Image

മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ കേരള വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമം

Published on 21 June, 2012
മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ കേരള വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമം
കുമളി: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളവിരുദ്ധ വികാരം വളര്‍ത്താന്‍ തമിഴ്നാട്ടില്‍ വീണ്ടും ശ്രമം. കഴിഞ്ഞദിവസം വൈക്കോയുടെ നേതൃത്വത്തില്‍ കമ്പത്ത് പ്രകടനവും സമ്മേളനവും നടത്തിയതിനു പിന്നാലെ ഇന്നു കോയമ്പത്തൂരില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാനും വൈക്കോ ആഹ്വാനംചെയ്തിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലപരിശോധനയ്ക്കായി സുര്‍ക്കി സാമ്പിള്‍ ശേഖരിക്കാന്‍ നിര്‍മിച്ച ബോര്‍ ഹോളുകള്‍ അടയ്ക്കുന്നതിന്റെ പേരില്‍ ടണ്‍ കണക്കിനു സിമന്റെത്തിച്ചു ഡാം ബലപ്പെടുത്തല്‍ വേലകള്‍ നടത്താനാണു കമ്പത്ത് പ്രകടനം നടത്തിയത്. പ്രകടനം പ്രഖ്യാപിച്ചതോടെ സിമന്റെത്തിക്കാന്‍ കേരളം വഴ്ങ്ങിക്കൊടുക്കുകയും ചെയ്തു. വൈക്കോയുടെ ഇത്തരം നടപടികള്‍ തമിഴ്നാട്ടില്‍ തന്നെ വിമര്‍ശന വിധേയമായിട്ടുണ്െടങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ മറപിടിച്ചു തമിഴ്നാട്ടിലും കേരളത്തിലും മലയാളികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളും മറ്റും കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് മലയാളികള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നത്. തമിഴ്നാട്ടില്‍ കമ്പം ഉള്‍പ്പെടെ മിക്ക സ്ഥലങ്ങളിലും മലയാളികളുടെ സ്ഥാപനങ്ങളും കൃഷികളും നശിപ്പിക്കപ്പെട്ടു. കൃഷിയും വസ്തുവകകളും നഷ്ടപ്പെട്ടു കേരളത്തിലേക്കു പലായനം ചെയ്ത മലയാളികള്‍ക്കു ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരളത്തില്‍ തമിഴരുടെ ആക്രമണത്തില്‍ പരിക്കേറ്റവരെയും സംസ്ഥാന അധികൃതരും അവഗണിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ ഒരുസംഘം കലാപകാരികള്‍ കേരളത്തിലേക്കു നടത്തിയ മാര്‍ച്ച് അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞപ്പോള്‍ ഊടുവഴികളിലൂടെ നുഴഞ്ഞുകയറിയ തമിഴ് അക്രമികള്‍ കുമളി റോസാപ്പൂക്കണ്ടത്ത് അക്രമം നടത്തി. ഡിസംബര്‍ 10നായിരുന്നു സംഭവം. സ്വന്തം പുരയിടത്തില്‍ കുരുമുളക് പറിച്ചുകൊണ്ടിരുന്നതിനിടെ ഒരുസംഘം പുളിക്കക്കുന്നേല്‍ പി.കെ.ബെന്നിയുടെ അടുത്തേക്കു മാരകായുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണം ഭയന്ന് ഓടിയ ബെന്നിയെ പിന്നാലെയെത്തി ക്രൂരമായി മര്‍ദിച്ചു. ബെന്നിയുടെ കൈ തല്ലിയൊടിച്ചു. തലയ്ക്ക് പരിക്കേല്‍പ്പിച്ചു.വാരിയെല്ല് ചവിട്ടിയൊടിച്ചു. ദീര്‍ഘനാള്‍ അലോപ്പതി ചികിത്സ നടത്തിയശേഷം ഇപ്പോള്‍ ബെന്നി ആയുര്‍വേദ ചികിത്സ നടത്തുകയാണ്. ബെന്നിയ്ക്കു ജില്ലാ ഭരണാധികാരികള്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. തമിഴ്നാട്ടിലും അക്രമത്തിനു ഇരയായവര്‍ ഏറെയാണ്. തെങ്ങ്, വാഴ, കശുമാവ്, മരച്ചീനി ഉള്‍പ്പെടെ നിരവധി ഏക്കര്‍ സ്ഥലത്തെ കൃഷിദേഹണ്ഡങ്ങളാണു മലയാളികള്‍ക്കു നഷ്ടപ്പെട്ടത്. കോഴിഫാമുകളും കയര്‍ ഫാക്ടറികളും ഹോട്ടലുകളുമെല്ലാം നശിപ്പിക്കപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ നഷ്ടം പേറി കേരളത്തിലേക്കു മടങ്ങിയ നൂറുകണക്കിനാളുകള്‍ ഇന്നും ദുരിതത്തിലാണ്. ഇതിനിടെ, വീണ്ടും മലയാളികള്‍ക്കെതിരെ വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക