Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ്‌ 2012-14 പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു

Published on 27 June, 2012
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ്‌ 2012-14 പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു
ഹ്യൂസ്റ്റണ്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രോവിന്‍സ്‌ 2012-14 വര്‍ഷത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേല്‍ക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയും ചെയ്‌തു.

ജൂണ്‍ 24-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സ്റ്റാഫോര്‍ഡിലുള്ള സെന്റ്‌ തോമസ്‌ കേരള കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ചായിരുന്നു പ്രവര്‍ത്തനോദ്‌ഘാടനത്തിനു തുടക്കംകുറിച്ചത്‌. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളേയും മുഖ്യാതിഥികളേയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക്‌ സ്വീകരിച്ച്‌ ആനയിച്ചു. തുടര്‍ന്ന്‌ ഭരണസമിതി അംഗങ്ങളും മുഖ്യാതിഥികളും ചേര്‍ന്ന്‌ നിലവിളക്ക്‌ കൊളുത്തി പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു.

ഹ്യുസ്റ്റണ്‍ പ്രോവിന്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ എ.സി ജോര്‍ജ്‌ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ തുടക്കത്തെപ്പറ്റിയും പ്രവര്‍ത്തനരീതികളെക്കുറിച്ചും ആമുഖമായി സംസാരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പുതിയ പ്രസിഡന്റ്‌ സുനില്‍ ഏബ്രഹാമിന്‌, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ എസ്‌.കെ. ചെറിയാന്‍ അധികാരം കൈമാറി.

അധികാരമേറ്റ പുതിയ ഭരണസമിതി, മുന്‍ ഭരണസമിതി തുടങ്ങിവെച്ച എല്ലാ നല്ല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുമെന്നും കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സുനില്‍ ഏബ്രഹാം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും സുനില്‍ ഏബ്രഹാം തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ മുഖ്യ പ്രഭാഷണം നടത്തി. വിദേശത്തേക്ക്‌ പറിച്ചുനട്ടിട്ടും കേരളത്തെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വിദേശ മലയാളികളാണ്‌ നാടിന്റെ അഭിമാനമെന്നും, കേരളത്തില്‍ പോലും തഴയപ്പെടുന്ന മലയാള ഭാഷയെ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റേയും മറ്റും നേതൃത്വത്തില്‍ വിദേശരാജ്യങ്ങളില്‍ പരിപോഷിപ്പിക്കുന്നത്‌ അഭിനന്ദനീയമാണെന്നും ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രോവിന്‍സ്‌ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പ്രസ്‌താവിച്ചു.

തുടര്‍ന്ന്‌ പ്രവാസി ന്യൂസിന്റെ എഡിറ്റര്‍ ജോളി വില്ലി, എസ്‌.കെ. ചെറിയാന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. സുജു ഫിലിപ്പ്‌, അജി നായര്‍ (പഞ്ചാരി ആര്‍ട്‌സ്‌) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള, ചെണ്ടമേളം എന്നിവ ശ്രദ്ധേയമായി. നന്ദി പ്രകാശനത്തോടെ പരിപാടികള്‍ക്ക്‌ തിരശീല വീണു.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ്‌ 2012-14 പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക