Image

ഗൂഗിള്‍ നെക്‌സസ് 7 ടാബ്‌ലെറ്റ് അവതരിപ്പിച്ചു; യുഎസ് വനിതയുടെ വധം: പൊലീസ് തിരഞ്ഞ ഇന്ത്യന്‍ യുവാവ് മരിച്ച നിലയില്‍

Published on 28 June, 2012
ഗൂഗിള്‍ നെക്‌സസ് 7 ടാബ്‌ലെറ്റ് അവതരിപ്പിച്ചു; യുഎസ് വനിതയുടെ വധം: പൊലീസ് തിരഞ്ഞ ഇന്ത്യന്‍ യുവാവ് മരിച്ച നിലയില്‍
ഗൂഗിള്‍ നെക്‌സസ് 7 ടാബ്‌ലെറ്റ് അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ വമ്പനായ ഗൂഗിളിന്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റായ നെക്‌സസ് 7 അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് നെക്‌സസ് 7 എന്ന പേരില്‍ അറിയപ്പെടുന്ന ഈ 7 ഇഞ്ച് ടാബ്‌ലെറ്റിനെ ഗൂഗിള്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. തായ്‌വാനില്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തെ പുലികളായ അസൂസുമായി സഹകരിച്ചാണ് ഗൂഗിള്‍ നെക്‌സസ് 7 നു രൂപംനല്‍കിയത്. ഗൂഗിള്‍ അത്യാധുനിക ഓപ്പറേറ്റിംഗ് സിസ്റ്റമായ ജെല്ലി ബീന്‍ ആന്‍ഡോയിഡ് 4.1 ആണ് ഇതിലുള്ളത്. 1 ജിബി റാം, 1280* 800 ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേ, ടെഗ്ര 3 പ്രോസസര്‍, ഫ്രണ്ട് കാമറ, വൈ-ഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി ചിപ്പ്, 9 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് തുടങ്ങിയ സവിശേഷതകളുമായാണ് നെക്‌സസ് 7 എത്തുന്നത്. 199 ഡോളറാണ് വില. ജൂലൈ പകുതിയോടെ ഇത് വിപണിയില്‍ മത്സരത്തിനിറങ്ങും.

ഇതോടൊപ്പം ഗൂഗിളിന്റെ ഏറ്റവും പുതിയ മീഡിയ പ്ലെയറായ നെക്‌സസ് ക്യുവും സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചു. 299 ഡോളര്‍ വിലയിട്ടിരിക്കുന്ന നെക്‌സസ് ക്യു, ആന്‍ഡോയിഡില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ യുട്യൂബും ഗൂഗിള്‍ പ്ലേയും സമന്വയിപ്പിക്കുമ്പോള്‍ ടി.വി., മ്യൂസിക് സിസ്റ്റം കണക്ഷന്‍ സംവിധാനവുമുണ്ട്. സംഗീതം, ചലച്ചിത്രം, പുസ്ത്കങ്ങള്‍ എന്നിവയ്ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സ്‌റ്റോര്‍ ആണ് ഗൂഗിള്‍ പ്ലേ. ഇതില്‍ ക്ലൗഡ് അധിഷ്ഠിതമായ മ്യൂസിക് സ്‌റ്റോറും ഉള്‍പ്പെടുന്നു. ഇതും ജൂലൈ പകുതിയോടെ വിപണിയിലെത്തും.

ഭാരം കുറയ്ക്കാനുള്ള ബെല്‍വിഖ് മരുന്നുകള്‍ക്ക് യുഎസ് അംഗീകാരം

വാഷിംഗ്ടണ്‍: അമിതഭാരം കുറയ്ക്കാനുള്ള മരുന്നായ ബെല്‍വിഖിന് യുഎസ് ആരോഗ്യവകുപ്പ് അധികൃതര്‍ അംഗീകാരം നല്‍കി. 13 വര്‍ഷത്തിനുശേഷമാണ് ബെല്‍വിഖിന് യുഎസ് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കുന്നത്. ഈ ഗുളിക ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം അഞ്ചു ശതമാനം കുറയ്ക്കാനാകുമെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായിരുന്നു. ഗുളികയുടെ ഉപയോഗം ട്യൂമര്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കണ്‌ടെത്തിയതിനെത്തുടര്‍ന്ന് 2010ല്‍ ആരോഗ്യവകുപ്പ് തന്നെ ഗുളകയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നിര്‍മാതാക്കളായ ആരീന ഫാര്‍മസ്യൂട്ടിക്കല്‍സ് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയതോടെയാണ് മരുന്നിന് അനുമതി നല്‍കിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസിന് ചൈനീസ് ഭാഷയിലും വെബ്‌സൈറ്റ്

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസിന് ഇനി ചൈനീസ് ഭാഷയിലും വെബ്‌സൈറ്റ്. ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ന്യൂയോര്‍ക്ക് ടൈംസ് ചൈനീസ് ഭാഷാ വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ചൈനയിലെ മധ്യവര്‍ഗത്തെയാണ് വെബ്‌സൈറ്റ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ള ചൈനയില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് വായനക്കാര്‍ ആകാംക്ഷപൂര്‍വമാണ് വീക്ഷിക്കുന്നത്. ചൈനയില്‍ 50 കോട ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്‌ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് ദിനംപ്രതി കൂടുകയുമാണ്. ഈ സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ചൈനീസ് ഭാഷയില്‍ വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

നിക്കി ഹാലിയുടെ വിചാരണ ഇന്ന് തുടങ്ങും

വാഷിംഗ്ടണ്‍: നോര്‍ത്ത് കരോലീന ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലിയെ നിയമസഭാ ധാര്‍മിക സമിതി ഇന്നു വിചാരണ ചെയ്യും. 2005-2010ല്‍ സംസ്ഥാന നിയമസഭാംഗമായിരിക്കെ നിക്കി മുമ്പു ജോലിചെയ്തിരുന്ന രണ്ടു സ്ഥാപനങ്ങള്‍ക്കായി നിയമവിരുദ്ധമായി സ്വാധീനം ചെലുത്തിയെന്ന ആരോപണത്തിലാണ് വിചാരണ. സംസ്ഥാന ഗവര്‍ണര്‍ക്കെതിരേ ഇത്തരമൊരു അന്വേഷണം ആദ്യമാണ്. റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകന്‍ ജോണ്‍ റെയ്‌നിയാണ് ഹാലിയ്‌ക്കെതിരെ പരാതി നല്‍കിയത്. ഒരു യുഎസ് സംസ്ഥാനത്തു ഗവര്‍ണറാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും നോര്‍ത്ത് കരോലീനയിലെ വെള്ളക്കാരിയല്ലാത്ത ആദ്യ വനിതാ ഗവര്‍ണറുമാണു നിക്കി ഹാലി. പഞ്ചാബില്‍നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകളാണു നിക്കി ഹാലി.

സുനിത വില്യംസ് ഗുജറാത്തില്‍നിന്നു പെണ്‍കുഞ്ഞിനെ ദത്തെടുക്കും

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചു റിക്കാര്‍ഡിട്ട ഇന്ത്യന്‍ വംശജയും യുഎസ് ബഹിരാകാശയാത്രികയുമായ സുനിത വില്യംസ് പിതാവിന്റെ നാടായ ഗുജറാത്തില്‍നിന്നു പെണ്‍കുട്ടിയെ ദത്തെടുക്കുന്നു. അടുത്തമാസം നടക്കുന്ന രണ്ടാം ബഹിരാകാശ യാത്രയ്ക്കുശേഷം ഗുജറാത്തിലെത്തുന്ന സുനിത കുട്ടിയുമായി അമേരിക്കയിലേക്കു മടങ്ങുമെന്നാണു റിപ്പോര്‍ട്ട്.

അമേരിക്കയിലെ ഒറേഗോണ്‍ നഗരത്തിലെ പോലീസ് ഓഫീസറായ മൈക്കിള്‍ ജെ. വില്യംസ് ആണ് സുനിതയുടെ ഭര്‍ത്താവ്. 20 വര്‍ഷംമുമ്പ് വിവാഹിതരായ ദമ്പതികള്‍ക്കു മക്കളില്ല. അഹമ്മദാബാദിലെ ഒരു സന്നദ്ധസംഘടന വഴി ദത്തെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണത്രെ. ഇതിനായി അഹമ്മദാബാദിലെ ബന്ധു ദിനേശ് റാവലിനെയാണു സുനിത ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തില്‍ വരുമ്പോഴൊക്കെ സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ സുനിത ശക്തമായി പ്രതികരിക്കാറുണ്ട്. അനാഥയായ പെണ്‍ശിശുവിനെ ദത്തെടുത്തു നാട്ടുകാര്‍ക്കു സുനിത തക്ക മറുപടി നല്കുകയാണ്.

റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയില്‍നിന്നുള്ള യൂറി മലന്‍ചെങ്കോ, ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയിലെ അകിഹികോ ഹോഷിഡ് എന്നിവരോടൊപ്പം അടുത്തമാസം 14നാണ് സുനിതയുടെ രണ്ടാം ബഹിരാകാശ യാത്ര. കസാക്കിസ്ഥാനിലെ ബൈക്കനോര്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്നാണ് ഇവരെയും വഹിച്ചുള്ള പേടകം ഉയര്‍ന്നുപൊങ്ങുക. നവംബറിനുശേഷമായിരിക്കും സുനിതയും സംഘവും ബഹിരാകാശത്തുനിന്നു തിരിച്ചെത്തുക. യാത്രയ്ക്കു മുന്നോടിയായുള്ള അവസാനവട്ട പരിശീലനത്തിലാണു സുനിതയും സംഘവും.

യുഎസ് വനിതയുടെ വധം: പൊലീസ് തിരഞ്ഞ ഇന്ത്യന്‍ യുവാവ് മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംശയിക്കുന്ന ഇന്ത്യന്‍ യുവാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണെ്ടത്തി. ഐടി ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ അഞ്ജയ്യ (26) യുടെ മൃതദേഹം ന്യൂജഴ്‌സിയിലെ ഹോട്ടല്‍ മുറിയിലാണു കണ്ടത്.

ഉയര്‍ന്ന അളവില്‍ മരുന്നു കഴിച്ചതാണു മരണകാരണം. ആത്മഹത്യയാണെന്നു പൊലീസ് സംശയിക്കുന്നു. പെനിസില്‍വേനിയയിലെ ഡാനിയെല മെഹല്‍മാന്‍ എന്ന വനിതയെ ഡെലാവറിലെ ബീച്ച് ഹോട്ടലില്‍ ഈ മാസം 18നു കൊല്ലപ്പെട്ടനിലയില്‍ കണെ്ടത്തിയിരുന്നു. സ്കൂള്‍ അധ്യാപികയായിരുന്ന യുവതിയുടെ മൃതദേഹത്തില്‍ കത്തിക്കുത്തുകളുടെ ആഴമുള്ള ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. ഈ കേസിലാണ് അഞ്ജയ്യയുടെ ചിത്രം പരസ്യപ്പെടുത്തി പൊലീസ് തിരച്ചില്‍ തുടങ്ങിയ­ത്.
ഗൂഗിള്‍ നെക്‌സസ് 7 ടാബ്‌ലെറ്റ് അവതരിപ്പിച്ചു; യുഎസ് വനിതയുടെ വധം: പൊലീസ് തിരഞ്ഞ ഇന്ത്യന്‍ യുവാവ് മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക