Image

മസ്‌ക്കറ്റില്‍ മലയാളി ജീവനക്കാരനെ കെട്ടിയിട്ട്‌ തോക്കുചൂണ്ടി പെട്രോള്‍ ബങ്ക്‌ കൊള്ളയടിച്ചു

Published on 20 June, 2012
മസ്‌ക്കറ്റില്‍ മലയാളി ജീവനക്കാരനെ കെട്ടിയിട്ട്‌ തോക്കുചൂണ്ടി പെട്രോള്‍ ബങ്ക്‌ കൊള്ളയടിച്ചു
മസ്‌കറ്റ്‌: മുഖംമൂടി ധരിച്ചത്തെിയ നാലംഗസംഘം റുസ്‌താഖില്‍ മലയാളി ജീവനക്കാരനെ കെട്ടിയിട്ട്‌ തോക്കുചൂണ്ടി പെട്രോള്‍ ബങ്കും സമീപത്തെ വ്യാപാരസ്ഥാപനവും കൊള്ളയടിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ റുസ്‌താഖ്‌ അല്‍ശറയിലെ ഒമാന്‍ ഓയില്‍ പെട്രോള്‍ സ്‌റ്റേഷനിലാണ്‌ സംഭവം. പമ്പ്‌ ജീവനക്കാരനായ ആലപ്പുഴ ഹരിപ്പാട്‌ സ്വദേശി പ്രവീണ്‍ രാജനെ (30) ഇടിച്ചുവീഴ്‌ത്തി പിന്നില്‍ നിന്ന്‌ കൈകള്‍ വരിഞ്ഞുകെട്ടിയ ഇവര്‍ ഇദ്ദേഹത്തിന്‍െറ കൈവശമുണ്ടായിരുന്ന പണം തട്ടിപറിച്ചതിന്‌ പുറമെ പെട്രോള്‍സ്‌റ്റേഷന്‍െറ സേഫ്‌ലോക്കറും, സമീപത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലെ സേഫ്‌ ലോക്കറും കൊണ്ടുപോയി. മിഅ്‌റാജിനോട്‌ അനുബന്ധിച്ച്‌ നാലുദിവസം ബാങ്ക്‌ അവധിയായതിനാല്‍ അത്രയും ദിവസത്തെ കളക്ഷന്‍ സൂക്ഷിച്ചിരുന്ന ലോക്കറാണ്‌ മോഷ്ടാക്കള്‍ കൊണ്ടുപോയതെന്ന്‌ അക്രമത്തിനിരയായ പ്രവീണ്‍ രാജന്‍ പറഞ്ഞു.

പുലര്‍ച്ചെ 2.17ന്‌ പെട്രോള്‍ നിറക്കാനെന്ന വ്യാജേന പിക്കപ്പിലാണ്‌ സംഘം ഫില്ലിങ്‌ സ്‌റ്റേഷനിലത്തെിയത്‌. ഈ സമയം തനിച്ചായിരുന്ന താന്‍ സ്‌റ്റേഷന്‍െറ ഓഫീസിനകത്ത്‌ വാതിലടച്ച്‌ ഇരിക്കുകയായിരുന്നുവെന്ന്‌ പ്രവീണ്‍ പറഞ്ഞു. വാഹനം വന്നത്‌ കണ്ട്‌ പെട്രോള്‍ നിറക്കാനായി ഓഫീസിന്‌ പുറത്തേക്ക്‌ വരുന്നതിന്‌ മുമ്പേ രണ്ട്‌ മുഖംമൂടിധാരികള്‍ വാതിലിന്‌ രണ്ടുവശത്തായി നിലയുറപ്പിച്ചിരുന്നുവത്രെ. വാതില്‍ തുറന്നയുടനെ ഇവരിലൊരാള്‍ റിവോള്‍വറെടുത്ത്‌ നെറ്റിയില്‍ ചൂണ്ടി പണമെടുക്കാന്‍ ആവശ്യപ്പെട്ടു. പ്രാണഭയത്താന്‍ ഭയന്ന്‌ വിറച്ചുപോയ താന്‍ കൈയിലുണ്ടായിരുന്ന കലക്ഷന്‍ ആയിരം റിയാലോളം അവര്‍ക്ക്‌ നല്‍കി. ഇതോടെ ലോക്കറിലുള്ള പണം കിട്ടണമെന്നായി. ലോക്കറിന്‍െറ താക്കോല്‍ ഫോര്‍മാന്‍െറ കൈവശമാണെന്ന്‌ അറിയിച്ചപ്പോള്‍ മുഖത്ത്‌ ആഞ്ഞടിച്ച ഇവര്‍ പ്രവീണിനെ തറയില്‍ തള്ളിവീഴ്‌ത്തി, കൈകള്‍ പിന്നിലേക്ക്‌ വരിഞ്ഞുകെട്ടി. പ്രവീണിനെ ആക്രമിക്കുന്നത്‌ കണ്ട്‌ സമീപമുണ്ടായ ?സെലക്ട്‌? ശാഖയിലെ ഒമാനി ജീവനക്കാരന്‍ പുറത്തേക്ക്‌ ഓടി. അതിനിടെ പെട്രോള്‍ സ്‌റ്റേഷന്‍ ഓഫീസിലെ ലോക്കര്‍ പൊക്കിയെടുത്ത മോഷ്ടാക്കള്‍ സമീപത്തെ കടയിലെ ലോക്കര്‍കൂടി കൈക്കലാക്കി പിക്കപ്പില്‍ സ്ഥലംവിട്ടു.

കടയില്‍ നിന്ന്‌ രക്ഷപ്പെട്ടോടിയ ഒമാന്‍ സ്വദേശി വിവമറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ റോയല്‍ ഒമാന്‍ പൊലീസ്‌ സ്ഥലത്തത്തെി. പൊലീസാണ്‌ ബന്ധനസ്ഥനായി കിടന്നിരുന്ന പ്രവീണിനെ സ്വതന്ത്രമാക്കിയത്‌. പാന്‍റും ടീഷര്‍ട്ടും ധരിച്ച നാലംഗസംഘം മുഖംമൂടിയും കൈയുറകളും ധരിച്ചിരുന്നത്രെ. പൊലീസ്‌ പ്രവീണിനെ ആശുപത്രിയിലത്തെിച്ച്‌ പ്രാഥമിക ശുശ്രൂഷക്ക്‌ വിധേയനാക്കി.

അക്രമിയുടെ അടിയേറ്റ്‌ ഇദ്ദേഹത്തിന്‍െറ കണ്ണിന്‌ നിസാര പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത്‌ നിന്ന്‌ തെളിവുകള്‍ ശേഖരിച്ച പൊലീസ്‌ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക