Image

സൗദിയില്‍ ട്രെയിന്‍ അപകടത്തില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക്‌ പരിക്ക്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 29 June, 2012
സൗദിയില്‍ ട്രെയിന്‍ അപകടത്തില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക്‌ പരിക്ക്‌
റിയാദ്‌: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും റിയാദിലേക്ക്‌ പുറപ്പെട്ട ട്രെയിന്‍ റിയാദിനടുത്ത്‌ പാളം തെറ്റി മറിഞ്ഞ്‌ മലയാളികളടക്കം 45ലേറെ പേര്‍ക്ക്‌ പരിക്കേറ്റു. ഒരാളുടെ പരിക്ക്‌ ഗുരുതരമാണ്‌. ബുധനാഴ്‌ച രാവിലെ 9.30ഓടെ റിയാദില്‍ നിന്നും 80 കിലോമീററര്‍ അകലെയാണ്‌ അപകടമുണ്‌ടായത്‌. സാമാന്യം വേഗതയിലായിരുന്ന തീവണ്‌ടി പൊടുന്നനെ വിജനമായ മരുഭൂമിയിലേക്ക്‌ മറിയുകയായിരുന്നെന്ന്‌ യാത്രക്കാരായ മലയാളികള്‍ പറഞ്ഞു.

മറിഞ്ഞ ബോഗികളില്‍ നിന്നും പുറത്തു ചാടിയ മലയാളികളടക്കമുള്ളവരാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. അപകട കാരണം അറിവായിട്ടില്ല. കൂടുതലും സ്വദേശി യാത്രക്കാരുണ്‌ടായിരുന്ന തീവണ്‌ടിയില്‍ മലയാളികളും സുഡാന്‍, ബംഗ്ലാദേശ്‌, ഈജിപ്‌ത്‌, പാക്കിസ്‌ഥാന്‍ തുടങ്ങിയ രാജ്യക്കാരുമുണ്‌ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ്‌ റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളികളായ കണ്ണൂര്‍ കൂത്തുപറമ്പ്‌ കാഞ്ഞിലേരി സ്വദേശി പി.വി നൗഫല്‍ (27), പാലക്കാട്‌ ചിററൂര്‍ സ്വദേശി ശ്രീധര്‍ (45), മലപ്പുറം വണ്‌ടൂര്‍ അയനിക്കോട്‌ സ്വദേശി വെള്ളേങ്ങര അബ്‌ദുല്‍ അസീസ്‌ (47) എന്നിവരെ വൈകുന്നേരത്തോടെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.

അപകടത്തെത്തുടര്‍ന്ന്‌ ബോഗികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നിരവധി പേരെ രക്ഷപ്പെടുത്തിയതായി ഇവര്‍ മൂന്ന്‌ പേരും പറഞ്ഞു. തീവണ്‌ടിയുടെ ജനല്‍ ചില്ലുകള്‍ പൊട്ടിച്ചാണ്‌ അകത്ത്‌ കുടുങ്ങിയവരെ പുറത്തെടുത്തത്‌. ഗുരുതരമായി പരിക്കേറ്റ പാക്കിസ്ഥാനിയെ എയര്‍ ആംബുലന്‍സില്‍ അല്‍ ഈമാന്‍ ആശുപത്രിയിലെത്തിച്ചു. മറ്റ്‌ യാത്രക്കാരെ റിയാദില്‍ നിന്നെത്തിയ മറ്റൊരു ട്രെയില്‍ റിയാദിലെത്തിച്ചു. അപകട വിവരമറിഞ്ഞയുടനെ സിവില്‍ ഡിഫന്‍സ്‌ അധികൃതരും മറ്റ്‌ രക്ഷാ പ്രവര്‍ത്തകരും സ്‌ഥലത്തെത്തിയിരുന്നു.

റിയാദ്‌ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ്‌ ബിന്‍ സഅദ്‌ രാജകുമാരന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. അപകടത്തില്‍ പരിക്കേറ്റ മലയാളികള്‍ക്ക്‌ വേണ്‌ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരും റിസാല സ്‌റ്റഡി സര്‍ക്കിളിന്‍െറ പ്രവര്‍ത്തകരായ നസീര്‍ മുതുകുററി, ഹക്കീം കണ്ണവം, ബഷീര്‍ ഹാജി കക്കാട്‌ എന്നിവരും ആശുപത്രിയിലും റെയില്‍വേ സ്‌റ്റേഷനിലും എത്തിയിരുന്നു.

രാജ്യത്തെ ഏക റെയില്‍വേ ലൈനായ ദമാം - റിയാദ്‌ റൂട്ടില്‍ അടുത്തിടെയാണ്‌ അതിവേഗ തീവണ്‌ടികള്‍ അടക്കം പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്‌. രാജ്യത്തിന്‍െറ മറ്റു ഭാഗത്തേക്കു കൂടി റെിയില്‍വേ ലൈനുകള്‍ വ്യാപിപ്പിക്കാനുള്ള ജോലികള്‍ ദ്രുതഗതിയില്‍ നടന്നു കൊണ്‌ടിരിക്കയാണ്‌. രാജ്യത്തെ ആദ്യത്തെ റെയില്‍വേ പാതയായ ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ നിന്നും മദീനയിലേക്കുള്ള ഹിജാസ്‌ റെയില്‍വെ 1908 ല്‍ ആണ്‌ ആരംഭിച്ചത്‌. എന്നാല്‍ അത്‌ 1915 ല്‍ തന്നെ അടച്ചു പൂട്ടി. 1951 ല്‍ ആണ്‌ ഇപ്പോള്‍ നിലവിലുള്ള റെയില്‍വേ ലൈന്‍ ആരംഭിച്ചത്‌. സൗദി എണ്ണക്കമ്പനിയായ അരാംകോ ആരംഭിച്ച ഈ റെയില്‍വേ പിന്നീട്‌ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1968ല്‍ തലസ്‌ഥാനമായ റിയാദിലേക്ക്‌ നീട്ടി ജനങ്ങള്‍ക്ക്‌ തുറന്നു കൊടുക്കുകയുമായിരുന്നു.
സൗദിയില്‍ ട്രെയിന്‍ അപകടത്തില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക്‌ പരിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക