Image

അമ്മയ്ക്കായ് ; അഞ്ജു അരുൺ

Published on 08 March, 2021
അമ്മയ്ക്കായ് ; അഞ്ജു അരുൺ
ഇന്ന് വനിതാ ദിനം... ഈ ദിനം ഞാൻ എന്റെ അമ്മയ്ക്ക് സമർപ്പിക്കുന്നു.... 

എന്നെ സ്വാധീനിച്ച വനിത- അതെന്റെ അമ്മയാണ്.... 

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എന്നെ ഞാനാക്കി മാറ്റിയ എന്റെ അമ്മ.. 
അംഗവൈകല്യമുള്ള  എന്റെ പപ്പയെ പൂർണ്ണമനസോടെ സ്വീകരിച്ചുകൊണ്ട്, അദ്ദേഹത്തെ പരിപാലിച്ചു പോരുന്ന എന്റെ അമ്മ.... 

വിവാഹശേഷം ഏറെ നാൾ കാത്തിരുന്നിട്ടും ഒരു കുഞ്ഞിനെ ലഭിക്കാതിരുന്നപ്പോൾ എല്ലാവരുടെയും കുറ്റപ്പെടുത്തലും പരിഹാസവും കേട്ടിട്ടും തളരാതെ പ്രാർത്ഥനയോടെ കാത്തിരുന്നവളായിരുന്നു എന്റെ അമ്മ... 

ഒടുവിൽ പ്രാർത്ഥനകളുടെ  ഫലമെന്നോണം എന്റെ ജനനം... 
പക്ഷെ... ആ സന്തോഷത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല. പപ്പയെ പോലെ  എനിക്കും ചെറിയ വൈകല്യമുണ്ടെന്ന്  തിരിച്ചറിഞ്ഞ നിമിഷം... ആ സമയം എന്തു മാത്രം ആ പാവം വേദനിച്ചിട്ടുണ്ടാവും.  

എന്നും പലവിധ അസുഖങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന തന്റെ മകളെയും കൊണ്ടു തനിയെ  ആശുപത്രികൾ കയറിയിറങ്ങുമ്പോൾ എന്റെ അമ്മ ഒരിക്കലും വിധിയെ പഴിച്ചില്ല. 

എന്റെ കുഞ്ഞുനാളിൽ സ്കൂളിൽ നിന്നും  കൂട്ടുകാരുടെ കളിയാക്കലുകളിൽ സങ്കടപ്പെട്ടു വീട്ടിൽ ചെല്ലുന്ന ഞാൻ പലതവണ ചോദിച്ചിട്ടുണ്ട് അമ്മ എന്തിനാ ഈ പപ്പായെ കല്യാണം കഴിച്ചത്... അതുകൊണ്ട് അല്ലെ എന്റെ കൈ ഇങ്ങനെയായത് , വേറെ പപ്പായെ കല്യാണം കഴിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും വരില്ലാരുന്നല്ലൊ എന്ന്...   അപ്പൊ എന്റെ അമ്മ പറഞ്ഞത്  ഇങ്ങനെയാണ്... ഈശോയ്ക്ക് ഒരുപാട് ഇഷ്ടം ഉള്ളവർക്കാണ് ഈശോ ഇങ്ങനെ കുറവുകൾ നൽകുന്നത് ... മോളെയും പപ്പയെയും  ഈശോയ്ക്ക് ഒരുപാട് ഇഷ്ടം ആയതുകൊണ്ടാണ് ഇങ്ങനെ... 
പിന്നേ മോൾക്ക് ഒരു കൈക്ക് സ്വാധീനം കുറവുണ്ട് എന്നല്ലേയുള്ളൂ... അല്ലാതെ വേറെ ഒരു കുഴപ്പവുമില്ലല്ലൊ... പിന്നേ ആ കുറവ് നികത്താൻ ഈ അമ്മയില്ലേ മോൾക്കൊപ്പം... 
ആ വാക്കുകൾ ആയിരുന്നു എന്റെ ജീവിതത്തിൽ ഞാൻ നേടിയ ഓരോ വിജയത്തിനും പിന്നിൽ... 

ജീവിതവഴിയിൽ ഞാൻ തളർന്നു പോയേക്കാവുന്ന പല അവസരങ്ങളും കടന്നുവന്നു.. അപ്പോഴൊക്കെ തളരരുത് എന്നുപറഞ്ഞു എന്നെ ചേർത്ത് പിടിച്ചവളായിരുന്നു എന്റെ അമ്മ... 
ആത്മഹത്യയുടെ മുനമ്പിൽ എത്തിപ്പെട്ടപ്പോളും, മനസിന്റെ താളം തന്നെ തെറ്റിപ്പോയെക്കാവുന്ന അവസ്ഥയിലും ഞാൻ എത്തിപ്പെട്ടപ്പോൾ തളരാതെ എന്നെ ചേർത്ത് നിർത്തിയവളാണ് എന്റെ അമ്മ... 
എന്റെ ജീവിതത്തിലേ ഉയർച്ചയിലും താഴ്ച്ചയിലും എന്നും എനിക്ക് ഒപ്പം ഉണ്ട് എന്റെ അമ്മ.

ഏതു വിഷമവും മറക്കുവാൻ അമ്മയുടെ ഒരു ഫോൺ കാൾ മതി എനിക്ക്... ആ സ്വരം ഒന്നു കേട്ടാൽ എന്റെ വിഷമങ്ങളെല്ലാം ഞാൻ പോലും അറിയാതെ അലിഞ്ഞു പോകും. 

ഇപ്പോഴും പപ്പയുടെയും എന്റെയും കുറവുകൾ നികത്തി ഞങ്ങളെ തളരാതെ ചേർത്ത് നിർത്തി ഞങ്ങൾക്ക് കരുത്തു പകരുന്ന എൻറെ അമ്മയാണ് എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ച വനിത.... 

Lv u mummy
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക