Image

ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യണം

Published on 21 June, 2012
ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യണം
ദുബായ്‌: ദുബായില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ വാടക/പാട്ട കരാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്ററി ഏജന്‍സിയുടെ (റെറ) കീഴിലുള്ള ദുബൈ ലാന്‍ഡ്‌ ഡിപാര്‍ട്‌മെന്‍റില്‍ (ഡി.എല്‍.ഡി) ആണ്‌ ഇത്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌. രജിസ്‌ട്രേഷനുവേണ്ടി Ejari.ae എന്ന രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ട്‌. വാടക കരാര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന ഡി.എല്‍.ഡിയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടി ഉണ്ടെങ്കിലേ ഇനി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകൂ. ജൂലൈ ഒന്ന്‌ മുതല്‍ ഇത്‌ നിര്‍ബന്ധമാക്കുമെന്ന്‌ റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്ററി ഏജന്‍സി സി.ഇ.ഒ മര്‍വാന്‍ ബിന്‍ ഗലൈത പറഞ്ഞു.

താമസ, വാണിജ്യ വാടകക്കരാറുകളെല്ലാം പോര്‍ട്ടര്‍ വഴി രജിസ്റ്റര്‍ ചെയ്‌തിരിക്കണം. ഇല്‌ളെങ്കില്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക്‌ കാലതാമസം നേരിടുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഒരു കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ 160 ദിര്‍ഹമാണ്‌ ഫീസ്‌. ഇത്‌ വാടകക്കാരന്‍ ആണ്‌ അടക്കേണ്ടത്‌. വസ്‌തു വിപണിയെ കുറിച്ച്‌ സര്‍ക്കാറിന്‌ ശരിയായ ധാരണ ലഭിക്കുന്നതിനും വിപണിയെ നിരീക്ഷിക്കുന്നതിനും ഇതുമൂലം കഴിയുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. വാടകയെ കുറിച്ചുള്ള യഥാര്‍ഥ ചിത്രം ലഭിക്കാന്‍ ഇത്‌ സഹായിക്കും. വാടകക്കാരെല്ലാം കൃത്യമായി വാടക നല്‍കുന്നുണ്ടോയെന്നും അറിയാന്‍ കഴിയും.

രജിസ്‌ട്രേഷന്‍ നടത്തിയില്‌ളെങ്കില്‍ ജലം, വൈദ്യുതി സേവനങ്ങള്‍ ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ഇതിന്‌ പുറമെ ദുബൈ സാമ്പത്തിക വകുപ്പ്‌, താമസ കുടിയേറ്റ വകുപ്പ്‌ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും കാലതാമസം നേരിടും. ഓണ്‍ലൈനിലൂടെ മാത്രമല്ല 47 അംഗീകൃത ടൈപിങ്‌ സെന്‍ററുകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ദുബൈയില്‍ ഇജാരി സംവിധാനത്തിന്‌ കീഴില്‍ 1,99,663 വസ്‌തുക്കള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ ഇനിയും ഉയരുമെന്നാണ്‌ പ്രതീക്ഷ.

അതിനിടെ, ദുബൈയില്‍ വിസിറ്റ്‌ വിസക്ക്‌ അപേക്ഷിക്കുമ്പോള്‍ പോലും വാടക കരാറും ദെവ ബില്ലും നിര്‍ബന്ധമാണെന്ന്‌ താമസകുടിയേറ്റ വകുപ്പ്‌ ജനറല്‍ ഡയറക്ടറേറ്റ്‌ (ഡി.എന്‍.ആര്‍.ഡി) ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. എന്നാല്‍, ഡി.എന്‍.ആര്‍.ഡിയുടെ ജബല്‍ അലി കോള്‍ സെന്‍ററുമായി ബന്ധപ്പെട്ടപ്പോള്‍ വിസിറ്റ്‌ വിസക്ക്‌ വാടക കരാര്‍ വേണ്ട എന്ന മറുപടിയാണ്‌ ലഭിച്ചതെന്ന്‌ എമിറേറ്റ്‌സ്‌ 24ഃ7റിപ്പോര്‍ട്ട്‌ ചെയ്‌തു. ആളുകളോട്‌ വാടക കരാര്‍ കൂടി കൊണ്ടുവരണം എന്ന്‌ ഉപദേശിക്കാന്‍ മാത്രമാണ്‌ പ്രധാന ഓഫിസില്‍ നിന്ന്‌ പറഞ്ഞതെന്നാണ്‌ വിശദീകരണം. ഡി.എന്‍.ആര്‍.ഡി പുറപ്പെടുവിച്ച ആവശ്യമായ രേഖകളുടെ പട്ടികയിലും വാടക കരാറിനെ കുറിച്ച്‌ പറയുന്നില്‌ളെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക