Image

ഓസ്കാറിലേക്കുള്ള ഒരു കടമ്ബ കൂടി കടന്ന് ' മ് '

Published on 26 February, 2021
ഓസ്കാറിലേക്കുള്ള ഒരു കടമ്ബ കൂടി കടന്ന് ' മ് '
ഓസ്കാര്‍ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള 'മ് ( സൗണ്ട് ഓഫ് പെയിന്‍ ) എന്ന ചലച്ചിത്രവും. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്.

കുറുമ്ബ ഭാഷയിലുള്ള ഇന്ത്യയില്‍നിന്നുള്ള ആദ്യസിനിമ കൂടിയാണ് ഹോളിവുഡ് സംവിധായകന്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച്‌ വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോള്‍ താരം ഐ എം വിജയനാണ്.

സ്ക്രീനിംഗ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ഈ ചിത്രം ഇപ്പോള്‍ കാണുവാനുള്ള സൗകര്യം ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ലോസ് എഞ്ചല്‍സില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന ഗാതര്‍ ഫിലിംസ് അവരുടെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 21 മുതല്‍ 27 വരെ നടത്തുന്ന പ്രദര്‍ശനമാണ് പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുക. https://gathr.us/screening/31737 എന്ന ലിങ്ക് വഴി പുലര്‍ച്ചെ 7:30, 5:00, 2:30 എന്നീ സമയങ്ങളില്‍ ഉള്ള പ്രദര്‍ശനങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കാണുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മെയിന്‍ സ്ട്രീം കാറ്റഗറിയില്‍ ' ഏറ്റവും മികച്ച ചിത്രം ' എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രധാനമായും മത്സരിക്കുന്നത്.

തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ കുറുമ്ബ ഗോത്രത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം വനത്തില്‍ തേനിന് ദൗര്‍ലഭ്യമുണ്ടാകുന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടര്‍ന്നുള്ള കഥാതന്തു.

 കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് 'മ്..'.  

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ' സംസ്കൃത ഭാഷയിലുള്ള നമോ , നേതാജി ( ഇരുള ) തുടങ്ങിയ ചലച്ചിത്രങ്ങള്‍ രണ്ടായിരത്തി പത്തൊന്‍പതിലും ഇരുപതിലും ഇഫി ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍പത്തിയൊന്ന് മണിക്കൂറുകള്‍കൊണ്ട് വിശ്വഗുരു എന്ന സിനിമ പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക