Image

ഫോമാ ബിസിനസ്‌ സെമിനാര്‍ ജോണ്‍ ടൈറ്റസ്‌ നയിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 26 June, 2012
ഫോമാ ബിസിനസ്‌ സെമിനാര്‍ ജോണ്‍ ടൈറ്റസ്‌ നയിക്കും
ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ ക്രൂയിസ്‌ കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ അരങ്ങേറുന്ന ഫോമാ കണ്‍വെന്‍ഷനിലെ ബിസിനസ്‌ സെമിനാറിന്‌ നേതൃത്വം നല്‍കുന്നത്‌ അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനും ഫോമയുടെ മുന്‍ പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ്‌ ആയിരിക്കുമെന്ന്‌ പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

വടക്കേ അമേരിക്കയിലേയും കേരളത്തിലേയും ഗള്‍ഫ്‌ രാജ്യങ്ങളിലേയും ബിസിനസുകാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തുന്ന ബിസിനസ്‌ സെമിനാര്‍ തീര്‍ച്ചയായും ഒട്ടനവധി പുതിയ ബിസിനസ്‌ സംരംഭകര്‍ക്കും, വിവിധ മേഖലകളില്‍ ബിസിനസ്‌ ചെയ്യുന്നവര്‍ക്കും വളരെ പ്രയോജനപ്രദമായിരിക്കും.

എയ്‌റോനോട്ടിക്‌സ്‌ എന്‍ജിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്ത്‌ `എയ്‌റോ കണ്‍ട്രോള്‍സ്‌' എന്ന ബിസിനസ്‌ സ്ഥാപനത്തിന്‌ തുടക്കംകുറിച്ച ജോണ്‍ ടൈറ്റസ്‌ പിന്നീട്‌ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുകയായിരുന്നു. വലുതും ചെറുതുമായ എയര്‍ക്രാഫ്‌റ്റുകളുടെ പാര്‍ട്‌സുകള്‍ ഉണ്ടാക്കുന്ന കമ്പനിയായ എയ്‌റോ കണ്‍ട്രോള്‍സിന്‌ ഇന്ന്‌ സിയാറ്റിലിലും ഫ്‌ളോറിഡയിലും പ്രൊഡക്ഷന്‍ യൂണീറ്റുകളും നൂറുകണക്കിന്‌ ജോലിക്കാരുമുണ്ട്‌. 1960-കള്‍ മുതല്‍ കുടിയേറിപ്പാര്‍ക്കുന്ന പ്രവാസി മലയാളികള്‍ക്കായി തങ്ങളുടെ റിട്ടയര്‍മെന്റ്‌ ജീവിതം ആഹ്ലാദഭരിതമാക്കുവാന്‍ അറ്റ്‌ലാന്റയില്‍ ജോണ്‍ ടൈറ്റസ്‌ നിര്‍മ്മിക്കുന്ന `കേരളാ ഗാര്‍ഡന്‍സ്‌' എന്ന സംരംഭം എല്ലാവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്‌. രണ്ടും മൂന്നും ബെഡ്‌ റൂമുകളും, വിശാലമായ ലിവിംഗ്‌ റൂമുകളും കിച്ചനും ഉള്‍പ്പെടുന്ന നൂറുകണക്കിന്‌ വീടുകളും, കേരളത്തിലെ വിവിധ സിറ്റികളുടെ പേരില്‍ റോഡുകളും, ഹോസ്‌പിറ്റല്‍, റിക്രിയേഷന്‍ ക്ലബ്‌ ആരാധനാലയം, ലേയ്‌ക്ക്‌ എന്നിവ ഉള്‍പ്പെടുന്ന കേരളാ ഗാര്‍ഡന്‍സ്‌ ഏതൊരു പ്രവാസിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയായിരിക്കും നല്‍കുന്നത്‌.

ജയ്‌ഹിന്ദ്‌ ടിവിയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, ബിസിനസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച ജോണ്‍ ടൈറ്റസ്‌ പ്രവാസി മലയാളികള്‍ക്കായി നല്‍കിയ സമ്മാനമാണ്‌ മലയാളം ടിവി. 24 മണിക്കൂറും വടക്കേ അമേരിക്കയിലെ വാര്‍ത്തകളും, കൊച്ചുകൊച്ചു വിശേഷങ്ങളും, സംഗീതവും നൃത്തവും സിനിമയും യൂത്ത്‌ പ്രോഗ്രാമുകളും പ്രവാസി ശബ്‌ദവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവാസികളുടെ ആദ്യചാനലായ മലയാളം ടിവിയുടെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌ ജോണ്‍ ടൈറ്റസ്‌.

വടക്കേ അമേരിക്കയിലും കേരളത്തിലും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലും വ്യാപൃതനായിരിക്കുന്ന ജോണ്‍ ടൈറ്റസ്‌ ഫ്‌ളോറിഡയില്‍ എയര്‍പോര്‍ട്ടിനടുത്തായി 140-ഓളം മുറികളുള്ള ബെസ്റ്റ്‌ വെസ്റ്റേണ്‍ ഹോട്ടല്‍ തുറക്കുകയാണ്‌.

ഫോമയുടെ പ്രസിഡന്റ്‌ ആയിരുന്നപ്പോഴാണ്‌ കേരളത്തിലെ നിര്‍ധനരും, പാവപ്പെട്ടവരും, രോഗികളുമായ 32 കുടുംബങ്ങള്‍ക്ക്‌ വീട്‌ നിര്‍മ്മിച്ച്‌ നല്‍കി മാതൃക കാട്ടിയത്‌.

മാര്‍ത്തോമാ സഭയുടെ കൗണ്‍സില്‍ മെമ്പറും, അമേരിക്കയില്‍ നിന്നുമുള്ള പ്രതിനിധിയായ ഭാര്യ കുസുമം ടൈറ്റസ്‌, ജോണ്‍ ടൈറ്റസിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിവരുന്നു. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ലാസ്‌വേഗസ്‌ കണ്‍വെന്‍ഷനില്‍ നടന്ന ബിസിനസ്‌ സെമിനാറിനെക്കാളും ഒരു പടികൂടി മെച്ചമായ രീതിയില്‍ നടത്തുവാനും അതുവഴി ഫോമയുടെ യശസ്‌ ബിസിനസ്‌ ലോകത്തില്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ്‌ ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ തീരുമാനം.
ഫോമാ ബിസിനസ്‌ സെമിനാര്‍ ജോണ്‍ ടൈറ്റസ്‌ നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക