Image

ധാരാ സിംഗ്‌ അന്തരിച്ചു

Published on 11 July, 2012
ധാരാ സിംഗ്‌ അന്തരിച്ചു
മുംബൈ: ഗുസ്‌തി ഇതിഹാസവും പ്രശസ്‌ത ബോളിവുഡ്‌ നടനും മുന്‍ രാജ്യസഭാംഗവുമായ ധാരാ സിംഗ്‌ (83)അന്തരിച്ചു. ഇന്നു രാവിലെ 7.30ഓടെ മുംബൈ ജൂഹുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ശനിയാഴ്‌ച മുംബൈ കോകിലാബെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധാരാസിംഗിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്‌. അവസാന നിമിഷങ്ങള്‍ വസതിയില്‍ വച്ചായിരിക്കണമെന്ന അദ്ദേഹത്തിന്റെ അന്ത്യഭിലാഷപ്രകാരം ഇന്നലെ വൈകിട്ട്‌ വീട്ടിലേക്ക്‌ മാറ്റിയിരുന്നു. സംസ്കാരം വൈകിട്ട് നാലു മണിക്ക് ജുഹുവിലെ പൊതുശ്മശാനത്തില്‍ നടക്കും.

ഗുസ്തിയില്‍ രാജ്യത്തിന്റെ പ്രശസ്തി ലോകമെമ്പാടും അറിയിച്ച ധാരാസിംഗ് 1928ല്‍ പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. ധാരാ സിംഗ് രന്ദവാ എന്നാണ് മുഴുവന്‍ പേര്. പഠനകാലത്തുതന്നെ ഗുസ്തിയോട് അമിതമായ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ധാരാസിംഗ് പ്രദേശിക മത്സരങ്ങളിലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങളിലേക്കും സാന്നിധ്യം ഉറപ്പിച്ചു. അഞ്ഞൂറിലേറെ മത്സരങ്ങളില്‍ പങ്കെടുത്ത സിംഗ് 1959ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും 1968ല്‍ ലോക ചാമ്പ്യനുമായി. 1983ല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ചു.

ഇതിനിടെ, 1960കളില്‍ തന്നെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരുന്നു. നടി മുംതാസിന്റെ ജോഡിയായി ആദ്യകാലങ്ങളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മിക്കപ്പോഴും അതിമാനുഷ കഥാപാത്രങ്ങളായിരുന്നു ധാരാസിംഗിനെ തേടിയെത്തിയിരുന്നത്. 2007ല്‍ പുറത്തിറങ്ങിയ 'ജബ് വി മെറ്റ്' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇതിനിടെ നിരവധി പഞ്ചാബി ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍മ്മാണ ചുമതലയും വഹിച്ചിരുന്നു. 'മുത്തരാംകുന്ന് പി.ഒ എന്ന മലയാള ചിത്രത്തിലും ഗുസ്തിക്കാരനായി അഭിനയിച്ചു.

2003-2009 കാലയളവില്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ധാരാസിംഗ് അഭിനയിച്ചിരുന്നു. 1980കളിലെ ജനകീയ പരമ്പരയായ രാമായണത്തില്‍ ഹനുമാന്റെ വേഷത്തിലും ധാരാസിംഗ് നിറഞ്ഞുനിന്നിരുന്നു. മഹാഭാരതം, ലവ് കുശ് എന്നീ പുരാണ പരമ്പരകളിലും അഭിനയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക