Image

യുപി ഗ്രാമത്തില്‍ പ്രണയവിവാഹത്തിനു വിലക്ക്

Published on 12 July, 2012
യുപി ഗ്രാമത്തില്‍ പ്രണയവിവാഹത്തിനു വിലക്ക്
ലക്നോ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ വിചിത്രമായ ചില നിരോധന ഉത്തരവുകള്‍ ഇന്നലെ പ്രാബല്യത്തില്‍വന്നു. പ്രണയ വിവാഹത്തിനു വിലക്ക് ഏര്‍പ്പെടുത്തിയ ഗ്രാമ ഭരണസമിതി, 40 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്കു പുറത്ത് ഷോപ്പിംഗിനു പോകുന്നതിനും പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. യുപിയിലെ ബഗ്പാത് ജില്ലയില്‍ അസാര ഗ്രാമത്തിലാണ് വിചിത്ര നിരോധന ഉത്തരവുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനു പുറമേ സ്ത്രീകള്‍ വീടിനു പുറത്തുപോകുമ്പോള്‍ തല മറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായിരിക്കുന്നത്. പ്രണയവിവാഹത്തിനു നിരോധനം ഏര്‍പ്പെടുത്തിയ സമിതി, പ്രണയിച്ച് വിവാഹിതരാകുന്നവരെ ഗ്രാമത്തില്‍ നിന്നു പുറത്താക്കുമെന്നും വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് ഏകദേശ ധാരണ പോലീസിനു ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റു ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക