Image

ഫിലാഡല്‍ഫിയായില്‍ യൂദാ തദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 28 June, 2012
ഫിലാഡല്‍ഫിയായില്‍ യൂദാ തദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ്‌ ജൂഡ്‌ മലങ്കര കത്തോലിക്ക ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനും അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ ജൂണ്‍ 23, 24 തീയതികളില്‍ ആഘോഷിച്ചു.

തിരുനാളിനു തുടക്കമായി റവ. ജേക്കബ്‌ ജോണ്‍, ഇടവക വികാരി റവ. തോമസ്‌ മലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റ്‌ കര്‍മ്മം നടന്നു. 23ന്‌ സന്ധ്യാപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, പ്രശസ്‌ത വചന പ്രഘോഷകരായ റവ. മാത്യു മണക്കാട്ട്‌, ഡോ. മനോജ്‌ എന്നിവര്‍ നയിച്ച വചന പ്രഘോഷണങ്ങള്‍, കരിമരുന്ന്‌ പ്രകടനം എന്നിവയും നടന്നു.

24ന്‌ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ പത്തനംതിട്ട രൂപത അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ സഭയുടെ ആചാരപ്രകാരം ഇടവക വികാരി കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു.

പ്രഭാത പ്രാര്‍ഥനയെ തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക്‌ മാര്‍ ക്രിസോസ്റ്റം മുഖ്യകാര്‍മികത്വം വഹിച്ച്‌ വചനം പ്രഘോഷണം നടത്തി. മാര്‍ത്താണ്ഡം രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ സുന്ദരം, റവ. തോമസ്‌ മലയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

മുത്തുക്കുടകളുടെയും വര്‍ണക്കൊടികളുടെയും അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച്‌ ആഘോഷമായ തിരുനാള്‍ റസ നടന്നു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥി സെലിന്‍ സന്തോഷിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും അള്‍ത്താര ശുശ്രൂഷയ്‌ക്കായി ഒരുക്കപ്പെട്ട ബാലന്മാരുടെ അള്‍ത്താര പ്രവേശനവും തിരുനാളിനോടനുബന്ധിച്ച്‌ നടന്നു.

ഇടവകയുടെ വളര്‍ച്ചയ്‌ക്കുവേണ്‌ടി പ്രവര്‍ത്തിക്കുന്ന വികാരി റവ. തോമസ്‌ മലയിലിനെ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അഭിനന്ദിച്ചു. ഇടവക സെക്രട്ടറി ജോണ്‍ സാമുവല്‍, ട്രഷറാര്‍ ജേക്കബ്‌ തോമസ്‌, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ തിരുനാളിന്‌ നേതൃത്വം നല്‍കി. തിരുനാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി നന്ദി പറഞ്ഞു.
ഫിലാഡല്‍ഫിയായില്‍ യൂദാ തദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക