Image

പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: എല്ലാം റെഡി, സംതൃപ്തിയോടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്

ഷോളി കുമ്പിളുവേലി Published on 11 November, 2021
പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: എല്ലാം  റെഡി, സംതൃപ്തിയോടെ പ്രസിഡന്റ്   ബിജു കിഴക്കേക്കുറ്റ്
ചിക്കാഗോ: ഇന്ന് (വ്യാഴം) മുതല്‍ ഞായറാഴ്ച വരെ ചിക്കാഗോയിലെ റിനൈസണ്‍സ് ഹോട്ടലില്‍  നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
 
തിരശീല ഉയരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബിജുവിന്റെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം. എക്കാലത്തെയും പോലെ മികച്ച കൺവൻഷൻ, അത് ഒരു പടി  കൂടി മുന്നിൽ. കോവിഡിന്റെ അനിശ്ചിതത്വമൊന്നും പ്രസ് ക്ലബ് സമ്മേളനത്തെ ബാധിക്കില്ല.
 
എന്നല്ല കോവിഡ് ശക്തിപ്പെട്ടു നിൽക്കുമ്പോഴാണ് കൺ വൻഷൻ നിശ്ചയിക്കുന്നത്. എങ്ങനെ  നടക്കുമെന്നോ  ആരെല്ലാം വരുമെന്നോ ഒന്നും തീരുമാനമാകാതെയാണ് ബിജു കൺവൻഷനു എടുത്തുചാടിയത്. സഹപ്രവർത്തകരുടെ പിന്തുണ  നിർലോപം ലഭിച്ചു. കൂട്ടായ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ ബിജുവിന് ആയി എന്നത് തന്നെയാണ് അതിനു കാരണം. ഒരു ടീം പ്ലയെർ ആണ് ബിജു, താൻപോരിമ കാട്ടാൻ താല്പര്യമില്ല.
 
ഒരുദാഹരണം. ഈ തിങ്കളാഴ്ചയാണ്  ചെന്നൈയിലെ അമേരിക്കൻ കോണ്സുലേറ്റ്  വീണ്ടും വിസ കൊടുക്കാൻ തുടങ്ങിയത്. ലക്ഷക്കണക്കിന് വിസ അപേക്ഷ അവിടെ കെട്ടിക്കിടക്കുന്നു. ആരെ, എന്ന്,   ഇന്റർ വ്യൂവിന് വിളിക്കുമെന്ന് അറിയില്ല. എന്നാൽ പിറ്റേന്ന് (ചൊവ്വാഴ്ച) തന്നെ കൺവൻഷന്‌  വരാനുള്ള അഞ്ച് മാധ്യമപ്രവർത്തകരേ  ഇന്റർവ്യൂവിനു വിളിച്ചു. ചോദ്യമൊന്നും ഇല്ലാതെ വിസ എല്ലാവര്ക്കും അടിച്ചു കൊടുത്തു. ബിജുവിന്റെ കർമ്മകുശലതക്ക് തെളിവു് തന്നെയാണിത്. പ്രസ് ക്ലബിന്റെ വിശ്വാസ്യതയുടെ തെളിവും.
 
 
ഒന്നിനും ഒരു കുറവും വരരുതെന്നാണ് പ്രസ് ക്ലബ സമ്മേളനങ്ങളുടെ ഒന്നാം പ്രമാണം. ഇപ്രാവശ്യവും അത് അങ്ങനെ തന്നെ  ആയിരിക്കുമെന്ന് ബിജു ഉറപ്പു നൽകുന്നു.
 
മൂന്നു പതിറ്റാണ്ടോളമായി ചിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസപ്പുലരി മാസികയുടെ സാരഥിയാണ് ബിജു. അമേരിക്കയിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ ഒന്ന്. അതിനുള്ള  ആദരവ് ബിജുവിന് ലഭിച്ചിട്ടുണ്ടോ എന്ന് സംശയം.
 
ബിസിനസ് രംഗത്തു വിജയം നേടുമ്പോഴും അക്ഷരങ്ങളെ  സ്നേഹിക്കുന്ന മനസിന്റെ തെളിവ് തന്നെയാണത്.
 
പ്രസ് ക്ലബ് സാരഥിയായി ഒരു വര്ഷം കൊണ്ട് തന്നെ കൺവൻഷൻ നടത്താൻ കഴിയുന്നു എന്നതും മികവ് തന്നെ.
 
നാട്ടില്‍ നിന്നു വരുന്ന രാഷ്ട്രീയ നേതാക്കളേയും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരേയും മാത്രമല്ല, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകരേയും സ്വീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായാതായി ബിജു പറഞ്ഞു 
 
എം.കെ. പ്രേമചന്ദ്രന്‍ എംപി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ്, പ്രതാപ് നായര്‍ തുടങ്ങിയവര്‍ ഇതിനോടകം ചിക്കാഗോയില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു. ബാക്കിയുള്ളവര്‍ യാത്രയിലാണ്. ഇന്നുതന്നെ എല്ലാവരും എത്തിച്ചേരുമെന്ന് ബിജു പറഞ്ഞു.
 
നാലുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതിനായി പ്രസ്‌ക്ലബ് അംഗങ്ങളും, അഭ്യുദയകാംക്ഷികളുമായി 125 പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിലും, സമാപന സമ്മേളനത്തിലും നാനൂറില്‍പ്പരം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സമ്മേളനത്തിന്റെ വിജയത്തിനായി ചിക്കാഗോ ചാപ്റ്ററും, കൂടാതെ ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജേക്കബ്, ജോ. സെക്രട്ടറി ബിജിലി ജോര്‍ജ്, ജോ. ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. 'ഞങ്ങളുടേത് ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. അതുകൊണ്ട് വിജയം സുനിശ്ചിതം' ബിജു ആത്മവിശ്വാസത്തോടെ പറഞ്ഞുനിര്‍ത്തി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക