന്ന വനംമന്ത്രി ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനത്തിന്‌ പിന്നാലെ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ വെറും ചീപ്പ്‌ വിപ്പായതിന്‌ പിന്നിലെ ചേതോവികാരം എന്താണെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും എത്ര തലപുകഞ്ഞാലോചിച്ചിട്ടും ആദ്യമൊന്നും മനസിലായിരുന്നില്ല. പാവങ്ങളും സര്‍വോപരി തന്റെ നാട്ടുകാരമായ അഞ്ചോ ആറോ തോട്ടം ഉടമകളുടെ താല്‍പര്യ സംരക്ഷണത്തിനായി ജോര്‍ച്‌ അച്ചായന്‍ അവതരിക്കുകയായിരുന്നു എന്നാണ്‌ മാധ്യമവിശാരദര്‍ പോലും ആദ്യം ധരിച്ചിരുന്നത്‌.

എന്നാല്‍ വാക്കിലും നോക്കിലും നടപ്പിലുമെല്ലാം സത്യസന്ധത അവകാശപ്പെടുന്ന ജോര്‍ജ്‌ അച്ചായന്റെ മന്ത്രിമോഹമാണ്‌ നെല്ലിയാമ്പതി വിവാദത്തിന്‌ പിന്നിലെന്നാണ്‌ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പുതിയ ആരോപണം. ഒരുമാതിരി വടക്കാക്കി തനിക്കാക്കുക എന്ന ശൈലിയാണ്‌ ജോര്‍ജ്‌ നെല്ലിയാമ്പതി വിഷയത്തില്‍ ഗണേഷിനെതിരെ പയറ്റിയതെന്ന്‌ സാരം. ഗണേഷിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും ഇതിന്റെ ഭാഗമായി തന്നെയാണെന്ന്‌ ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാനുമാവില്ല.

മുമ്പ്‌ തോളില്‍ കൈയിട്ട്‌ അടയും ചക്കരയുമായി നടന്നതാണെങ്കിലും ഇപ്പോള്‍ ഗണേഷും ജോര്‍ജും തമ്മില്‍ എതിരാളിക്ക്‌ ഒരു പോരാളി മട്ടിലാണ്‌ കാര്യങ്ങള്‍. അതുകൊണ്‌ടു തന്നെ മന്ത്രി ഗണേഷ്‌കുമാറിനെ പൊതുസമൂഹത്തിന്‌ മുന്നില്‍ പരമാവധി മോശക്കാരനാക്കി പുറത്തു ചാടിച്ച്‌ മന്ത്രിസഭയില്‍ എത്തുന്നതിനുള്ള നീക്കമാണ്‌ ചീഫ്‌ വിപ്പ്‌ വെറും ചീപ്പായ മാര്‍ഗത്തിലൂടെ നടത്തിയത്‌ എന്നതാണ്‌ കോണ്‍ഗ്രസിലെ ഒരുവിഭാഗം കരുതുന്നത്‌. ഇതിനായി പിള്ള-ഗണേഷ്‌ തര്‍ക്കം പരമാവധി മൂപ്പിക്കുക എന്ന തന്ത്രമാണ്‌ അച്ചായന്‍ പയറ്റിയത്‌. ഇപ്പോള്‍ പയറ്റുന്നതും. അതുകൊണ്‌ടാണ്‌ ബാലകൃഷ്‌ണപിള്ളയോട്‌ മൃദുസമീപനം സ്വീകരിച്ചും ഗണേഷിനെ തെറിവിളിച്ചും പ്രസ്‌താവന ഇറക്കിയത്‌.

നേരത്തെ തന്നെ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഗണേഷിനെ കഴിയുന്നത്ര പാര്‍ട്ടിയുടെ ശത്രുവാക്കാനാണ്‌ ജോര്‍ജ്‌ ശ്രമിക്കുന്നതെന്ന്‌ യുഡിഎഫില്‍ തന്നെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇതിനു വേണ്‌ടിയാണ്‌ നെല്ലിയാമ്പതിയിലെ തോട്ടങ്ങളുടെ കാര്യത്തില്‍ ഒരു ബന്ധവുമില്ലാതിരുന്ന ബാലകൃഷ്‌ണപിള്ളയെ വലിച്ചിട്ടതെന്നും യുഡിഎഫിലെ ഒരുവിഭാഗം ആരോപിക്കുന്നു. ഇന്നു ചേരുന്ന യുഡിഎഫ്‌ യോഗത്തില്‍ ഗമേഷിനെതിരായ തെളിവുകള്‍ വെയ്‌ക്കുമെന്ന ജോര്‍ജിന്റെ ഭീഷണിയും ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്‌. ഇക്കാര്യം തിരിച്ചറിഞ്ഞതോടെയാണ്‌ ഒടുവില്‍ പിള്ളയുമായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്ക്‌ ഗണേഷ്‌ തയാറാവുന്നതെന്നും സൂചനയുണ്‌ട്‌.

സര്‍ക്കാര്‍ രൂപീകരണ സമയത്തുതന്നെ മന്ത്രിസ്‌ഥാനത്തിനുവേണ്‌ടി ശക്‌തമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ജോര്‍ജ്‌ ഒടുവില്‍ ചീഫ്‌ വിപ്പ്‌ പദവിക്ക്‌ വഴങ്ങുകയായിരുന്നു. സിപിഎമ്മുമായി മന്ത്രിസ്‌ഥാനം ഉപാധിയാക്കിക്കൊണ്‌ട്‌ ഇടതുപക്ഷത്തു ചേക്കേറാനുള്ള ശ്രമം നടത്തിയതെന്ന ഇ.പി.ജയരാജന്റെ പ്രസ്‌താവനയും ഇതൊടൊപ്പം ചേര്‍ത്തുവായിക്കേണ്‌ടതുണ്‌ട്‌.

ഭൂരിപക്ഷ സമുദായംഗമായ ഗണേഷിനെ ഒഴിവാക്കി ഒരു ന്യൂനപക്ഷ സമദായാംഗമായ തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉണ്‌ടായേക്കുന്ന സാമുദായിക സംഘടനകളുടെ എതിര്‍പ്പ്‌ കണക്കിലെടുത്ത്‌ കേരള കോണ്‍ഗ്രസി(ബി)യ്‌ക്ക്‌്‌ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ സ്‌ഥാനമാണ്‌ ജോര്‍ജ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്ന്‌ ഗണേഷ്‌ വിഭാഗം രഹസ്യമായി ആരോപിക്കുന്നുണ്‌ട്‌. ഇതിന്‌ മുന്നോടിയായി പിളള-ഗണേഷ്‌ തര്‍ക്കത്തില്‍ എന്‍എസ്‌എസിന്‌ ഗണേഷനോടുള്ള എതിര്‍പ്പ്‌ പരമാവധി ചൂഷണം ചെയ്യാനും ജോര്‍ജ്‌ ശ്രമം തുടങ്ങിയിട്ടുണ്‌ട്‌.

അതേസമയം നെല്ലിയാമ്പതി എസ്റ്റേറ്റ്‌ പ്രശ്‌നത്തില്‍ ജോര്‍ജ്‌ എടുത്ത അമിത താല്‍പര്യം തന്റെ നാട്ടുകാര്‍ക്ക്‌ വേണ്‌ടി മാത്രമായിരുന്നോ എന്നും സംശയത്തിന്റെ നിഴലിലാണ്‌. സംസ്‌ഥാനത്തെ ഒരു വന്‍കിട തോട്ടം ഉടമയ്‌ക്കു വേണ്‌ടിയാണ്‌ ചെറുകിടക്കാരുടെ പേരുപറഞ്ഞ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഈ നാടകം നടക്കുന്നതെന്ന്‌ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആരോപണമുണ്‌ട്‌. ഒരു തോട്ടത്തിന്റെ കാര്യത്തില്‍ കൈക്കൊള്ളുന്ന നിലപാട്‌ മറ്റുള്ളവയ്‌ക്കും ബാധകമാകുമെന്നതിനാലാണിത്‌. ഈ ചെറുകിടക്കാര്‍ ഇതിനായി ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണെ്‌ടന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.

ജോര്‍ജിന്റെ ഈ ലക്ഷ്യം നടക്കില്ലെന്നും. ഒരിഞ്ചുവനഭൂമിപോലും നഷ്‌ടപ്പെടുത്തിക്കൊണ്‌ടുള്ള ഒരു നടപടിക്കും തങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്നും ഇവര്‍ വ്യക്‌തമാക്കുന്നു. അതിനാല്‍ തന്നെയാണ്‌ ടി.എന്‍.പ്രതാപനെപ്പോലെയുള്ളവര്‍ ഗണേഷ്‌കുമാറിന്‌ ഉറച്ച പിന്തുണയുമായി നിയമസഭയ്‌ക്കകത്തും പുറത്തും പരസ്യമായി രംഗത്തുവരുന്നത്‌. എന്തായാലും പിള്ളയുമായി ഗണേഷ്‌ നടത്തുന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്താന്‍ ഇരുവരും ധാരണയിലെത്തിയാല്‍ ഒരിക്കല്‍ കൂടി ജോര്‍ജിന്റെ മന്ത്രിമോഹം ഉപ്പുവെച്ച കലം പോലെയാകും. അങ്ങനെ സംഭവിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക