Image

പെരിയാര്‍ തീരത്ത് പുതിയ രാസവ്യവസായശാലകള്‍ തുറക്കരുതെന്നു കോടതി

Published on 19 June, 2012
പെരിയാര്‍ തീരത്ത് പുതിയ രാസവ്യവസായശാലകള്‍ തുറക്കരുതെന്നു കോടതി
കൊച്ചി: പെരിയാറിലെ രൂക്ഷമായ മാലിന്യപ്രശ്നം കണക്കിലെടുത്ത് എടയാര്‍, ഏലൂര്‍ മേഖലകളില്‍ പുതിയ രാസവ്യവസായങ്ങള്‍ തുറക്കരുതെന്നും മാലിന്യനീക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെതുടര്‍ന്നു പൂട്ടിയ വ്യവസായശാലകള്‍ വീണ്ടും തുറക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ജസ്റീസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും സി.കെ. അബ്ദുള്‍ റഹിമും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി പ്രസിഡന്റ് ഏലൂര്‍ പുരുഷന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്. കമ്പനികളില്‍ നിന്നു തള്ളുന്ന മാലിന്യം പെരിയാറിനെ അനുദിനം വിഷലിപ്തമാക്കുന്നുവെന്നും സമീപത്തുള്ള ജലാശയങ്ങളെയും കിണറുകളെയും ഇതു ബാധിക്കുന്നുണ്െടന്നും സമിതി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2007ല്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകളില്‍ ഇവിടത്തെ ജനങ്ങളില്‍ 46.9 ശതമാനം പേര്‍ക്കു പല തരത്തിലുള്ള രോഗങ്ങള്‍ കണ്െടത്തിയതായി സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നു രണ്ടു ലക്ഷം രൂപയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയെങ്കിലും 30,000 രൂപയടെ ഇന്‍ഷുറന്‍സ് മാത്രമാണു ലഭിച്ചത്. കായലും പുഴയും ഒരുമിച്ചു കിടക്കുന്ന സാഹചര്യത്തില്‍ വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഉപ്പുവെള്ളം പുഴയിലേക്കു കയറുന്നു. രാസമാലിന്യങ്ങള്‍ ചേര്‍ന്ന പെരിയാറിലെ ജലത്തില്‍ ഉപ്പുവെള്ളം കൂടി ചേരുമ്പോള്‍ കൂടുതല്‍ വിഷലിപ്തമാകുന്നു. ഇതൊഴിവാക്കാന്‍ പാതാളത്തു സ്ഥിരം ബണ്ടു വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക