Image

ഉരിയാടാനാവില്ലെങ്കിലും അപൂര്‍വ്വകലാവിരുതുമായി ശ്രീജിത്ത്

സജി പുല്ലാട് Published on 06 July, 2012
ഉരിയാടാനാവില്ലെങ്കിലും അപൂര്‍വ്വകലാവിരുതുമായി ശ്രീജിത്ത്
ഉള്ളില്‍ നിറയുന്ന സര്‍ഗാത്മക പ്രതിഭ ശ്രീജിത്തിന്റെ വിരല്‍തുമ്പില്‍ തൊണ്ടിലും, ചിരട്ടയിലും അപൂര്‍വ്വ ശില്പങ്ങളായ് മാറുകയാണ്. സംസാരശക്തിയും, കേള്‍വിശക്തിയുമില്ലാത്ത ഈ പന്ത്രണ്ടുകാരന്‍ അപൂര്‍വ്വമായ കലാവിരുത് ആവിഷ്‌ക്കരിച്ച് നമുക്ക് മുന്നില്‍ വാചാലനാകുകയാണ്.

ആലപ്പുഴ ജില്ലയില്‍ പാങ്ങനാട് സ്വദേശികളായ സന്തോഷ്-സുജ ദമ്പതികളുടെ മകനായ ശ്രീജിത്ത്, തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മലങ്കര കാത്തോലിക്കസഭ തിരുവല്ല അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ "ബോധന" തേനീച്ച വളര്‍ത്തല്‍ ഗവേഷണ പരിശീലന കേന്ദ്രവും, സുസ്ഥിര ജലശുദ്ധീകരണപദ്ധതിയും സന്ദര്‍ശിക്കുകയായിരുന്ന ലേഖകനെയും, കുടുംബത്തെയും, തൊണ്ടില്‍ തീര്‍ത്ത കരിംതേളിനെ സമ്മാനിച്ചാണ് ഈ കൊച്ചുകലാകാരന്‍ സ്വീകരിച്ചത്. ബോധശ്രീ ഷോപ്പില്‍ സെയില്‍സ് ആന്‍ഡ് പ്രൊഡക്ഷന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന അമ്മ സുജക്കൊപ്പം അവധിസമയം ചിലവഴിക്കുകയായിരുന്നു ശ്രീജിത്ത്.

പൂക്കളും, ശലഭങ്ങളും ശ്രീജിത്ത് ചെറുശില്പങ്ങള്‍ക്ക് മാതൃകയാക്കാറുണ്ട്. കെട്ടുവള്ളം, പക്ഷികള്‍ അങ്ങനെ വിവിധ ശില്പങ്ങള്‍ മെനഞ്ഞെടുത്തു. ചിരട്ടയില്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് കലാവിരുത് കാട്ടിതുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ ബോധന ഡയറക്ടര്‍ ഫാദര്‍ വില്‍സണ്‍ന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ജന്മസിദ്ധിയായി ലഭിച്ച കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഫാ. വില്‍സണ്‍ന്റെ നേതൃത്വം സഹായകരമായി.

കൊതുമ്പ്, തൊണ്ട്, ചിരട്ട, ചകിരി തുടങ്ങിയവയില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ക്ക് യോജിച്ചരീതിയില്‍ കളറു കൊടുത്താണ് വില്പന നടത്തുന്നത്. ഫാ.വില്‍സണ്‍ ആവശ്യപ്പെട്ടപ്രകാരം ത്രോണാസിന്റെ നിര്‍മ്മാണത്തിലാണിപ്പോള്‍ ഈ ബാലന്‍.

ശ്രീജിത്തിന്റെ കലാസൃഷ്ടികള്‍ വാങ്ങി പ്രോത്സാഹിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ബോധന ഡയറക്ടര്‍ റവ.ഫാ. വില്‍സണ്‍ നറകണ്ടത്തിലുമായി ബന്ധപ്പെടുക.
Cell-984 782 4833, Email-wiljyo@gmail.com
ഉരിയാടാനാവില്ലെങ്കിലും അപൂര്‍വ്വകലാവിരുതുമായി ശ്രീജിത്ത്
ഉരിയാടാനാവില്ലെങ്കിലും അപൂര്‍വ്വകലാവിരുതുമായി ശ്രീജിത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക