Image

സാമൂഹിക ജാഗ്രതയ്‌ക്കായി ആര്‍എസ്‌സി ഉണര്‍ത്തു സമ്മേളനങ്ങള്‍

എം.കെ. ആരിഫ്‌ Published on 13 July, 2012
സാമൂഹിക ജാഗ്രതയ്‌ക്കായി ആര്‍എസ്‌സി ഉണര്‍ത്തു സമ്മേളനങ്ങള്‍
ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സാമൂഹിക, ജീവിത സുരക്ഷിതത്വത്തിന്റ സന്ദേശങ്ങള്‍ വിളംബരം ചെയ്‌ത്‌ റിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തറില്‍ 30 ഉണര്‍ത്തുസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. `പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന സന്ദേശത്തിലാണ്‌ സാമ്പത്തിക ഭദ്രത, ലഹരി മുക്തജീവിതം, നല്ല സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക വ്യക്തിത്വം തുടങ്ങിയ ആശയങ്ങള്‍ പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി കാമ്പയിന്‍ സംഘടിപ്പിക്കുന്നത്‌.

ജൂലൈ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ 30 വരെയുള്ള സമയത്ത്‌ നാഷണല്‍, സോണ്‍, സെക്‌ടര്‍, യൂണിറ്റ്‌ ഘടകങ്ങളിലായി വിവിധ ബോധവത്‌കരണ പരിപാടികള്‍ക്കു ശേഷമാണ്‌ സെപ്‌റ്റംബര്‍ മാസത്തില്‍ പ്രാദേശിക തലത്തില്‍ ഉണര്‍ത്തു സമ്മേളനങ്ങള്‍ നടത്തുക. ഗള്‍ഫില്‍ 500 ഉണര്‍ത്തു സമ്മേളനങ്ങള്‍ നടത്താനാണ്‌ സംഘടന തീരുമാനിച്ചിരിക്കുന്നത്‌.

വിചാര സദസ,്‌ ജാഗ്രതാ സമിതി രൂപവ്‌തകരണം, അക്കാഡമിക്‌ സെമിനാര്‍, ജാഗ്രതാസംഗമം, ചിന്താശിബിരം, ജനസമ്പര്‍ക്കം, സേവന പ്രവര്‍ത്തനങ്ങള്‍, സ്‌നേഹശൃംഖല, ഉണര്‍ത്തുസഭ, കുട്ടികളുടെ സംഗമം, പഠനക്യാമ്പുകള്‍, ലഘുലേഖ-സിഡി വിതരണം, പ്രദര്‍ശനം, ഓണ്‍ലൈന്‍ പ്രചാരണം, ഡോക്യുമെന്ററി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

ഉണര്‍ത്തുകാലം എന്നറിയപ്പെടുന്ന കാമ്പയിന്‍കാലത്ത്‌ സാമൂഹിക, കാരുണ്യ സേവനത്തിനായി `സ്‌നേഹസംഘം' എന്ന പേരില്‍ പ്രത്യേക സന്നദ്ധ വിഭാഗത്തിന്‌ രൂപം നല്‍കും. ഉണര്‍ത്തുകാലം മുന്നോട്ടു വയ്‌ക്കുന്ന സന്ദേശം സമൂഹത്തെ അറിയിക്കുന്നതിനൊപ്പം ഈ ആശയം ജീവിതത്തില്‍ പ്രതിഫലിക്കുന്ന ജീവിത സംസ്‌കാരം പ്രവര്‍ത്തകര്‍ക്കിടയില്‍ സൃഷ്‌ടിക്കുക എന്ന ലക്ഷ്യംവച്ച്‌ പഠന പരിശീലന പരിപാടികള്‍ നിരന്തരമായി സംഘടിപ്പിക്കും.

കാമ്പയിന്റെ ദേശീയ തല ഉദ്‌ഘാടനം ജൂലൈ 13 ന്‌ (വെള്ളി) ഉച്ചക്ക്‌ രണ്‌ടിന്‌ ബിന്‍ ഉംറാനിലെ ഗാര്‍ഡന്‍ വില്ലേജ്‌ റസ്റ്റോറന്റില്‍ നടക്കും. ഇന്ത്യന്‍ എംബസി ചാര്‍ജ്‌ ഡി അഫേഴ്‌സ്‌ എം. ആര്‍. റൈഷി ഉദ്‌ഘാടനം ചെയ്യും. പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും.

ജീവിതം സാധിച്ചെടുക്കാനായി വിദേശ രാജ്യത്തെത്തുന്ന ഇന്ത്യക്കാരില്‍, വിശിഷ്യാ മലയാളികള്‍ക്കിടയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥകളും സാമൂഹിക പ്രശ്‌നങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനിയന്ത്രിതമായ ജീവിതങ്ങള്‍ ആത്മഹത്യകളിലേക്കു നയിക്കുന്ന വാര്‍ത്തകള്‍ കൂടി വരുന്ന പശ്ചാത്തലത്തലത്തിലാണ്‌ സംഘടന ബോധവത്‌കരണം ഏറ്റെടുക്കുന്നത്‌.

ബാങ്ക്‌ വായ്‌പ, ക്രെഡിറ്റ്‌ കാര്‍ഡ്‌, ആഢംബരങ്ങള്‍, വീട്‌, വാഹനം, ലാഭക്കണക്കുകള്‍ നിരത്തുന്ന ബിസിനസ്‌, ഊഹക്കച്ചവട സംരംഭങ്ങള്‍, ലഹരി, അവിഹിത ബന്ധങ്ങള്‍ തുടങ്ങി ചുറ്റുപാടുകള്‍ പ്രലോഭനം സൃഷ്‌ടിക്കുമ്പോള്‍ അവയെ അതിജയിക്കാനുള്ള കരുത്തുണ്‌ടാകണമെന്ന സന്ദേശമാണ്‌ കാമ്പയിനിലൂടെ സംഘടന സമൂഹത്തോടു പറയുന്നത്‌.

ഹാഫിള്‍ ഉമറുല്‍ ഫാറൂഖ്‌ സഖാഫി (ആര്‍എസ്‌സി നാഷണല്‍ ചെയര്‍മാന്‍), ഉമര്‍ കണ്‌ടുതോട്‌ (ആര്‍എസ്‌സി നാഷണല്‍ കണ്‍വീനര്‍), ജമാലുദ്ധീന്‍ അസ്‌ഹരി (ആര്‍എസ്‌സി നാഷണല്‍ പബ്ലിക്‌ റിലേഷന്‍ കണ്‍വീനര്‍), മഹ്‌ബൂബ്‌ മാട്ടൂല്‍ (ആര്‍എസ്‌സി നാഷണല്‍ വൈസ്‌ ചെയര്‍മാന്‍), അബ്ദുള്‍ സത്താര്‍ ആലുവ (എന്‍ജിബി മെംബര്‍) എന്നിവര്‍ പങ്കെടുത്തു.

റിസാല സ്‌റ്റഡി സര്‍ക്കിള്‍

ഗള്‍ഫില്‍ 20 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടന സാമൂഹിക, സാംസ്‌കാരിക, കാരുണ്യ രംഗത്ത്‌ വിവിധ സംരംഭങ്ങള്‍ നിര്‍വഹിക്കുന്നു. വിസ്‌ഡം, കള്‍ച്ചറല്‍ കൗണ്‍സില്‍, പബ്ലിക്‌ റിലേഷന്‍ വിഭാഗങ്ങളിലൂടെ വ്യത്യസ്‌ത മേഖലകളിലുള്ളവരെ പ്രതിനിധാനം ചെയ്യുന്ന സംഘനട യുവാക്കളിലെ ധാര്‍മികവത്‌കരണത്തിന്‌ ഊന്നല്‍ നല്‍കിയുള്ള കര്‍മ പരിപാടികളാണ്‌ നടപ്പിലാക്കുന്നത്‌. ഗള്‍ഫില്‍ ആറു രാഷ്‌ട്രങ്ങളിലും നാഷണല്‍ കമ്മിറ്റികള്‍ക്കു കീഴിലായി സോണ്‍, സെക്‌ടര്‍, യൂണിറ്റ്‌ ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു.

ഖത്തറില്‍ 4 സോണ്‍ കമ്മിറ്റികള്‍ക്കു കീഴില്‍ 30 യൂണിറ്റുകളിലായി 1199 അംഗങ്ങളും ഇരട്ടിയിലധികം അനുഭാവി അംഗങ്ങളും സംഘനടക്കുണ്‌ട്‌.

പ്രവാസി റിസാല

സംഘടനയുടെ മുഖപത്രമായ പ്രവാസി റിസാല ഗള്‍ഫില്‍ കൂടുതല്‍ വരിക്കാരും വായനക്കാരുമുള്ള സാംസ്‌കാരിക പ്രസിദ്ധീകരണമാണ്‌. പ്രവാസി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, തൊഴില്‍ ജീവിതങ്ങളില്‍ ഇടപെടുകയും ചിന്താപരമായ ഉണര്‍ത്തു സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണം ഇതിനകം അനുവാചകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്‌ട്‌. ഗള്‍ഫില്‍ ഒരു ലക്ഷം വായനക്കാരുള്ള റിസാലക്ക്‌ ഖത്തറില്‍ 6000 വായനക്കാരുണ്‌ട്‌.
സാമൂഹിക ജാഗ്രതയ്‌ക്കായി ആര്‍എസ്‌സി ഉണര്‍ത്തു സമ്മേളനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക