Image

സ്വന്തം മണ്ണില്‍ നിയന്ത്രണമുറപ്പിക്കണമെന്ന് പാകിസ്താനോട് അമേരിക്ക

Published on 11 July, 2012
സ്വന്തം മണ്ണില്‍ നിയന്ത്രണമുറപ്പിക്കണമെന്ന് പാകിസ്താനോട് അമേരിക്ക
ഇസ്‌ലാമാബാദ്: സ്വന്തം മണ്ണിനുമേല്‍ നിയന്ത്രണം ഉറപ്പിക്കാനും അധികാരം നടപ്പാക്കാനും പാകിസ്താനിലെ രാഷ്ട്രീയസൈനിക നേതൃത്വങ്ങള്‍ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്താനിലെ യു.എസ് അംബാസഡര്‍ കാമറോണ്‍ മുന്ററാണ് തീവ്രവാദത്തിന് തടയിടാന്‍ പാകിസ്താന്‍ കൂടുതല്‍ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടത്. പാകിസ്താനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് താലിബാന്‍ അനുകൂല തീവ്രവാദി സംഘങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കേയാണ് മുന്ററുടെ പ്രസ്താവന.

പാകിസ്താന്‍ ഒരു പ്രശ്‌നമായിക്കൂടായെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ പര്‍വത മേഖലയില്‍ സുരക്ഷിത താവളം കണ്ടെത്തിയ തീവ്രവാദികളെ തുരത്താന്‍ പാകിസ്താനോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യു.എസ്. സന്നദ്ധമാണ്. യു.എസ് നല്‍കുന്ന സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്താന്‍ കുറച്ചുകൂടി മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദസംഘടനകളുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും വടക്കന്‍ വസീരിസ്താന്‍ കേന്ദ്രമാക്കി അഫ്ഗാനിലെ യു.എസ്. പട്ടാളത്തെ ആക്രമിക്കുന്ന ഹഖാനി ശൃംഖലയെ ലക്ഷ്യമിട്ടായിരുന്നു മുന്ററുടെ പരാമര്‍ശങ്ങള്‍. പാകിസ്താന്‍ പരമാധികാരമുള്ള രാജ്യമായി കാണാനാണ് തങ്ങളുടെ ആഗ്രഹമെന്നും ബി.ബി.സി. ഉര്‍ദു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോയുടെ വിതരണപാത തുറന്നുകൊടുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുന്ററിന്റെ അഭിപ്രായ പ്രകടനം.

അതിനിടെ പാകിസ്താനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയടങ്ങിയ തീവ്രവാദികളുടെ ലഘുലേഖ കഴിഞ്ഞദിവസം ആക്രമണംനടന്ന പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത് നഗരത്തിലുള്ള സൈനിക ക്യാമ്പിനു സമീപത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോ ചരക്കുപാത അടച്ചില്ലെങ്കില്‍ പട്ടാളക്കാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ സമാനമായ ആക്രമണം നടത്തുമെന്നാണ് ലഘുലേഖയില്‍ പറയുന്നതെന്ന് എക്‌സ്പ്രസ്സ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌രിക് ഇ താലിബാനുമായി ബന്ധമുള്ള തീവ്രവാദികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുന്നതായും അന്വേഷണഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക