Image

റസിഡന്‍ഷ്യല്‍ കെട്ടിടം: നിയമലംഘകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

Published on 09 July, 2012
റസിഡന്‍ഷ്യല്‍ കെട്ടിടം: നിയമലംഘകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും
കുവൈത്ത്‌ സിറ്റി: റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ സംബന്ധിച്ച നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന പൗരന്മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങള്‍ താമസസൗകര്യത്തിന്‌ അല്ലാതെയുള്ള പ്രവൃത്തികള്‍ക്ക്‌ വാടകക്ക്‌ നല്‍കുന്നവര്‍ക്കെതിരെയാണ്‌ നടപടി കര്‍ശനമാക്കുന്നതെന്ന്‌ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച്‌ അല്‍ കുവൈത്താത്ത്‌ പത്രം റിപോര്‍ട്ട്‌ ചെയ്‌തു.

ഇങ്ങനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പൗരന്മാര്‍ക്ക്‌ യാത്രാ നിരോധം ഏര്‍പ്പെടുത്തും. നിയമാനുസൃതം പ്രവര്‍ത്തിക്കുന്നത്‌ വരെ ഇവരുടെ സകല ഇടപാടുകളും നിര്‍ത്തിവെക്കുകയും ചെയ്യും. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ സ്വകാര്യ കമ്പനികളുടെ ഓഫിസുകളും വക്കീല്‍ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്നതിന്‌ വാടകക്ക്‌ കൊടുത്തതായി അടുത്തിടെ മുനിസിപ്പാലിറ്റി കണ്ടത്തെിയ സാഹചര്യത്തിലാണ്‌ പുതിയ നടപടി. നിയമം ലംഘിച്ച പൗരന്മാരുടെ റിയല്‍ എസ്‌റ്റേറ്റ്‌ സംബന്ധിച്ച എല്ലാ രേഖകളും ഇടപാടുകളും റദ്ദാക്കാന്‍ നീതിന്യായ വകുപ്പുമായി സഹകരിച്ച്‌ നടപടികള്‍ എടുക്കാനുള്ള തീരുമാനത്തിലാണ്‌ ആഭ്യന്തര മന്ത്രാലയം.

സമൂഹത്തിന്‍െറ പൊതുനന്മക്ക്‌ വേണ്ടിയാണ്‌ ഇത്തരം നടപടികളെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്നത്‌ സാമൂഹികവും സുരക്ഷാ സംബന്ധവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. വെള്ളത്തിന്‍െറയും വൈദ്യുതിയുടെയും ഉപഭോഗം വര്‍ധിക്കുമെന്നതാണ്‌ മറ്റൊരു ബുദ്ധിമുട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക